.

.

Sunday, July 22, 2012

ലോറിയില്‍ കൊണ്ടുപോയ ആന മസ്തകമിടിച്ച് ചരിഞ്ഞു


കോട്ടയം: ലോറിയില്‍കൊണ്ടുപോകവേ പടങ്ങുതകര്‍ന്ന് മസ്തകമിടിച്ചുവീണ ആന ചരിഞ്ഞു. മസ്തകം ലോറിയുടെ കാബിനിലിടിച്ച് ഗുരുതരമായി പരിക്കേറ്റ ആന 14 മണിക്കൂറിനുശേഷമാണ് ചരിഞ്ഞത്.
കോട്ടയം നഗരത്തിനടുത്ത് ഇല്ലിക്കലില്‍ ശനിയാഴ്ച രാവിലെ 9 മണിയോടെയായിരുന്നു സംഭവം. ആനയെ ലോറിയില്‍ സുരക്ഷിതമായി നിര്‍ത്തുന്ന തടിയുടെ ചട്ടക്കൂടാണ് പടങ്ങ്. അമിതവേഗത്തിലായിരുന്ന ലോറി, ഹമ്പില്‍ ബ്രേക്കിട്ടപ്പോള്‍ പടങ്ങിന്റെ മുന്നിലെ തടി ഒടിഞ്ഞു. ആനയുടെ മുന്‍കാലുകള്‍ അതിനിടയില്‍ കുടുങ്ങി, കാല്‍ മുറിഞ്ഞു. ഒപ്പം മസ്തകം ശക്തിയായി ലോറിയുടെ കാബിനിന്റെ പിന്നില്‍ ചെന്നിടിക്കുകയും ചെയ്തു. പിന്നീട് ആന ലോറിയില്‍ വീണു.

തോട്ടയ്ക്കാട് സ്വദേശി ബാബുവിന്റെ ഉടമസ്ഥതയിലുള്ള 'കാര്‍ത്തികേയന്‍' എന്ന ആനയാണ് അപകടത്തില്‍പ്പെട്ടത്. തണ്ണീര്‍മുക്കത്തുനിന്ന് തോട്ടയ്ക്കാട്ടേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് അപകടം.
ലോറി അമിതവേഗത്തിലായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. ഈ റൂട്ടില്‍ വേഗം കുറയ്ക്കാനുള്ള ഹമ്പുകള്‍ ധാരാളമുണ്ട്. അവിടെയെല്ലാം വച്ച് ബ്രേക്കിടുമ്പോള്‍ ആന മുന്നിലേക്ക് ആയുകയും കാബിനില്‍ മസ്തകം ഇടിക്കുകയുമായിരുന്നു. ആമ്പക്കുഴി ഭാഗത്തെ ഹമ്പില്‍ ബ്രേക്കിട്ടപ്പോഴാണ് തടിയൊടിഞ്ഞതും ആനയ്ക്ക് ഗുരുതരമായി പരിക്കേറ്റതും. എന്നിട്ടും മുന്നോട്ടുപോയ ലോറി നാട്ടുകാര്‍ തടഞ്ഞു. വിവരമറിയിച്ചതിനെത്തുടര്‍ന്ന് പോലീസും അഗ്‌നിശമനസേനയും വനംവകുപ്പുമെത്തി. ഡോക്ടറെ വിളിച്ചുവരുത്തി. പരിക്കേറ്റ് അവശനിലയിലായ ആന അപ്പോള്‍ നില്‍ക്കുകയായിരുന്നു. പിന്നെ, ക്രമേണ മുന്നിലേക്ക് കുനിഞ്ഞിരുന്നു. മസ്തകം കാബിനിലും ഇടതുവശം തടിയിലും താങ്ങിക്കിടന്നു. കൊമ്പ് താഴെക്കുത്തി, കുനിഞ്ഞിരിക്കുന്ന നിലയിലാണ് കിടന്നത്.

മുന്‍കാലുകള്‍ രണ്ടും മടങ്ങിയിരിക്കുകയായിരുന്നു. ഗ്ലൂക്കോസ് ഡ്രിപ്പ് ഉള്‍പ്പെടെ മരുന്നുകള്‍ പ്രയോഗിച്ചെങ്കിലും എഴുന്നേല്പിക്കാനായില്ല. ഇടയ്ക്ക് തടികള്‍ അറത്തുമാറ്റി ആനയെ എഴുന്നേല്പിക്കാന്‍ പാപ്പാന്മാരും സഹായികളും ശ്രമിച്ചെങ്കിലും നടന്നില്ല. പിന്‍കാലില്‍ ബലം കൊടുത്ത് എഴുന്നേല്‍ക്കാനുള്ള ആനയുടെ ശ്രമവും ഫലിച്ചില്ല. കടുത്ത വേദനയാല്‍ ചിന്നംവിളിക്കാന്‍ മാത്രമേ ഈ മിണ്ടാപ്രാണിക്കായുള്ളൂ. വൈകുന്നേരത്തോടെ ക്രെയിന്‍ കൊണ്ടുവന്ന് എടുത്ത് താഴെ ഇറക്കി. സ്വയം നില്‍ക്കാനാവാത്ത ആനയെ ക്രെയിന്‍ബെല്‍റ്റില്‍ കുറെ നേരം താങ്ങി നിര്‍ത്തി. രാത്രി 11 മണിയോടെ ചരിയുകയായിരുന്നു. ലോറി ഡ്രൈവര്‍ സാജനെതിരെ നാട്ടാന പരിപാലനനിയമപ്രകാരം വനംവകുപ്പ് കേസ്സെടുത്തു.

 22 Jul 2012 Mathrubhumi Kottayam News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക