.

.

Tuesday, February 2, 2010

കറുപ്പന്‍ തേന്‍കിളി

ഭംഗിയുള്ള ഒരു കൊച്ചു പക്ഷിയാണ് കറുപ്പന്‍ തേന്‍കിളി. ആണ്‍പക്ഷിയ്ക്ക് നീലകലര്‍ന്ന കറുപ്പ് നിറവും പെണ്‍പക്ഷിയ്ക്ക് പച്ചകലര്‍ന്ന ഇരുണ്ട നിറവുമാണ്.

പേര് സൂചിപ്പിക്കുംപോലെ തേന്‍ കുടിക്കാന്‍ അനുയോജ്യമായ കൂര്‍ത്ത് വളഞ്ഞ കൊക്ക് കറുപ്പന്‍ തേന്‍ കിളിയുടെ ഒരു സവിശേഷതയാണ്. ഏറെക്കുറെ ചെറുതേന്‍കിളിയുടെ അത്രതന്നെ വലുപ്പമേ ഇവയ്ക്കുള്ളൂ.

വേഗത്തില്‍ പറക്കാനുള്ള കഴിവും പൂവില്‍ നിന്നും പൂവിലേയ്ക്ക് ചാടിച്ചാടി എത്താനുമുള്ള കഴിവും കറുപ്പന്‍ തേന്‍കിളിയ്ക്കുണ്ട്. പൂവിനു മുകളില്‍ കാറ്റ് ചവിട്ടി നില്‍ക്കുന്നതുപോലെ വായുവില്‍ പറന്നുനില്‍ക്കാന്‍ ഇവയ്ക്ക് കഴിയും. ശരിക്കും ഒരു അഭ്യാസിയെപ്പോലെ.

മനോഹരമായ ശബ്ദമാണ് കറുപ്പന്‍ തേന്‍കിളിയുടേത്. ഒറ്റയ്ക്കും കൂട്ടത്തോടെയും ഇവ സഞ്ചരിക്കാറുണ്ട്. തേനും പ്രാണികളുമാണ് പ്രധാന ഇര. വനങ്ങളിലും നാട്ടിലെ തോട്ടങ്ങളിലും കറുപ്പന്‍ തേന്‍കിളികളെ കാണാനാകും. മരക്കൊമ്പിലാണ് ഇവ കൂട് കൂട്ടുന്നത്.

======================================================================

കരിതപ്പി

കാഴ്ചയ്ക്ക് ചക്കിപ്പരുന്തിനോട് സാമ്യമുണ്ടെങ്കിലും ചക്കിപരുന്തിനോളം വലുപ്പമില്ലാത്ത പക്ഷിയാണ് കരിതപ്പി. വിളനോക്കി എന്നും ഇവയ്ക്ക് പേരുണ്ട്.

ചതുപ്പിലും വെള്ളക്കെട്ടുള്ള മേഖലയിലുമാണ് ഇവയുടെ താമസം. വേനല്‍ക്കാലത്ത് യൂറോപ്പ് മുതല്‍ സൈബീരിയ വരെ ഊരുചുറ്റാന്‍ പോകും. ശൈത്യകാലത്ത് ഇവ ഏഷ്യയുടെ ദക്ഷിണമേഖലയിലെത്താറുണ്ട്. ആ സമയത്ത് ഇന്ത്യയുടെ വിവിധ ഭാഗത്തും കേരളത്തിലും ഇവയെ കാണാം.

കറുത്തിരുണ്ട നിറവും വലിയ ചിറകുമാണ് പെണ്‍പക്ഷിയ്ക്ക്. ആണ്‍പക്ഷിയ്ക്ക് ചാരനിറമാണ്. കുഞ്ഞുങ്ങള്‍ക്കാവട്ടെ കറുപ്പുനിറവും.

തവള, മത്സ്യം, ഇഴജന്തുക്കള്‍, മറ്റു പക്ഷിക്കുഞ്ഞുങ്ങള്‍ എന്നിവയാണ് മുഖ്യ ഭക്ഷണം. സഞ്ചാരം ഒറ്റയ്ക്കാണ്. രാത്രി വിശ്രമിക്കുക പാറയിലോ നിലത്തോ ആയിരിക്കും. മരങ്ങളില്‍ വിശ്രമിക്കുന്നത് വിരളമാണ്. നിലത്തോ പാറയുടെ മുകളിലോ ആണ് ഇവ കൂടുണ്ടാക്കുക. ഹിമാലയത്തിനിപ്പുറമുള്ള പ്രദേശങ്ങളില്‍ ഇവ കൂടുകൂട്ടുന്നതായി അറിവായിട്ടില്ല. നീര്‍ത്തടങ്ങളുടെ കുറവ് ഇവയുടെ കേരള സന്ദര്‍ശനത്തെ ബാധിച്ചിട്ടുണ്ട്.

======================================================================

കോഴി വേഴാമ്പല്‍

പശ്ചിമഘട്ടത്തില്‍ മാത്രം കണ്ടുവരുന്ന അപൂര്‍വമായ ഒരു പക്ഷിയാണ് കോഴിവേഴാമ്പല്‍. കേരളത്തിലെ സൈലന്റ് വാലി, തട്ടേക്കാട്, തേക്കടി, ആറളം തുടങ്ങിയ വന്യജീവിസങ്കേതങ്ങളില്‍ ഇവയെ കാണാം.

കോഴിവേഴാമ്പലിന്റെ ദേഹം ആകെക്കൂടി കറുപ്പ് നിറമാണ്. ആണ്‍പക്ഷിയുടെ ചുണ്ടിന് ചുവപ്പുകലര്‍ന്ന ഓറഞ്ചുനിറവും പെണ്‍പക്ഷിയുടേതിന് മഞ്ഞനിറവുമാണ്. നീണ്ട കൊക്കാണിവയ്ക്ക്. വാല്‍ ഉള്‍പ്പെടെ രണ്ടടിയോളം നീളമുള്ള ഈ പക്ഷിയുടെ പരന്ന വാലില്‍ അവിടവിടെ ചില വെള്ളവരകള്‍ ഉണ്ടായിരിക്കും.

മിക്കപ്പോഴും ഇണയോടൊപ്പം സഞ്ചരിക്കുന്ന കോഴിവേഴാമ്പലിനെ ശബ്ദം കൊണ്ട് എളുപ്പത്തില്‍ തിരിച്ചറിയാം. പഴങ്ങളും പ്രാണികളും മറ്റുമാണ് പ്രധാനഭക്ഷണം. വന്മരങ്ങളിലാണ് ഇവ മുട്ടയിടുക. കൂട് സുരക്ഷിതമാക്കാനായി ഇവ കൂടിന്റെ ദ്വാരം അടയ്ക്കാറുണ്ട്. കുഞ്ഞുങ്ങള്‍ക്ക് ആണ്‍പക്ഷി ഭക്ഷണമെത്തിക്കും. മനുഷ്യസാമീപ്യമാണ് വേഴാമ്പലുകള്‍ക്ക് ഏറ്റവുമധികം ബുദ്ധിമുട്ട് ഉണ്ടാക്കുന്നത്. വന്മരങ്ങളുടെ കുറവും ഇവയുടെ ആവാസത്തെ ബാധിക്കുന്നു.

======================================================================

കാട്ടൂഞ്ഞാലി

ആകൃതിയിലും സ്വഭാവത്തിലും നാട്ടിലെ ഓലേഞ്ഞാലികളോട് വളരെ സാദൃശ്യമുള്ള കിളിയാണ് കാട്ടുഞ്ഞാലി. ഒലേഞ്ഞാലിയേക്കാള്‍ വലുപ്പത്തിലും നിറത്തിലും വ്യത്യാസമുണ്ടെന്നുമാത്രം.

ലോകത്തില്‍ പശ്ചിമഘട്ടത്തില്‍ മാത്രമേ ഈ പക്ഷിയെ കാണാനാകൂ. നിത്യഹരിതവനങ്ങളും ചോലവനങ്ങളുമാണ് ഇവയുടെ പ്രിയസങ്കേതങ്ങള്‍.

നീളമുള്ള വാലും ബലമുള്ള കാലും കൊക്കും വേഗത്തില്‍ പറക്കാനുള്ള കഴിവുമാണ് മറ്റു കിളികളില്‍ നിന്ന് കാട്ടുഞ്ഞാലിയെ വ്യത്യസ്തമാക്കുന്നത്. ഇവയിലെ ആണിനും പെണ്ണിനും നിറവ്യത്യാസമില്ല.

ഓലേഞ്ഞാലിയേക്കാള്‍ ഉച്ചത്തിലുള്ളതാണ് ഇവയുടെ ശബ്ദം. ഇവ ആനറാഞ്ചിപക്ഷികളുടെ ശബ്ദം അനുകരിക്കാറുണ്ട്. വൃക്ഷങ്ങളില്‍ തുള്ളിച്ചാടി നടക്കുന്ന കാട്ടൂഞ്ഞാലിയുടെ ഭക്ഷണം ഷഡ്പദങ്ങളും പഴങ്ങളും മറ്റുമാണ്. ഉയര്‍ന്ന മരങ്ങളിലാണ് ഇവ കൂടുകൂട്ടുക. മനുഷ്യവാസമുള്ളിടത്ത് ഇവ കൂടുകെട്ടില്ല. കൂടുകളുടെ കാര്യത്തിലും ഇവയ്ക്ക് ഓലേഞ്ഞാലികളോട് സാദൃശ്യമുണ്ട്. ഒരു തവണ നാലു മുട്ടകള്‍ വരെ ഇടുന്ന ഇവയുടെ മുട്ടയ്ക്കു പച്ച കലര്‍ന്ന വെള്ളനിറമാണ്. മുട്ടയില്‍ ചുവപ്പ്, തവിട്ട് കുത്തുകളുമുണ്ടാവും.

======================================================================

ഓമനപ്രാവ്

പേരില്‍ മാത്രമല്ല, കാഴ്ചയിലും ഓമനത്തമുള്ള പക്ഷി. അതാണ് ഓമനപ്രാവ്. പ്രാവ് വര്‍ഗത്തിലെ മനോഹരമായ ഈ പക്ഷി പശ്ചിമഘട്ടത്തിലെ അന്തേവാസിയാണ്.

ഏത് പെയിന്റ് കമ്പനിയുടെയും ബ്രാന്‍ഡ് അംബാസഡറാക്കാം ഓമനപ്രാവിനെ. അത്രയ്ക്ക് നിറപകിട്ടാര്‍ന്ന പക്ഷിയാണിത്. ആണ്‍പക്ഷിക്ക് നെറ്റിയും തലയും വെള്ളനിറം. കഴുത്ത് ചാരനിറം. ചിറകും പുറവും കടുത്ത പച്ചനിറം. വെയില്‍ അടുക്കുമ്പോള്‍ ഈ പച്ചനിറത്തിന് തിളക്കമുണ്ടാവും. അടിഭാഗം ചുലപ്പുകലര്‍ന്ന ചാരനിറം.

ഓമന പ്രാവിന്റെ നെറ്റിയില്‍ ഭംഗിയുള്ള വെളുത്ത അടയാളമുണ്ടാകും. ആണ്‍പക്ഷിയുടെ തോളിലുമുണ്ട് ഒരു വെള്ളപ്പാട്. ഇവയുടെ കൊക്കും കാലുകളും ചുവപ്പ് നിറത്തിലാണ്. വാലിനോടു ചേര്‍ന്ന് കറുപ്പും വെള്ളയും നിറങ്ങളുണ്ട്.

നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ സാധാരണ കാണുന്ന അമ്പലപ്രാവിനേക്കാള്‍ അല്‍പം ചെറുതാണ് ഓമനപ്രാവ്. ഇവയുടെ ദേഹം തടിച്ചുരുണ്ടതാണ്. കേരളത്തിലെ മിക്കവാറും കാടുകളില്‍ ഇവയെ കാണാം. നിലത്തു നടന്ന് ഇരതേടാനാണ് ഇവയ്ക്കു താല്‍പര്യം. ഒറ്റയ്ക്കും ഇണയോടൊപ്പവുമാണ് സഞ്ചാരം. മനുഷ്യനെ കാണുന്ന മാത്രയില്‍ അതിവേഗത്തില്‍ ഇവ പറപറക്കും. ധാന്യങ്ങളാണ് പ്രധാനാഹാരം.

സാധാരണ പ്രാവുകളെപോലെ ശബ്ദിക്കാറില്ല എന്നതാണ് ഓമനപ്രാവുകളുടെ മറ്റൊരു പ്രത്യേകത.

======================================================================

No comments:

Post a Comment

Related Posts Plugin for WordPress, Blogger...
"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക