.

.

Saturday, April 9, 2011

ആരോഗ്യ സംരക്ഷണത്തിന് ഔഷധ ഉദ്യാനം

ആരോഗ്യ സംരക്ഷണത്തില്‍ ഔഷധസസ്യങ്ങളുടെ സ്ഥാനം ഒഴിച്ചുകൂടാനാകാത്തതാണ്. ആധുനിക വൈദ്യശാസ്ത്രത്തിന്‍റെ പുരോഗതി തന്നെ സസ്യങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഒരുകാലത്ത് ഔഷധസസ്യങ്ങളുടെ ഒരു കലവറ ആയിരുന്ന നമ്മുടെ സംസ്ഥാനത്ത് നിന്ന് ഔഷ സസ്യങ്ങള്‍ അതിവേഗത്തില്‍ അപ്രത്യക്ഷമായി കൊണ്ടിരിക്കുകയാണ്. ഔഷധ സസ്യങ്ങളെ മനോഹരങ്ങളായ ഉദ്യാനങ്ങളായി വളര്‍ത്തിയെടുക്കാവുന്നതാണ്. ഇത് വീടിനു മോടി കൂട്ടുക മാത്രമല്ല മാനസികമായ ഉല്ലാസത്തിനും സന്തോഷത്തിനും കാരണമാകുകയും നമ്മുടെ പരിസരത്തെ ഔഷധ സമ്പന്നമാക്കുകയും ചെയ്യും.
ഉദ്യാനത്തിന് ശോഭ വര്‍ധിപ്പിക്കുന്ന വിവിധതരം ഔഷധസസ്യങ്ങള്‍ ഉദ്യാനത്തില്‍ വളര്‍ത്താവുന്നതാണ്. ഉദ്യാനത്തിന്റെ പ്രധാന ഘടകങ്ങളായ മരങ്ങള്‍, കുറ്റിച്ചെടികള്‍, വാര്‍ഷികസസ്യങ്ങള്‍, പുല്‍ത്തകിടി, മുള, വേലി, പടര്‍ന്നു വളരുന്ന ചെടികള്‍, ഉദ്യാനത്തിന്റെ മുകളില്‍ വളച്ചു പടര്‍ത്തിവിടുന്ന ചെടികള്‍ , പല ആകൃതികളില്‍ മുറിച്ചു വളര്‍ത്തുന്ന സസ്യങ്ങള്‍ , കുള്ളന്‍ വൃഷങ്ങള്‍ മുതലായവ നിര്‍മ്മിക്കാന്‍ പറ്റിയ പലയിനം ഔഷധസസ്യങ്ങള്‍ ലഭ്യമാണ്.
ഈ സസ്യങ്ങള്‍ ഉപയോഗിച്ച് വളരെ ആകര്‍ഷകമായ ഉദ്യാനം ഉണ്ടാക്കിയെടുക്കുവാന്‍ സാദിക്കും.നല്ല പച്ചപ്പ് കൊണ്ടും , ഇലകളുടെ ആകൃതിവിശേഷം കൊണ്ടും , ക്രമീകരണം കൊണ്ടും ആകര്‍ഷിക്കപ്പെടുന്ന തുജ , ഞാവല്‍ , അണലിവേഗം മുതലായ ഔഷധസസ്യങ്ങള്‍ ഇലകളുടെ ഭംഗിക്കുവേണ്ടിയും നല്ല ആകര്‍ഷകമായ പൂക്കളുള്ള അശോകം, കണിക്കൊന്ന, രാജമല്ലി , മന്ദാരം , മുതലായവയും , തണല്‍ നല്‍കുന്ന മരങ്ങളായ വേപ്പ് , കരിങ്ങാലി ,നെല്ലി മുതലായവയും ഉദ്യാനത്തില്‍ വെച്ച് പിടിപ്പിക്കാവുന്നതാണ്. പലനിറത്തിലുള്ള പൂക്കള്‍ ഉണ്ടാകുന്ന കുറ്റിചെടികളായ ചെത്തി , ചെമ്പരത്തി , കൊടുവേലി , നന്ത്യാര്‍വട്ടം , മാതളനാരകം മുതലായവ ഉദ്യാനത്തിനു വര്‍ണഭംഗി കൂട്ടുന്നവയാണ്. നയനാകര്‍ഷകമായ പച്ചപുല്‍ത്തകിടികള്‍ കറുകപ്പുല്ല് ഉപയോഗിച്ചു നിര്‍മ്മിക്കാവുന്നതാണ്. ചുരുങ്ങിയ കാലം മാത്രം നില്‍ക്കുന്ന നിത്യകല്യാണി , കോഴിവാലന്‍ മുതലായവ ഉപയോഗിച്ചുള്ള പൂമെത്ത ഉദ്യാനത്തിന് മോടി കൂട്ടുന്നവയാണ് .
പടര്‍ന്നു വളരുന്ന ശംഖുപുഷ്പം , ശതാവരി , മുതലായവയും ഉദ്യാനത്തിന് മോടി കൂട്ടുന്നവയാണ് . ഉദ്യാനത്തിന് ചുറ്റും ഔഷധസസ്യങ്ങള്‍ കൊണ്ട് വേലി ഉണ്ടാക്കാം . ആടലോടകം , ചെറുതേക്ക് , കരിനൊച്ചി ,തുടങ്ങിയവ വേലിയായി വളര്‍ത്താം ഇടയ്ക്കിടയ്ക്ക് വേലിക്കലായി പതിമുഖവും ഇവയില്‍ കയര്‍ വരിഞ്ഞതുപോലെ ശതാവരിയും പടര്‍ത്തിവിടാം. ഉദ്യാനതിനകത്ത് പാതയോരങ്ങളില്‍ കുറ്റിച്ചെടികള്‍ ഉപയോഗിച്ച് ചെറിയ വേലികള്‍ ഉണ്ടാക്കുവാന്‍ മയിലാഞ്ചി ഉപയോഗിക്കാം .
മാന്‍ , മയില്‍ , മുയല്‍ മുതലായ പല ആകൃതികളില്‍ സസ്യങ്ങളെ വളര്‍ത്തിയെടുക്കുന്ന ടോപ്പയേരി എന്നറിയപ്പെടുന്ന അലഗാരത്തിന് യോജിച്ച ഔഷധസസ്യങ്ങള്‍ ആണ് തുജ, മയിലാഞ്ചി മുതലായവ. ഉദ്യാനത്തിലെ മരങ്ങള്‍ക്ക് ചുറ്റും ഉള്ള തറ 15-30 ഇഞ്ച് ഉയരത്തില്‍ സിമെന്റ്‌കൊണ്ട് കെട്ടിയെടുത്ത് അതില്‍ പൂചെട്ടികള്‍ വളര്‍ത്തിയ ചെടികള്‍ അടുക്കി വെയ്ക്കുന്ന രീതിയാണ് ട്രോപ്പി എന്നാ പേരില്‍ അറിയപ്പെടുന്നത്.
തണല്‍ ഇഷ്ടപ്പെടുന്നവയും പൂചെട്ടികളില്‍ വളര്‍ത്തുന്നവ ആരോഗ്യപച്ച , പനികുര്‍ക്ക ,സര്‍പ്പഗന്ധി , കച്ചോലം മുതലായവ ഇതിനായി ഉപയോഗിക്കാം.പ്രകൃതിദത്തമായ പാറക്കെട്ടുകളും കല്ലുകളില്‍ ഇടകലര്‍ന്ന് വളര്‍ന്ന് നില്‍ക്കുന്ന വൃക്ഷലതാദികള്‍ അടങ്ങുന്ന ദൃശ്യമാണ് രോക്കറി .
ഔഷധസസ്യങ്ങള്‍ ആയ കറ്റാര്‍വാഴ , കല്ലിമുള്‍ചെടികള്‍ മുതലായവ ഇതിനു അനുയോജ്യമാണ് .കുള്ളന്‍ വൃക്ഷങ്ങളായി അരയാല്‍ , പേരാല്‍ , മുതലായവ വളര്‍ത്തി ഉദ്യാനത്തിന്റെ മോടി വര്‍ധിപ്പിക്കാവുന്നതാണ് . മേല്‍ പറഞ്ഞ രീതിയില്‍ ഓരോ വീട്ടിലും ഒരു ഔഷധോദ്യാനം നിര്‍മ്മിക്കുന്നത് മാനസികോല്ലാസത്തിനും ആരോഗ്യസംരക്ഷനതിനും കാരണമാകും.



കൂവളം ഒരു സര്‍വ്വ രോഗ സംഹാരി
ശിവാരാധനയിലെ അനിവാര്യ ഘടകമായ വില്വം അഥവാ കൂവളം, ബംഗാള്‍, ക്യൂന്‍സ്, ഗോള്‍ഡന്‍ ആപ്പിള്‍, സ്‌റ്റോണ്‍ ആപ്പിള്‍ എന്നൊക്കെ അറിയപ്പെടുന്നു. ഇംഗ്ലീഷില്‍ ബേല്‍ ട്രീ എന്ന പേരിലറിയപ്പെടുന്ന കൂവളത്തിന്റെ ശാസ്ത്രനാമം എയ്ജല്‍ മാര്‍മെലോസ്  എന്നാണ്.
റൂട്ടേസിയേ  കുടുംബാംഗമായ ഇതിന് ശാണ്ഡില്യം, ശൈലൂഷ, സദാഫല ഗ്രന്ഥില എന്നിങ്ങനെ പര്യായങ്ങളുണ്ട്. ശ്രീ പരമേശ്വരന് ഏറ്റവും ഇഷ്ടപ്പെട്ട വൃക്ഷമാണ് കൂവളം എന്നതുകൊണ്ട് ശിവദ്രുമം എന്ന പേരിലും ഈ വൃക്ഷം അറിയപ്പെടുന്നു.
ഉഷ്ണവീര്യമാണ് കൂവളത്തിനുള്ളത്. കൃമിഹരവും അതീവ വിഷശമന ശക്തിയുമുള്ളതാണ് കൂവളം. വിഷം കഴിച്ച് നീലകണ്ഠനാവുകയും പാമ്പുകളെ മാലയായി ധരിക്കുകയും ചെയ്യുന്ന ശിവന് കൂവളം പ്രിയങ്കരമാവുന്നത് ഈ വൃക്ഷത്തിന്റെ ഗുണവിശേഷത്തെ പ്രതീകാത്മകമായി പറയാം. ഒരു വില്വപത്രം കൊണ്ടു ശിവാര്‍ച്ചന നടത്തുന്നത് കോടിക്കണക്കിനു യജ്ഞങ്ങള്‍ ചെയ്ത ഫലത്തെ നല്കുന്നു. വഴിപാടുകള്‍ക്കായി അനേകായിരങ്ങള്‍ ചെലവഴിക്കപ്പെടുമ്പോള്‍ ദരിദ്രന് ഈശ്വരാനുഗ്രഹവും ആത്മ സംതൃപ്തിയും നേടാന്‍ കൂവളം സഹായിക്കുന്നു.
12-15 മീറ്റര്‍ ഉയരത്തില്‍ വളരുന്ന കൂവളത്തില്‍ മുഴുവനായും മൊട്ടുസൂചി പോലുള്ള മുള്ളുകളുണ്ട്. സുഗന്ധവാഹിയായ കൂവള പുഷ്പം ഹരിതവര്‍ണ്ണത്തോടുകൂടിയതാണ്. മൂന്നിലകള്‍ ഒത്തുചേര്‍ന്ന ഒരു സംയുക്ത പത്രമാണ് ഓരോ ഇലയും. മാതളത്തോട് സാദൃശ്യമുള്ള കായയ്ക്ക് പച്ചനിറവും കട്ടിയുള്ള പുറംതോടുമുണ്ട്.
കായ ഉരുണ്ടതും അഞ്ചുമുതല്‍ പന്ത്രണ്ടു സെ.മീ. വരെ വ്യാസമുള്ളതുമാണ്. പച്ച നിറമുള്ള ഇവ പാകമാകുന്നതോടെ ഇളം മഞ്ഞനിറമാകുന്നു. ഇതിന്റെ തോടിനു നല്ല കട്ടിയുണ്ട്. മെയ്, ജൂണ്‍ മാസങ്ങളില്‍ ഫലങ്ങള്‍ ധാരാളമുണ്ടാകും ജൂണ്‍ പകുതിമുതല്‍ ജൂലൈ ആദ്യ രണ്ടാഴ്ചകള്‍ വരെ നല്ലവണ്ണം പുഷ്പിക്കുന്ന സമയമാണ്. ഈ വൃക്ഷത്തിന്റെ പേരില്‍ സാന്‍തോടോക്‌സിന്‍, അബിലിഫെറോണ്‍, മാര്‍ മേസിന്‍, മാര്‍മിന്‍, സ്കിമ്മിന്‍, തുടങ്ങിയവയും കാതലില്‍ ഫുറോക്യനോലിന്‍, മാര്‍ മേസിന്‍, ബിസിറ്റോസ്‌നിറോള്‍ എന്നിവയും ഇലകളില്‍ ഐജലിന്‍, ഐജലിനില്‍, ബിഫെലാന്‌െ്രെഡര്‍ എന്നിവയും അടങ്ങിയിരിക്കുന്നു. പഴുത്ത കായുടെ അകത്തെ മാംസളഭാഗത്ത് എമ്പറട്ടോറിയം ‘എ’ എന്നും എമ്പറട്ടോറിയം ‘ബി’ എന്നും പേരുള്ള രണ്ടു പദാര്‍ത്ഥങ്ങളുണ്ട്. ഇവ ഉദര കൃമിനാശകമായി പ്രവര്‍ത്തിക്കുന്നു.
പഴുക്കാത്ത ഫലത്തില്‍ നിന്നെടുക്കുന്ന മഞ്ഞനിറത്തിലുള്ള ചായം കാലികോപെയിന്റിംഗില്‍ ഉപയോഗിച്ചുവരുന്നു. തളിരിലകളില്‍ പ്രത്യേക തരം എണ്ണ അന്തര്‍ധാനം ചെയ്തിരിക്കുന്നു. വില്വാദിഗുളികയിലെ മുഖ്യചേരുവ കൂവളമാണ്. വേരും ഇലയും കായും ഔഷധയോഗ്യമാണ്. പ്രമേഹം, കഫം, വാതം ഇവയെ ശമിപ്പിക്കാന്‍ കൂവളത്തിന് കഴിവുണ്ട്. വേദനയും നീരും കുറയ്ക്കാന്‍ ഉത്തമമാണിത്.
എങ്കിലും ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം മാത്രം സേവിക്കേണ്ട ശക്തമായ മരുന്നാണിത്. കൂവളവേര്, മുത്തങ്ങക്കിഴങ്ങ് എന്നിവ പാലില്‍ അരച്ചു ചേര്‍ത്ത് സേവിക്കുന്നത് വിഷഹരമാണ്. പച്ചഫലമജ്ജ ഉണക്കിപ്പൊടിച്ച് 5 ഗ്രാം വീതം സേവിച്ചാല്‍ ഉദരകൃമികള്‍ ഇല്ലാതാകുകയും കൂവളവേര് കഷായം വെച്ചു കഴിച്ചാല്‍ ഉദരരോഗങ്ങള്‍ മാറുകയും ചെയ്യും. കൂവളത്തിലയുടെ സ്വരസം ദിവസേന 15 മില്ലി വീതം കഴിച്ചാല്‍ പ്രമേഹം ശമിക്കും. 15 കൂവളത്തില 5 ഔണ്‍സ് പിണ്ടിനീരില്‍ അരച്ചുചേര്‍ത്ത് വൈകുന്നേരം കഴിച്ചാല്‍ വൃക്കരോഗങ്ങള്‍ക്ക് ശമനമുണ്ടാകും.


തുളസി
ഔഷധഗുണമുള്ള ഒരു സസ്യമാണ് തുളസി. ഹിന്ദു മതത്തില്‍പ്പെട്ടവരെ സംബന്ധിച്ച് വളരെ പവിത്രമെന്നും കരുതപ്പെടുന്നു. തുളസിചെടിയുടെ ഓരോ ഭാഗവും ഔഷധ മൂല്യമുള്ളതാണ്. പതിനൊന്നു തുളസിയിലകള്‍ നാല് കുരുമുളക് മണികളും കൂട്ടി സേവിച്ചാല്‍ പനി, ജലദോഷം എന്ന് വേണ്ട മലേറിയ വരെ പമ്പ കടക്കും. ചായ, കാപ്പി തുടങ്ങിയ ലഹരി അടങ്ങുന്ന പാനീയങ്ങള്‍ ഒഴിവാക്കി തുളസിയില കൊണ്ടുണ്ടാക്കുന്ന ടികൊഷന്‍ പതിവായി കുടിച്ചാല്‍ ദീര്‍ഘായുസ്സോടെ ജീവിക്കാം. ദഹനക്കെടിനും വണ്ണം കൂട്ടാനും കുറയ്ക്കാനും അസഡിറ്റിക്കും എല്ലാം പറ്റിയ ഉത്തമമായ പ്രകൃതിയുടെ വരദാനമാണ് തുളസി.
സ്ത്രീകളില്‍ ഗര്‍ഭിണിയായിരിക്കുന്ന സമയത്തും പ്രസവ ശേഷവും തുളസി ഇലകളുടെ നീരും തുളസിമണികളും വളരെ ഫലപ്രദമായി ഉപയോഗിക്കാം. ഇത് ഗര്‍ഭപാത്രത്തെ ശക്തമാക്കുന്നു. പുരുഷന്മാരില്‍ എല്ലാ വിധ മൂത്രാശയ രോഗങ്ങളും അകറ്റാന്‍ തുളസീമണികള്‍ക്ക് കഴിയും. തുളസി ജ്യൂസ് ഒരു സ്പൂണ്‍ വീതം ദിവസം 34 തവണ കൊടുത്താല്‍ കുട്ടികള്‍ക്ക് നല്ല പ്രതിരോധ ശക്തി വര്‍ധിക്കും. ചുമ, ജലദോഷം ഇവയ്ക്കും  പറ്റിയ മരുന്നാണ് തുളസി. കൊതുക്, ക്ഷുദ്ര ജീവികള്‍ ഇവയുടെ കടിയില്‍ നിന്നുണ്ടാകുന്ന വിഷാംശം ഇല്ലാതാക്കാന്‍ തുളസി നീരിനു കഴിയും.
പണ്ട് കാലങ്ങളില്‍ വീട്ടുമുറ്റത്ത് തുളസി ചെടി വയ്ക്കുകയും നിര്‍ബന്ധമായും അതിനു വേണ്ട പരിചരണം നല്‍കുകയും ചെയ്തിരുന്നു, നമ്മുടെ മുത്തശ്ശിമാര്‍. തുളസി ചെടി അത് സ്ഥിതി ചെയുന്ന അന്തരീക്ഷത്തെ മാലിന്യങ്ങള്‍ ഇല്ലാതാക്കി ശുദ്ധമാക്കുന്നു എന്ന് ശാസ്ത്രജ്ഞന്മാര്‍ തെളിയിച്ചിട്ടുണ്ട്. സ്ത്രീകള്‍ അതി രാവിലെ കുളിച്ചു തുളസി ചെടിക്ക് വെള്ളം ഒഴിക്കന്നമെന്നും പറഞ്ഞിരുന്നു. അതി രാവിലെ തുളസി ചെടിയെ ആവരണം ചെയ്തിരിക്കുന്ന ശുദ്ധ വായു ശ്വസിക്കുന്നത് ആരോഗ്യത്തിനു നല്ലതാണ് എന്നാണു ഇതിന്റെ ശാസ്ത്രീയ വശം. ചുരുക്കത്തില്‍ വീട്ടു മുറ്റത്ത് ഒരു ഔഷധ ശാല സ്ഥാപിച്ചതിനു തുല്യമാണ് തുളസി ചെടി നടുന്നത്.

ബ്രഹ്മി
ഓര്‍മശക്തി വര്‍ധിപ്പിക്കാന്‍ ആയുര്‍വേദൗഷധങ്ങളിലുപയോഗിക്കുന്ന ബ്രഹ്മി പണ്ട് തൊട്ടേ നമ്മുടെ പൂര്‍വികര്‍ ഉപയോഗിച്ചു വരുന്ന ഒരു ഔഷധ സസ്യമാണ്. ഔഷധരംഗത്തെ ഒറ്റയാനാണ്. സമാന്തരങ്ങളില്ലാത്ത ഉന്നതനാണ്. ശാരീരിക അവശതകളും,അസുഖങ്ങളും മാറുവാനുള്ള ഔഷധമായിട്ടല്ല ബ്രഹ്മി ഉപയോഗിക്കുന്നത്. ബുദ്ധിവികാസമാണ് ബ്രഹ്മിനല്കുന്നത്. പണ്ടുമുതല്‍തന്നെ ഗര്‍ഭസ്ഥശിശുവിന്റെ ബുദ്ധിവികാസത്തിന് ഗര്‍ഭിണികള്‍ക്കും ജനിച്ച ശിശുക്കള്‍ക്കും ബ്രഹ്മി ഔഷധങ്ങള്‍ കൊടുത്തിരുന്നു. ഈ അത്ഭുത സസ്യത്തിന്റെ ഗുണഗണങ്ങള്‍ സഹസ്രയോഗത്തില്‍ പ്രതിപാദിക്കുന്നുണ്ട്. കൂടിയമാത്രയില്‍ വിരേചനം ഉണ്ടാവും എന്ന ഒരു ദോഷവശവും ബ്രഹ്മിക്കുണ്ട്.
ബ്രഹ്മിയുടെ ഔഷധഗുണം സമൂലമാണ്. ബുദ്ധിശക്തി, ഓര്‍മ്മശക്തി എന്നിവ വര്‍ദ്ധിപ്പിക്കാന്‍ നല്ലതാണിത്. പ്രമേഹം, കുഷ്ഠം, രക്തശുദ്ധീകരണം, അപസ്മാര രോഗത്തിനും ഭ്രാന്തിന്റെ ചികിത്സക്കും,ബുദ്ധിവികാസത്തിനും, മുടിവളര്‍ച്ചക്കുമുള്ള ഔഷധങ്ങളിലെ ചേരുവയായിട്ടും ബ്രഹ്മി ഉപയോഗിക്കുന്നു.
ബ്രഹ്മിനീരില്‍ വയമ്പ് പൊടിച്ചിട്ട് ദിവസേന രണ്ടുനേരം കഴിച്ചാല്‍ അപസ്മാരം മാറും. ബ്രഹ്മി പാലില്‍ ചേര്‍ത്ത് കഴിക്കുന്നത് അപസ്മാരത്തിന് നല്ലതാണ്.
ബ്രഹ്മി അരച്ച് മഞ്ചാടി വലിപ്പത്തില്‍ ഉരുട്ടി നിഴലില്‍ ഉണക്കി സൂക്ഷിക്കുക. ഓരോന്നും വീതം കറന്നയുടനെയുള്ള ചൂടോടുകൂടിയ പാലില്‍ അരച്ച് കലക്കി പതിവായി കാലത്ത് സേവിക്കുക. ഓര്‍മ്മക്കുറവിന് നല്ലതാണ്. ബ്രഹ്മിനീര് പാലിലോ നെയ്യിലോ ദിവസേന രാവിലെ സേവിക്കുന്നത് ഓര്‍മ്മശക്തിക്ക് നല്ലതാണ്. ബ്രഹ്മിനീരും വെണ്ണയും ചേര്‍ത്ത് രാവിലെ പതിവായി ഭക്ഷണത്തിന് മുമ്പ് സേവിച്ചാല്‍ കുട്ടികളുടെ ബുദ്ധിവികാസം മെച്ചപ്പെടും. ബ്രഹ്മി അരച്ച് 5 ഗ്രാം വീതം അതിരാവിലെ വെണ്ണയില്‍ ചാലിച്ച് കഴിക്കുന്നത് ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കും. ബ്രഹ്മിനീരില്‍ തേന്‍ ചേര്‍ത്ത് കുട്ടികള്‍ക്ക് കൊടുക്കുന്നത് ബുദ്ധിശക്തിവര്‍ദ്ധിപ്പിക്കാന്‍ നല്ലതാണ്. ബ്രഹ്മി നിഴലില്‍ ഉണക്കിപ്പൊടിച്ചത് 5 ഗ്രാം വീതം പാലിലോ, തേനിലോ പതിവായികഴിച്ചാല്‍ ഓര്‍മ്മക്കുറവു കുറക്കാം. ബ്രഹ്മി, വയമ്പ്, ആടലോടകം, വറ്റല്‍മുളക്, കടുക്ക ഇവ സമം ചേര്‍ത്ത കഷായം തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ ശബ്ദം തെളിയും. കുട്ടികളുടെ സംസാരശേഷി വ്യക്തമാകാന്‍ വേണ്ടിയും ഉപയോഗിക്കും. . ബ്രഹ്മിഇടിച്ചുപിഴിഞ്ഞ നീര് രാവിലെയും വൈകുന്നേരവും കഴിച്ചാല്‍ വിക്ക് മാറും.
ഉറങ്ങുന്നതിന് മുമ്പ് ബ്രഹ്മിനീര് കഴിച്ചാല്‍ മാനസിക ഉല്ലാസത്തിന് നല്ലതാണ്. ബ്രഹ്മി നെയ്യില്‍ വറുത്ത് പാലുകൂട്ടി നിത്യവും വൈകീട്ട് സേവിച്ചാല്‍ നിത്യയൗവ്വനം നിലനിര്‍ത്താം. ബ്രഹ്മി അരച്ചുപുരട്ടിയാല്‍ അപക്വമായ വൃണങ്ങള്‍ പെട്ടെന്ന് പഴുത്തു പൊട്ടും. പ്രമേഹം, ക്ഷയം , വസൂരി, നേത്രരോഗങ്ങള്‍ എന്നിവക്കുംഉപയോഗിക്കുന്നു. ബ്രഹ്മി അരച്ച് പഥ്യമില്ലാതെ ദിവസവും ആദ്യാഹാരമായി കഴിച്ചാല്‍ പ്രമേഹം കുഷ്ഠം എന്നിവക്ക് ഫലപ്രദമാണ്. ഉണങ്ങിയ ബ്രഹ്മിയില പാലില്‍ ചേര്‍ത്ത് കഴിച്ചാല്‍ രക്ത ശുദ്ധീകരണത്തിന് നല്ലതാണ്. ബ്രഹ്മി ഇടിച്ചു പിഴിഞ്ഞ നീരില്‍ തേന്‍ ചേര്‍ത്തു കഴിച്ചാല്‍ അമിതവണ്ണം കുറയും.  ദിവസവും കുറച്ച് ബ്രഹ്മി പാലില്‍ ചേര്‍ത്തു കഴിച്ചാല്‍ ജരാനരകളകറ്റി ദീര്‍ഘകാലം ജീവിക്കാവുന്നതാണ്. സാരസ്വതാരിഷ്ടം, പായാന്തക തൈലം, ബ്രഹ്മിഘൃതം, മഹാമഞ്ചിഷ്ടാദി കഷായം, മാനസമിത്രം ഗുളിക എന്നിവ ബ്രഹ്മി ചേര്‍ത്ത പ്രധാന ഔഷധങ്ങളാണ്. ഈര്‍പ്പമുള്ള പ്രദേശം, കുളങ്ങള്‍, പാടം എന്നിവിടങ്ങളിലാണ് ഈ ഔഷധം കണ്ടുവരുന്നത്. നല്ല ഈര്‍പ്പംനിലനില്‍ക്കുന്ന സ്ഥലങ്ങളില്‍ കൃഷി ചെയ്യാവുന്നതാണ്. നല്ല നനവുള്ള മണ്ണിലെ ബ്രഹ്മിവളരുകയുള്ളൂ.

താമര
താമരപ്പൂവ് ഒരു പുണ്യപുഷ്പമായി കരുതപ്പെടുന്നു. വിഷ്ണുവിന്റെ നാഭിയില്‍ നിന്നുണ്ടായ താമരയിലാണ് ബ്രഹ്മാവ് ഉണ്ടായതും സ്ഥിതി ചെയ്യുന്നതുമെന്നാണ് സങ്കല്പം. ലക്ഷ്മീദേവി വസിക്കുന്നത് താമരയിലാണ്. സരസ്വതിയേയും പത്മാസനസ്ഥയായി വിവരിച്ചുകാണുന്നു. കാമദേവന്റെ അഞ്ച് ബാണങ്ങളിലൊന്ന് താമരയാണ്. അലങ്കാരത്തിനും അമ്പലങ്ങളില്‍ പൂജയ്ക്കും ഇത് ഉപയോഗിച്ചുവരുന്നു. പുരാണേതിഹാസങ്ങളിലും ഭാരതീയ കവി സങ്കല്പങ്ങളിലും താമരയ്ക്ക് വലിയ പ്രാധാന്യമുണ്ട്. വിഷ്ണുവിനേയും കൃഷ്ണനേയും രാമനേയും കുറിക്കുന്ന നിരവധി പദങ്ങള്‍ താമരയുടെ പര്യായങ്ങള്‍ ചേര്‍ന്നുണ്ടായവയാണ്.
‘താമരക്കുരു വാതഘ്‌നം ഛര്‍ദ്ദിതൃഷ്ണാ ഹരം ഗുരു
പിത്ത പ്രശമനം സ്‌നിഗ്ധം വൃഷ്യന്താനും വിദാഹഹൃത്
താമരെക്കുള്ള വളയം വൃഷ്യം കേശത്തിനും ഗുണം
ദാഹപിത്ത ജ്വരഹരം കണ്ണിനും നന്നു ശീതളം’
എന്നാണ് ഗുണപാഠത്തില്‍ താമരയെ വിശേഷിപ്പിച്ചിട്ടുള്ളത്. സംസ്കൃതത്തില്‍ അംബുജം, കമലം, ശതപത്രം, പത്മം, നളിനം, അരവിന്ദം, സഹസ്രപത്രം, രാജീവം, കുശേശയം, സരസീരൂഹം തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്നു. വെണ്‍താമര, ചെന്താമര എന്നീ രണ്ടുതരം താമരകളാണ് പൊതുവേ കാണപ്പെടുന്നത്. ദക്ഷിണേന്ത്യയില്‍ 1800 മീ. വരെ ഉയരമുള്ള പ്രദേശങ്ങളിലെ അധികം ഒഴുക്കില്ലാത്ത കുളങ്ങളിലും തടാകങ്ങളിലും ചതുപ്പുകളിലും ആണ് ഈ ജലസസ്യം വളരുന്നത്.
ചിരസ്ഥായിയായ താമരയുടെ പ്രകന്ദം (താമരക്കിഴങ്ങ്) ചെളി യില്‍ നിമഗ്‌നമായിരിക്കും. പ്രകന്ദം ശാഖിതവും കനം കുറഞ്ഞ് നീളം കൂടിയതുമാണ്. ഇതിന്റെ പര്‍വസന്ധികളില്‍ നിന്നാണ് വേരുകള്‍ പുറപ്പെടുന്നത്. പ്രകന്ദത്തില്‍ നിന്ന് ജലോപരിതലം വരെ ഉയര്‍ന്നു നില്‍ക്കുന്ന തണ്ടിന്റെ അഗ്രത്തിലാണ് ഇലകള്‍ വിന്യസിച്ചിരിക്കുന്നത്.
ഇലത്തണ്ടിലും ഇലകളിലുമുള്ള വായു അറകളാണ് ഇലകളെ ജലോപരിതലത്തില്‍ പൊന്തിക്കിടക്കാന്‍ സഹായിക്കുന്നത്. ഇലയുടെ ഉപരിതലത്തിലെ മെഴുകുപോലുള്ള ആവരണം ഇതില്‍ വീഴുന്ന ജലകണങ്ങളെ വേഗത്തില്‍ വാര്‍ന്നു പോകാന്‍ സഹായിക്കുന്നു. ഇലത്തണ്ടില്‍ അവിടവിടെ വളരെ ചെറിയ മുള്ളുകളുണ്ടായിരിക്കും. പ്രകന്ദത്തില്‍ നിന്നുണ്ടാകുന്ന നീളം കൂടിയ പുഷ്പത്തണ്ടിലാണ് പുഷ്പം ഉണ്ടാകുന്നത്. പുഷ്പത്തണ്ട് ജലോപരിതലത്തിലെത്തിയ ശേഷമാണ് പുഷ്പം വികസിക്കുന്നത്. പുഷ്പങ്ങള്‍ക്ക് വെളുപ്പോ ഇളം ചുവപ്പോ നീലയോ നിറമായിരിക്കും; വെളുത്ത പുഷ്പങ്ങളുള്ള താമര പദ്മം എന്നും അല്പം ചുവന്ന പുഷ്പങ്ങളുള്ളത് നളിനമെന്നും അല്പം നീല നിറമുള്ളത് ഉല്പലം എന്നും അറിയപ്പെടുന്നു. പച്ചനിറത്തില്‍ നാലോ അഞ്ചോ ബാഹ്യദളങ്ങളുള്ള താമര പുഷ്പത്തിന് അനേകം ദളങ്ങളും കേസരങ്ങളും ഉണ്ടായിരിക്കും. 512.5 സെ.മീ. വരെ നീളമുള്ള ദളങ്ങള്‍ എളുപ്പത്തില്‍ കൊഴിഞ്ഞു പോകുന്നവയാണ്. ദളങ്ങള്‍ ക്രമാനുഗതമായി പരിവര്‍ത്തനം ചെയ്ത് കേസരങ്ങളായി രൂപാന്തരപ്പെടുന്ന പ്രതീതി ജനിപ്പിക്കുന്നു. സര്‍പ്പിളമായി ക്രമീകരിച്ചിരിക്കുന്ന കേസരങ്ങള്‍ക്ക് ദ്വികോഷ്ഠക പരാഗകോശമാണുള്ളത്. സംയോജകം പരാഗകോശത്തിനു മുകളില്‍ ഒരു ഫണം പോലെ നീണ്ടുനില്ക്കുന്നു. പുഷ്പാസനത്തിലാണ്ടു കിടക്കുന്ന അസംഖ്യം ബീജാണ്ഡപര്‍ണങ്ങളുള്‍പ്പെട്ടതാണ് ജനി. വര്‍ത്തികാഗ്രങ്ങള്‍ മാത്രമേ തലാമസിനു മുകളില്‍ കാണപ്പെടുന്നുള്ളൂ. തലാമസ് അഴുകുന്നതനുസരിച്ച് വിത്ത് അതില്‍ നിന്നു വേര്‍പെട്ടു വീഴുന്നു.
താമരക്കിഴങ്ങും വിത്തും ഭക്ഷ്യയോഗ്യമാണ്. വിത്ത് പാകം ചെയ്യാതെയും ഭക്ഷിക്കാം. കിഴങ്ങില്‍ 2% പ്രോട്ടീന്‍, 0.1% കൊഴുപ്പ്, 6% സ്റ്റാര്‍ച്ച് എന്നിവ കൂടാതെ സോഡിയം, ജീവകം ബി,സി,ഇ എന്നിവയും അടങ്ങിയിട്ടുണ്ട്. വിത്തില്‍ 17% പ്രോട്ടീന്‍, 2.5% കൊഴുപ്പ്, 60% സ്റ്റാര്‍ച്ച്, കൂടിയ അളവില്‍ ജീവകം സി എന്നിവ അടങ്ങിയിരിക്കുന്നു.

keralabhooshanam >> Health
Related Posts Plugin for WordPress, Blogger...
"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക