.

.

Tuesday, January 10, 2012

പ്രജനന കാലത്ത് കടലാമകളുടെ ജഡങ്ങള്‍ തീരത്തടിയുന്നു

ഗുരുവായൂര്‍: കടല്‍തീരത്ത് മുട്ടയിടാനെത്തുന്ന കടലാമകള്‍ക്ക് സംരക്ഷണം ഒരുക്കാന്‍ കാത്തിരുന്ന പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ അടിഞ്ഞത് കടലാമകളുടെ ജഡങ്ങള്‍. ചാവക്കാട്, പുത്തന്‍കടപ്പുറം, പഞ്ചവടി ഭാഗങ്ങളിലാണ് കടലാമകളുടെ ജഡങ്ങള്‍ അടിയുന്നത്. ആഗസ്റ്റ് മുതല്‍ മെയ് വരെയുള്ള പ്രജനനകാലത്താണ് കടലാമകള്‍ മുട്ടയിടാന്‍ തീരത്തെത്തുക. ആയിരക്കണക്കിന് കിലോമീറ്റര്‍ താണ്ടിയാണ് ഇവ തീരത്തെത്തി മുട്ടയിടുന്നത്. കടലാമകളുടെ മുട്ടകള്‍ നശിപ്പിക്കുന്നത് വ്യാപകമായതോടെയാണ് കടല്‍ തീരത്ത് ഉറക്കമൊഴിച്ച് മുട്ടകളുടെ സംരക്ഷണത്തിന് പരിസ്ഥിതി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയത്. കടലാമകളുടെ മുട്ടകള്‍ കണ്ടെത്തി അവക്ക് ഒരുമാസത്തോളം സംരക്ഷണം നല്‍കി മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങള്‍ കടലിലേക്കിറങ്ങി പോകുന്നതുവരെയാണ് സംരക്ഷണം നല്‍കാറുള്ളത്. എന്നാല്‍ ഈ സീസണില്‍ ഇത്തരത്തില്‍ മുട്ടകളൊന്നും കണ്ടെത്താനായിട്ടില്ളെന്ന് ഗുരുവായൂരിലെ പരിസ്ഥിതി പ്രവര്‍ത്തകനായ പി.പി.ശ്രീനിവാസന്‍ പറഞ്ഞു. ചിലയിടത്ത് ആമകള്‍ മണ്ണിനടിയില്‍ നിക്ഷേപിച്ച മുട്ടകള്‍ കുറുക്കന്മാര്‍ മാന്തി ഭക്ഷിച്ച പോലുള്ള അടയാളങ്ങള്‍ മാത്രമാണ് കാണാനായത്. എന്നാല്‍ ഇതിനകം നിരവധി കടലാമകളുടെ ജഡങ്ങള്‍ തീരത്തടിഞ്ഞിട്ടുണ്ട്. മുട്ടയിടാന്‍ കരയെ ലക്ഷ്യമാക്കി നീന്തിവരുന്നതിനിടെ യന്ത്രവത്കൃത ബോട്ടിന്‍െറ പ്രൊപ്പല്ലറില്‍ കുടുങ്ങിയും മത്സ്യബന്ധന വലകളില്‍ കുടുങ്ങിയുമാണ് ഇവ ചാവുന്നത്. വംശനാശത്തിന്‍െറ വക്കിലെത്തി നില്‍ക്കുന്ന കടലാമകളില്‍ നാലിനമാണ് കേരളത്തിന്‍െറ തീരത്ത് മുട്ടയിടാനെത്തുന്നത്. ഇവയില്‍ തന്നെ ഒലിവ് റിഡ്ലി എന്ന ഇനമാണ് കൂടുതല്‍. പണ്ട് പകല്‍ പോലും ആമകള്‍ മുട്ടയിടാനെത്തിയിരുന്നെങ്കിലും മനുഷ്യാധിവാസം വര്‍ധിക്കുകയും മുട്ടകള്‍ മാത്രമല്ല മുട്ടയിടാനെത്തുന്ന ആമകള്‍ക്കുപോലും രക്ഷയില്ലാതാവുകയും ചെയ്തതോടെ രാത്രി മാത്രമായി കടലാമകളുടെ മുട്ടയിടല്‍. ഇവ കണ്ടെത്തി നശിപ്പിക്കാനും ആളുകള്‍ വര്‍ധിച്ചതോടെയാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ സംരക്ഷണവുമായി മുന്നോട്ട് വന്നത്. എന്നാല്‍ മുട്ടകളുടെ സംരക്ഷണത്തിനിറങ്ങിയവര്‍ക്ക് മുന്നില്‍ അടിയുന്നത് കടലാമകളുടെ ജഡങ്ങളാണെന്നു മാത്രം.
10.1.2012 Madhyamam Thrissur News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക