.

.

Friday, March 19, 2010

വേനലിലേയ്ക്ക് ഒരു കരുതല്‍

ഇനിയൊരു ലോകയുദ്ധമുണ്ടായാല്‍ അത് കുടിവെള്ളത്തിന് വേണ്ടിയായിരിക്കുമെന്നാണ് പരിസ്ഥിതിവാദികള്‍ പറയുന്നത്. ഭൂമിയില്‍ ആകെയുള്ള വെള്ളത്തിന്റെ ബഹുഭൂരിഭാഗവും (ഏതാണ്ട് 98 ശതമാനം) ഉപ്പുവെള്ളമാണ്. ജീവജാലങ്ങള്‍ക്ക് ഉപയോഗിക്കാന്‍ ആവശ്യമായ ശുദ്ധജലം കേവലം 0.5 ശതമാനത്തില്‍ താഴെയാണ്. ഇതില്‍ നിന്ന് കുടിവെള്ളം എത്ര കണ്ട് വിലയേറിയ ഒരു പ്രകൃതിവിഭവമാണെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഇവിടെയാണ് മഴവെള്ള സംഭരണം പ്രാധാന്യം അര്‍ഹിക്കുന്നത്.

കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ കിടപ്പുകാരണം മോശമല്ലാത്ത രീതിയില്‍ മഴ ലഭിക്കുന്നുണ്ട് (3000 mm). ഇന്ത്യയില്‍ ശരാശരി ഏറ്റവും അധികം മഴ ലഭിക്കുന്ന സംസ്ഥാനം കേരളമാണ്. ഇതില്‍ പ്രധാനം ജൂണ്‍- സപ്തംബര്‍ മാസത്തിലെ കാലവര്‍ഷമാണ്. അതുകൂടാതെ ഒക്‌ടോബര്‍- ഡിസംബര്‍ മാസത്തിലെ തുലാവര്‍ഷവും ഉണ്ട്. ശരിയായ രീതിയില്‍ ശേഖരിച്ച് സംഭരിച്ചാല്‍, വര്‍ഷകാലത്തെ ജലലഭ്യതയില്‍ നിന്നുതന്നെ വേനല്‍ക്കാലത്തെ ക്ഷാമത്തിനു പരിഹാരമുണ്ടാക്കാം. നമ്മുടെ ജല ഉപഭോഗരീതി ഒന്നു പരിശോധിച്ചാല്‍ മനസ്സിലാകും അമൂല്യമായ വെള്ളം എത്രയാണ് നമ്മള്‍ പാഴാക്കിക്കളയുന്നതെന്ന്. തുറന്നിട്ട ടാപ്പുകള്‍ അടയ്ക്കാന്‍ മറക്കുക, ആവശ്യത്തിന്റെ പത്തിരട്ടിയോളം വെറുതെ കളയുക, പാത്രം കഴുകുമ്പോഴും പല്ലുതേക്കുമ്പോഴും ഷേവ് ചെയ്യുമ്പോഴും ടാപ്പ് തുറന്നിടുക. ജലവിതരണസംവിധാനത്തിലൂടെതന്നെ 50 ശതമാനത്തിലേറെ പൈപ്പ് പൊട്ടിയും പാഴാക്കിയും നഷ്ടമാക്കുന്നു. ഇനിയെങ്കിലും ഇക്കാര്യത്തില്‍ നമ്മളൊരു സ്വയംവിമര്‍ശനത്തിന് തയ്യാറാകണം.

മഴവെള്ളത്തെ അത് പതിക്കുന്ന സ്ഥലത്തുവെച്ചുതന്നെ ശേഖരിച്ച് സംഭരിക്കുന്ന രീതിയാണ് മഴവെള്ള സംഭരണത്തിന് അഭികാമ്യം. ഏറ്റവും ശുദ്ധമായ വെള്ളമാണ് മഴവെള്ളം. ഒട്ടും സങ്കീര്‍ണമല്ലാത്ത ശുദ്ധീകരണം വഴി കുടിവെള്ളമായി ഇത് ഉപയോഗിക്കാം.

മഴവെള്ള സംഭരണം ഇങ്ങനെ

1. വീടുകളുടെ മേല്‍ക്കൂരയില്‍ നിന്നുതന്നെയോ വൃഷ്ടിപ്രദേശത്ത് അത് എവിടെയായാലും അവിടെത്തന്നെ സംഭരിച്ച് ശുദ്ധീകരിച്ച് സംഭരണടാങ്കുകളില്‍ ശേഖരിക്കുകയും അധികം വരുന്ന ജലം കിണറിലേക്കോ മറ്റു കുഴികളിലേക്കോ ആഗിരണചാലുകളിലേക്കോ തുറന്നുവിടുക എന്നതാണ്.

2. ഭൂമിയുടെ ഉപരിതലത്തില്‍ പതിച്ച് വെറുതെ ഒഴുകിപ്പോകുന്ന വെള്ളത്തെ, മഴക്കുഴികള്‍, ഭൂമിയെ തട്ടുകളായി തിരിച്ച് ട്രഞ്ചുകളിലേക്ക് ഇറക്കിവിടല്‍, ആഗിരണ ചാലുകളില്‍ നിന്നും ആഴമുള്ള പൈപ്പുകളിലൂടെ കടത്തിവിടല്‍ എന്നീ രീതികളില്‍ മണ്ണില്‍ത്തന്നെ ശേഖരിക്കാം.

പ്രായോഗികവശം

1. വീടുകളുടെ മേല്‍ക്കൂരയില്‍ നിന്നും വരുന്ന വെള്ളത്തെ ഏതാണ്ട് 150160 ാാ ഉള്ള ചാലുകളിലൂടെ കടത്തി 100160 ാാ ഉള്ള ഒരു പൊതുപൈപ്പിലൂടെ താഴേക്കു കടത്തി ശേഖരിക്കുന്നു.

2. ആദ്യമായി പെയ്യുന്ന മഴയില്‍, അന്തരീക്ഷ മലിനീകരണം വഴി മാലിന്യങ്ങള്‍ അടങ്ങിയിരിക്കും. അതിനാല്‍ ആദ്യത്തെ 20 മിനുട്ട് പെയ്യുന്ന വെള്ളത്തെ ശേഖരിക്കാതെ പുറംതള്ളുന്നു.

3. താഴേക്ക് ശേഖരിക്കുന്ന വെള്ളം ഒരു ഫില്‍ട്ടര്‍ വഴി കടത്തിവിടുന്നു. ഈ ഫില്‍ട്ടറില്‍ 20ാാ മെറ്റല്‍, ചരല്‍, തരിമണല്‍, ചിരട്ടക്കരി, എന്നിവ ഏതാണ്ട് 10 cm-20 cm കനത്തില്‍ അടുക്കിയിട്ടുണ്ടാകും.

4. ഫില്‍ട്ടറില്‍ നിന്നും പുറത്തുവരുന്ന വെള്ളം ഒരു വലിയ കോണ്‍ക്രീറ്റ് ടാങ്കില്‍ ശേഖരിക്കുന്നു. സാധാരണയായി ഇതിന് പ്ലാസ്റ്റിക് ടാങ്ക് ഉപയോഗിക്കാറില്ല. ഒരു ശരാശരി കുടുംബത്തിന് ഏതാണ്ട് 15,000-20,000 ലിറ്റര്‍ ടാങ്ക് മതിയാകും.

5. മഴയില്‍ നിന്നു ലഭിക്കുന്ന മുഴുവന്‍ വെള്ളവും സംഭരിച്ചു ശേഖരിക്കല്‍ പ്രായോഗികമല്ല. വേനല്‍ക്കാലത്തേക്ക് കുടിക്കാനും പാകം ചെയ്യാനും വേണ്ടി ശേഖരിച്ചശേഷം ബാക്കി വരുന്ന വെള്ളം കിണറിലേക്കോ, കുളത്തിലേക്കോ, ആഴത്തില്‍ മണ്ണിലേക്കു തന്നെയോ കടത്തിവിടാം.

ഒരു വീട് പ്ലാന്‍ ചെയ്യുമ്പോള്‍തന്നെ മഴവെള്ള സംഭരണിക്കുള്ള സ്ഥലം തീരുമാനിച്ച് മാര്‍ക്ക് ചെയ്യണം. സംഭരണിയുടെ നിര്‍മാണം വീടിന്റെ നിര്‍മാണത്തിന്റെ ഏതാണ്ട് അവസാനഘട്ടത്തില്‍ ചെയ്താല്‍ മതിയാകും. ഒരു മഴവെള്ള സംഭരണി സ്ഥാപിക്കാന്‍ പരമാവധി 45-50 ദിവസം മതി.

കേരള സര്‍ക്കാരിന്റെ കെട്ടിടനിര്‍മാണച്ചട്ടങ്ങളിലെ ഭേദഗതി നിയമപ്രകാരം മഴവെള്ള സംഭരണി നിര്‍ബന്ധമാണ്. എങ്കിലും പലരും അതിന്റെ സാധ്യതകള്‍ പൂര്‍ണമായും പ്രയോജനപ്പെടുത്തുന്നില്ല.

വളരെ ലളിതമായ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന മഴവെള്ള സംഭരണികള്‍ നിര്‍മിക്കുന്ന നിരവധി സ്ഥാപനങ്ങള്‍ കേരളത്തിലുണ്ട്. ഒരു സാധാരണ കുടുംബത്തിന് ആവശ്യമുള്ള മഴവെള്ള സംഭരണ സംവിധാനത്തിന് ഏതാണ്ട് 35,000-50,000 രൂപ ചെലവ് വരും. സംഭരണശേഷിക്കനുസരിച്ച് ചെലവിലും വ്യത്യാസം വരും.

മഴയ്ക്ക് മുന്‍പ് ക്ലീനിങ്

കഴിവതും തുറന്ന, വൃത്തിയുള്ള മേല്‍ക്കൂരയില്‍ നിന്നും വേണം വെള്ളം ശേഖരിക്കാന്‍.

മഴക്കാലം തുടങ്ങുംമുമ്പ് കഴിവതും പ്രതലം കഴുകി ശുദ്ധീകരിക്കണം. ബ്ലീച്ചിങ് പൗഡര്‍ലായനി ഇതിനായി ഉപയോഗിക്കാം.

സീസണ്‍ ആരംഭിക്കുംമുമ്പ്, അരിപ്പയിലെ മെറ്റല്‍, ചരല്‍, കരി ഇവ കഴുകി വീണ്ടും നിക്ഷേപിക്കണം.

ആദ്യത്തെ 1-2 മഴയിലെ വെള്ളം ശേഖരിക്കാതെ പുറംതള്ളണം.

അരിപ്പയില്‍ നിന്നുള്ള വെള്ളം മാത്രമേ സംഭരണടാങ്കിലേക്കു കടത്തിവിടാവൂ.

സംഭരണടാങ്കില്‍ സൂര്യപ്രകാശം കടക്കാന്‍ കഴിവതും അനുവദിക്കരുത്.

കൊതുക്, പല്ലി, പാറ്റ, എലി എന്നീ ക്ഷുദ്രജീവികള്‍ കടക്കാതെ എല്ലാ ദ്വാരങ്ങളും അടച്ച് സീല്‍ ചെയ്യണം.

വര്‍ഷത്തില്‍ ഒരിക്കലെങ്കിലും നിര്‍ബന്ധമായും ക്ലീനിങ് അറ്റകുറ്റപ്പണികള്‍ ചെയ്തിരിക്കണം.

മഴവെള്ള സംഭരണികളില്‍ ശരിയായ രീതിയില്‍ ശേഖരിക്കുന്ന വെള്ളം ഏതാണ്ട് ഒരു വര്‍ഷത്തോളം കുടിക്കാനും പാചകം ചെയ്യാനും ഉപയോഗിക്കാം.

കടപ്പാട് : മാതൃഭൂമി Mb4Eves
More deatails  http://www.manoramaonline.com/advt/palathulli/indepth.htm

No comments:

Post a Comment

Related Posts Plugin for WordPress, Blogger...
"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക