.

.

Monday, March 21, 2011

മായുമോ ഈ അങ്ങാടി കലപില

തിരക്കേറിയ അങ്ങാടികളില്‍ സാധാരണമായിരുന്ന ഇൌ കുഞ്ഞുപക്ഷികള്‍ നാശത്തിന്റെ പാതയിലാണ്. കഴിഞ്ഞ വര്‍ഷം മുതലാണ് അങ്ങാടിക്കുരുവി ദിനം ആചരിച്ചു തുടങ്ങിയത്. ഏഷ്യയിലും യൂറോപ്പിലുമെല്ലാം സാധാരണ കാണുന്ന പക്ഷിയാണ് അങ്ങാടിക്കുരുവി. ചില പക്ഷികള്‍ മനുഷ്യനെ ആശ്രയിച്ചു മനുഷ്യവാസമുള്ളിടത്തു ജീവിക്കുമ്പോള്‍ അങ്ങാടിക്കുരുവിക്കു മനുഷ്യന്‍ തിങ്ങിപ്പാര്‍ക്കുന്ന പട്ടണങ്ങള്‍ തന്നെവേണം. തിക്കും തിരക്കും നിറഞ്ഞ അങ്ങാടികളാണ് അവയുടെ വിഹാരസ്ഥലം.

സമീപകാലങ്ങളിലായി അങ്ങാടിക്കുരുവിയുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായതോടുകൂടിയാണ് പക്ഷിനിരീക്ഷകരും ശാസ്ത്രജ്ഞന്‍മാരും അങ്ങാടിക്കുരുവി വംശനാശത്തിന്റെ വക്കിലാണെന്നു മനസ്സിലാക്കിയത്. അമേരിക്കയിലും ഇംഗണ്ടിലുമൊക്കെ അങ്ങാടിക്കുരുവികളുടെ എണ്ണത്തില്‍ വന്‍ കുറവാണ് സംഭവിച്ചിരിക്കുന്നത്. നമ്മുടെ വന്‍ നഗരങ്ങളിലെ സ്ഥിതിയും വ്യത്യസ്തമല്ല.

വ്യാപകമായ മലിനീകരണവും മൊബൈല്‍ ടവറുകളില്‍നിന്നുള്ള അണുവികിരണങ്ങളുമാണ് ഇൌ സ്ഥിതിക്കു പ്രധാനകാരണം. പരമ്പരാഗത അങ്ങാടികളുടെയും ചന്തകളുടെയും സ്ഥാനത്ത് ആധുനിക ഷോപ്പിങ് കോംപ്ളക്സുകള്‍ നിലവില്‍ വന്നതും അരിയും മറ്റ് ധാന്യങ്ങളും തൂക്കി വില്‍പ്പനയില്‍ നിന്നു പായ്ക്കറ്റുകളിലേക്കു മാറിയതും പക്ഷികള്‍ക്കു ഭക്ഷണദൌര്‍ലഭ്യത്തിനു കാരണമായി. കൂടുകെട്ടുവാന്‍ അനുയോജ്യമായ സ്ഥലങ്ങള്‍ കുറഞ്ഞുവന്നതും മറ്റൊരു കാരണമായിരിക്കാം.

വര്‍ഷത്തില്‍ പല തവണ കൂടുകെട്ടി മുട്ടയിടാറുണ്ടെങ്കിലും കുഞ്ഞുങ്ങളുടെ മരണനിരക്കു വളരെ കൂടുതലാണ്. മുതിര്‍ന്ന പക്ഷികള്‍ ധാന്യങ്ങളാണ് മുഖ്യ ആഹാരമാക്കുന്നതെങ്കിലും കുഞ്ഞുങ്ങള്‍ക്കു തീറ്റയായി നല്‍കുന്നതു ഷട്പദങ്ങളെയും മറ്റു ചെറിയ ജീവികളെയുമാണ്. കീടനിയന്ത്രണത്തിനായി നാം കോരിച്ചൊരിയുന്ന കീടനാശിനികളും മറ്റു രാസവസ്തുക്കളും അങ്ങാടിക്കുരുവിയെയും നശിപ്പിക്കുന്നുണ്ടാവാം.വംശനാശം സംഭവിച്ചു കഴിഞ്ഞ മിക്ക പക്ഷിമൃഗാദികളും ഒരു കാലത്ത് അങ്ങാടിക്കുരുവിയെപ്പോലെ വളരെ സാധാരണയായിരുന്നവയാണ്. അങ്ങാടിക്കുരുവിയെയും മറ്റു സാധാരണ പക്ഷികളെയും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനാണ് മാര്‍ച്ച് 20 ലോക അങ്ങാടിക്കുരുവി ദിനമായി ആചരിക്കുന്നത്.

കൂടു കൊടുക്കാം
മനുഷ്യന്‍വച്ചു കൊടുക്കുന്ന കലങ്ങളിലും കൂടുപെട്ടികളിലും കൂടു കൂട്ടുവാന്‍ ഇഷ്ടപ്പെടുന്ന പക്ഷിയാണ് അങ്ങാടിക്കുരുവി. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഒരു പ്രദേശത്തെ പക്ഷികളുടെ എണ്ണത്തില്‍ കാര്യമായ വ്യത്യാസം വരുത്തുമെന്നു തെളിയിക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞവര്‍ഷം അങ്ങാടിക്കുരുവി ദിനാചരണത്തിന്റെ ഭാഗമായി കോട്ടയം ചന്തയില്‍ ട്രോപ്പിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കല്‍ സയന്‍സസ് വച്ച കൂടു പെട്ടികളില്‍ 70% പക്ഷികള്‍ ഉപയോഗിച്ചു. ഗവേഷണത്തിന്റെ ഭാഗമായി ഈ കൂടുപെട്ടികളിലെയും കലങ്ങളിലെയും പക്ഷികളുടെ എണ്ണം പ്രജനനം കാലാകാലങ്ങളില്‍ അവലോകനം ചെയ്യപ്പെട്ടു കിട്ടിയ വിവരങ്ങളനുസരിച്ചു മൊത്തം പക്ഷികളുടെ എണ്ണത്തില്‍ 35% വര്‍ധന ഉണ്ടായതായി മനസ്സിലാക്കാന്‍ കഴിഞ്ഞു. അങ്ങാടിയിലെ വ്യാപാരികളുടെ സഹകരണത്തോടെയുള്ള പ്രവര്‍ത്തനത്തിന്റെ ഫലം കൂടിയായിരുന്നു ഇത്. പട്ടണത്തില്‍ അങ്ങാടിക്കുരുവി വരുമ്പോള്‍ നാട്ടിന്‍പുറത്തും താമസിക്കുന്നവര്‍ക്കു കൂടുപെട്ടികളും കലങ്ങളുമൊക്കെ വീട്ടുവളപ്പിലെ മരങ്ങളിലും മറ്റും ഉറപ്പിച്ചു കൊടുത്താല്‍ മണ്ണാത്തിപ്പുള്ളും മൈനയുമൊക്കെ അതില്‍ കൂടുകെട്ടാനെത്തും.

Manoramaonline >> Environment >> Life

No comments:

Post a Comment

Follow by Email

Related Posts Plugin for WordPress, Blogger...
"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക