.

.

Saturday, August 25, 2012

കണ്ണൂരില്‍നിന്ന് പുതിയൊരു പുഷ്‌പിതസസ്യം

കല്പറ്റ: പുഷ്പിത സസ്യങ്ങളുടെ കുടുംബത്തിലേക്ക് കണ്ണൂരില്‍നിന്ന് പുതിയ അതിഥി. എരിയോകോളേസി സസ്യകുടുംബത്തില്‍പ്പെട്ട പുതിയ ചെടി കാനായി കാനത്തെ ചെങ്കല്‍മേഖലയിലാണ് കണ്ടെത്തിയത്. വെളുത്ത സുന്ദരപുഷ്പങ്ങളുള്ള സസ്യത്തിന് 'എരിയ കോളണ്‍ കണ്ണൂരന്‍സ്' എന്നാണ് പേരിട്ടിരിക്കുന്നത്.

എം.എസ്. സ്വാമിനാഥന്‍ ഗവേഷണനിലയത്തിന്റെ നേതൃത്വത്തിലുള്ള പഠനസംഘമാണ് പുതിയ സസ്യത്തെ ശാസ്ത്രലോകത്തിന് പരിചയപ്പെടുത്തിയത്. എറണാകുളം മാലിയങ്കര എസ്.എന്‍.എം. കോളേജിലെ ഡോ. സി.എന്‍. സുനില്‍, പയ്യന്നൂര്‍ കോളേജ് ബോട്ടണി വിഭാഗം അസി. പ്രൊഫസര്‍ ഡോ. എം.കെ. രതീഷ് നാരായണന്‍, സ്വാമിനാഥന്‍ ഗവേഷണനിലയം വയനാട് കേന്ദ്രത്തിലെ എം.കെ. നന്ദകുമാര്‍, ജയേഷ് പി.ജോസഫ്, ബൊട്ടാണിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയിലെ കെ.എ. സുജന എന്നിവരാണ് സംഘത്തിലുള്ളത്.

എരിയോ കോളേസി വിഭാഗത്തില്‍പ്പെടുന്ന 400 തരം സസ്യങ്ങളെയാണ് നേരത്തേ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് കണ്ടെത്തിയത്. ഇതില്‍ മൂന്നു സ്​പീഷിസുകള്‍മാത്രമാണ് ഇലയും തണ്ടും പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിക്കിടക്കുന്നത്. നാലാമതായി കണ്ടെത്തിയതാണ് എരിയകോളണ്‍ കണ്ണൂരന്‍സ്.

ഇതേക്കുറിച്ചുള്ള പഠനറിപ്പോര്‍ട്ട് രാജ്യാന്തര പ്രസിദ്ധീകരണമായ തായ്‌വാനിയയുടെ സപ്തംബര്‍ ലക്കത്തില്‍ പ്രസിദ്ധീകരണത്തിന് തിരഞ്ഞെടുത്തിട്ടുണ്ട്. സപ്തംബര്‍ മുതല്‍ ഫിബ്രവരിവരെയുള്ള കാലത്താണ് എരിയ കോളണ്‍ കണ്ണൂരന്‍സ് പുഷ്പിക്കുന്നത്.

സമുദ്രനിരപ്പില്‍നിന്ന് 200 മീറ്റര്‍ ഉയരത്തിലുള്ള ചെങ്കല്‍മേഖലയിലെ ഒഴുക്കുള്ള വെള്ളത്തിലാണ് ഈ സസ്യത്തെ കണ്ടെത്തിയത്. കൂട്ടമായി വളരുന്ന സസ്യവിഭാഗമാണിത്. പശ്ചിമഘട്ട മലനിരകളുടെ താഴ്‌വരയിലുള്ള കാനായികാനം ചെങ്കല്‍കുന്നുകള്‍ ഒട്ടേറെ അപൂര്‍വ സസ്യജന്തുവര്‍ഗങ്ങളുടെ ആവാസവ്യവസ്ഥയാണ്. എന്നാല്‍ ഇവിടത്തെ ജൈവവൈവിധ്യം ഭീഷണി നേരിടുന്നതായും പഠനറിപ്പോര്‍ട്ടിലുണ്ട്.
 25 Aug 2012 Mathrubhumi News ടി.എം. ശ്രീജിത്ത്‌ 

2 comments:

  1. അറിവ് പകരുന്ന ലേഖനം, കണ്ണൂരിൽ പലതരം സസ്യങ്ങൾ ഇനിയും കണ്ടെത്തും. കണ്ണൂരിൽ മാത്രം കാണുന്ന മഞ്ഞൾ വർഗ്ഗ സസ്യത്തെക്കുറിച്ച് അറിയുമോ? Curcuma cannanorensis, അതാണെന്ന് ഞാൻ വിശ്വസിക്കുന്ന ചെടിയുടെ ഫോട്ടോ എന്റെ കൈയ്യിലുണ്ട്. സംഗതി ഉറപ്പുവരുത്താൻ എന്ത് ചെയ്യണം?

    ReplyDelete
    Replies
    1. നിങ്ങളുടെ കയ്യിലുള്ള ഫോട്ടോ thanalmaramgroup@gmail.com എന്ന വിലാസത്തില്‍ അയക്കുക, എനിക്കോ എന്‍റെ സുഹൃദ് ബന്ധത്തിലോ ഉള്ള ആര്‍ക്കെങ്കിലും അത് തിരിച്ചറിയാന്‍ സാധിക്കുമെന്ന് വിശ്വസിക്കുന്നു, എങ്കില്‍ ഞങ്ങള്‍ക്കും അതൊരു പുതിയ അറിവായിരിക്കും.

      Delete

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക