
കരയിലെ ഏറ്റവും വലിയ ജീവിയെ ഉത്സവപ്പറമ്പില്‍ പോയാല്‍ കാണാം. അല്ലെങ്കില്‍ മൃഗശാലയിലോ കാട്ടരുവിയുടെ തീരത്തോ പോയാല്‍ ആനയെ കാണാം. കടലിലെ ഏറ്റവും വലിയ ജീവിയെ കാണാന്‍ എന്തു ചെയ്യും? സമുദ്രത്തില്‍ ചാടി നീന്തിപ്പോയാല്‍ തിമിംഗലത്തെ കാണാമെങ്കിലും തിരിച്ചു വരാന്‍ പറ്റില്ലല്ലോ. തിമിംഗലത്തെ കാണണമെന്ന് അത്ര വലിയ ആഗ്രഹമുള്ളവര്‍ ഇനിയും കൊതിയുമായി കാത്തിരിക്കേണ്ട. ഉടനെ മെക്സിക്കോയിലേക്കു വിമാനം കയറിക്കോളൂ. പടുകൂറ്റന്‍ തിമിംഗലങ്ങള്‍ മക്കളും കൊച്ചുമക്കളുമായി നീന്തിക്കളിക്കുന്നതു ബോട്ടില്‍ കയറി ചുറ്റിക്കാണാം. തിമിംഗലത്തെ തൊടാം, വേണമെങ്കില്‍ ആനയോളം വലുപ്പമുള്ള കടല്‍ ജീവിയെ ഉമ്മ വയ്ക്കാം.
മെക്സിക്കോയുടെ വടക്കുപടിഞ്ഞാറന്‍ ഉപദ്വീപാണു ബാജ കാലിഫോര്‍ണിയ. കാനഡ, അലാസ്ക എന്നിവിടങ്ങളിലെ ഉള്‍ക്കടലുകളില്‍ നിന്ന് മൈലുകള്‍ താണ്ടി തിമിംഗലങ്ങള്‍ വര്‍ഷത്തില്‍ മൂന്നു മാസം ബാജയിലെത്തും. കുഞ്ഞുങ്ങളെ പ്രസവിച്ചു വളര്‍ത്താന്‍ പറ്റിയ തീരമായി തിമിംഗലങ്ങള്‍ തെരഞ്ഞെടുത്തിട്ടുള്ള സ്ഥലമാണിത്. പസ ഫിക് ഗ്രേ വെയ്ല്‍സ് ആണ് ഇവിടെയെത്തുന്ന തിമിംഗലങ്ങള്‍. ചാര നിറത്തിലുള്ള തിമിംഗലം. നാല്‍പ്പതു മെട്രിക് ടണ്‍ ഭാരവും പതിനാല് മീറ്ററോളം നീളവുമുള്ള തിമിംഗലങ്ങള്‍ ആര്‍ത്തുല്ലസിക്കുന്ന ബാജയുടെ തീരങ്ങളില്‍ സഞ്ചാരികള്‍ക്കു പ്രവേശനമുണ്ട്. വര്‍ഷാദ്യം മുന്നു മാസങ്ങളില്‍ മൂവായിരത്തോളം സഞ്ചാരികളാണ് തിമിംഗലങ്ങളെ കാണാന്‍ എത്താറുള്ളത്. ഇപ്രാവശ്യത്തെ സീസണ്‍ കഴിയാറായപ്പോള്‍ സഞ്ചാരികളുടെ തിരക്കേറി.
പഷിക്കോ മയോരല്‍ എന്നയാള്‍ നാല്‍പ്പതു വര്‍ഷത്തിലേറെയായി ബാജയില്‍ ബോട്ട് ഓടിക്കുന്നയാളാണ്. തിമിംഗലങ്ങളെ കണ്ടും അവയുടെ സഞ്ചാര പാതകള്‍ മനസിലാക്കിയും ബോട്ട് ഓടിക്കാന്‍ പഷിക്കോയ്ക്ക് അറിയാം. തിമിംഗലങ്ങളുടെ തുള്ളിക്കളികള്‍ കാണാന്‍ സഞ്ചാരികളുമായി ഇത്തവണയും അറുപത്തെട്ടുകാരനായ പഷിക്കോ ബാജയിലൂടെ ബോട്ട് ഓടിച്ചു. മരംകൊണ്ടു നിര്‍മിച്ച ബോട്ടുമായി വലിയ തിമിംഗലങ്ങള്‍ക്കു ചുറ്റും പഷിക്കോ വലം വയ്ക്കും. വെള്ളത്തിനടിയില്‍ നിന്നു പുളച്ചുകൊണ്ടു പുറത്തേയ്ക്കു വരുന്ന തിമിംഗലത്തെ തൊടും. കടല്‍ത്തിരകള്‍ക്കു മീതെ ശാന്തമായി കിടക്കുന്ന തിമിംഗലത്തെ പഷിക്കോ ചുംബിക്കും. സഞ്ചാരികള്‍ക്ക് അത്ഭുതം നിറയാന്‍ വേറെ എന്തെങ്കിലും വേണോ?
പത്തൊന്‍പതാം നൂറ്റാണ്ടിന്‍റെ ആദ്യ വര്‍ഷങ്ങളില്‍ തിമിംഗല വേട്ട ശക്തമായപ്പോള്‍ സെക്യൂരിറ്റി കര്‍ശനമാക്കി. ഇപ്പോള്‍ വെറും ഇരുപത്താറായിരം തിമിംഗലങ്ങളാണ് ആകെയുള്ളത്. അറ്റ്ലാന്‍ഡിക് സമുദ്രത്തിലെ ഹിമപാളില്‍ ഒഴുകിപ്പോകുന്നത് ഇപ്പോഴുള്ള തിമിംഗലങ്ങളുടെയും ജീവനു ഭീഷണി ഉയര്‍ത്തുന്നു. ഹിമപാളികളുടെ തണുപ്പില്‍ പിറക്കുന്ന ചെറുമീനുകളാണ് തിമിംഗലത്തിന്‍റെ ഭക്ഷണം.
തിമിംഗലങ്ങള്‍ക്കു ശല്യമുണ്ടാക്കാതെയുള്ള ബോട്ട് യാത്രയാണ് ബാജയില്‍ അനുവദിച്ചിട്ടുള്ളത്. സയന്‍റിസ്റ്റുകളും പരിസ്ഥിതി പ്രവര്‍ത്തകരുമുള്ള സംഘത്തിന് ഇവിടെ മേല്‍നോട്ടം. ബാജയുടെ സമീപത്തുള്ള പലപ്രദേശങ്ങളും സ്വകാര്യ വ്യക്തികളുടേതാണ്. ജപ്പാന്‍ കമ്പനിയായ മിത്സുബിഷിയുമായി ചേര്‍ന്ന് ഇവിടെ ചില നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ശ്രമം നടത്തിയെങ്കിലും പരിസ്ഥിതി പ്രവര്‍ത്തകരുടെ എതിര്‍പ്പു മൂലം അതു നടപ്പായില്ല. നാഷണല്‍ പാര്‍ക്ക് സര്‍വീസിന്‍റെ കീഴില്‍ ബാജയെയും ഉള്‍പ്പെടുത്തണമെന്നു പരിസ്ഥിതി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പഷിക്കോയെപ്പോലുള്ള നിരവധി ബോട്ട് ഉടമകളുടെ ഒരു വര്‍ഷക്കാലത്തേയ്ക്കുള്ള ജീവിതമാര്‍ഗമാണ് വെയ്ല്‍ ടൂറിസം. തിമിംഗലങ്ങള്‍ പിറക്കുന്ന ഈ കടല്‍ത്തീരം സംരക്ഷിക്കപ്പെടുമെന്നാണ് അവരുടെയൊക്കെ വിശ്വാസം.
No comments:
Post a Comment