.

.

Tuesday, November 22, 2011

മധുരനൊമ്പരക്കാറ്റ്, വൃശ്ചിക കാറ്റ്

തൃശൂര്‍: പുലര്‍വേളയില്‍ ആടിയുലഞ്ഞൊരു വരവാണ്. കുളിരും തഴുകി വരുന്ന ആ വരവില്‍ പൂക്കളുടെ ഗന്ധവും ഇലകളുടെ മര്‍മരവും ഉണ്ടാവും. ഇതു വൃശ്ചിക കാറ്റ്... വൃശ്ചിക മാസത്തിന്റെ വരവ് അറിയിക്കുന്നതു വൃശ്ചിക കാറ്റാണ്, പാലക്കാടന്‍ ചുരം കടന്നെത്തുന്ന മധുരനൊമ്പരക്കാറ്റ്. വൃശ്ചിക മാസത്തില്‍ ഈ കാറ്റൊന്നനുഭവിക്കാതെ കടന്നുപോവുക ആര്‍ക്കും സാധ്യമല്ല. വര്‍ഷംതോറും വൃശ്ചികത്തിന്റെ വരവറിയിക്കുന്ന ഈ കാറ്റിനുമുണ്ട് ഏറെ പ്രത്യേകതകള്‍. നവംബര്‍ പകുതിയോടെ ആരംഭിക്കുന്ന കാറ്റ് ഡിസംബര്‍, ജനുവരി മാസങ്ങളില്‍ ശക്തി പ്രാപിച്ച് ഫെബ്രുവരിയില്‍ പിന്‍വാങ്ങുന്നു. സൈബീരിയന്‍ ഹൈ എന്ന കാറ്റിന്റെ ഭാഗമാണ് വൃശ്ചിക കാറ്റ്. പുലര്‍കാലങ്ങളിലാണ് കാറ്റിന് തണുപ്പും തീവ്രതയുമേറുന്നത്.

തമിഴ്നാട്ടില്‍നിന്ന് പാലക്കാട് ചുരം വഴി കേരളത്തില്‍ പ്രവേശിക്കുന്ന കാറ്റ് തമിഴ്നാട്ടില്‍നിന്നുള്ള ഈര്‍പ്പം കൊണ്ടുവരുന്നു. അതുകൊണ്ട് കേരളത്തിലും കാറ്റിന് തണുപ്പനുഭവപ്പെടുന്നു. തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് വൃശ്ചിക കാറ്റ് അനുഭവപ്പെടുന്നത്. തൃശൂരിലെ കായല്‍പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് തീവ്രത കുറയുന്നതിനാല്‍ മറ്റു ജില്ലകളിലേക്ക് ഇതു പ്രവേശിക്കുന്നില്ല. അതുകൊണ്ട് മറ്റു ജില്ലക്കാര്‍ക്ക് ഈ കാറ്റ് അനുഭവപ്പെടാറില്ല.

കാറ്റിന്റെ വേഗം മണിക്കൂറില്‍ ശരാശരി ഒന്‍പതു മുതല്‍ 10 കിലോമീറ്റര്‍ വരെയാണ്. വാഴ, കപ്പ, നെല്ല് തുടങ്ങിയവയെ ഇൌ വേഗം സാരമായി ബാധിക്കുന്നു. കാറ്റിന്റെ തീവ്രതയനുസരിച്ച് നാശനഷ്ടത്തിന്റെ വ്യാപ്തിയും

കൂടുന്നു. കിഴക്കുനിന്ന് പടിഞ്ഞാറു ഭാഗത്തേക്കാണു കാറ്റിന്റെ ദിശ എന്നതിനാല്‍ ഇതിനെ കിഴക്കന്‍ കാറ്റെന്നും വിശേഷിപ്പിക്കുന്നു. മനുഷ്യന്റെ ചര്‍മത്തിനും ഇതു ദോഷം ചെയ്യാറുണ്ട്. വരണ്ടുണങ്ങുന്നതും വിണ്ടുകീറുന്നതും ഈ മാസങ്ങളില്‍ അധികമാണ്. അതുകൊണ്ട് ഇതിനെ വരണ്ട കാറ്റെന്നും വിളിക്കുന്നു. ഈ സമയങ്ങളില്‍ സാധാരണയായി മഴ ഉണ്ടാവാറില്ല.

22.11.2011 Manoramaonline Thrissur News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക