.

.

Thursday, August 26, 2010

കടലാമകൾക്കുവേണ്ടി ഒരു ഗ്രാമം

വേട്ടയാടിയും ഭക്ഷ്യാവശ്യത്തിനായി ഉപയോഗിച്ചും ഡോഡോ പക്ഷികൾ ഭൂമുഖത്തുനിന്നും അപ്രത്യക്ഷമായതുപോലെ ഔലീവ് റിഡ് ലെ ആമകളും നാമാവശേഷമാകാതിരിക്കാൻ ഗ്രീൻ ഹാബിറ്റാറ്റ് നടത്തുന്ന ശ്രമങ്ങൾക്ക് പാരിസ്ഥിതിക ചരിത്രത്തിൽ നിർണ്ണായകമായ സ്ഥാനമാണുള്ളത്.

തൃശ്ശൂർ ജില്ലയിലെ ചാവക്കാട് കടൽതീരവാസികൾ, പ്രത്യേകിച്ച് ചെറുപ്പക്കാർ നിതാന്ത ജാഗ്രതയിലാണ്. കടൽ കടന്നെത്തുന്ന അതിഥികളെ കാത്തുരക്ഷിക്കാൻ അവർ ഉറക്കമുപേക്ഷിച്ച് കടൽതീരത്ത് കാവലിരിക്കുന്നു. ആരാണ് ഈ വിശിഷ്ടാതിഥികൾ എന്നല്ലെ? കടലോരവാസികൾ വെള്ളാമ എന്നു വിളിക്കുന്ന ഒലീവ് റിഡ് ലെ ആമകൾ. ഒലീവ് റിഡ് ലെ ഇനത്തിലുള്ള കടലാമകൾ മുട്ടയിടാനെത്തുന്ന അപൂർവ്വം തീരങ്ങളിൽ ഒന്നാണിത്. കടലാമ മുട്ടകൾ വേട്ടയാടാൻ എത്തുന്നവരെ ഗ്രാമവാസികൾ കയ്യോടെ പിടികൂടുന്നു. നവംബർ മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളിൽ പുലർച്ചെ രണ്ടു മണിമുതൽ മുട്ടയിടാൻ കരയ്ക്കു കയറുന്ന ആമകളേയും അവയിടുന്ന മുട്ടകളേയും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഇന്ന് ഈ ഗ്രാമവാസികൾ മനസ്സിലാക്കിയിരിക്കുന്നു. ആഗോളവന്യജീവി സംഘടനയുടെ സംരക്ഷണപട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള ഒലീവ് റിഡ് ലെ ആമകൾ ബ്ളാങ്ങാടു മുതൽ മന്ദലംകുന്ന് വരെയുള്ള കടൽതീരത്ത് ചേക്കേറി മുട്ടയിടാൻ തുടങ്ങിയിട്ട് കാലങ്ങൾ പലതായി. ആമ മുട്ടകൾ ഭക്ഷണമായി
ഉപയോഗിച്ചിരുന്ന ഗ്രാമവാസികൾക്ക് ഈ അടുത്തകാലംവരെ ഇതൊരു വരുമാന മാർഗ്ഗമായിരുന്നു. അതുകൊണ്ടുതന്നെ നാൾക്കുനാൾ വിരിഞ്ഞിറങ്ങുന്ന ആമകളുടെ എണ്ണം കുറഞ്ഞു വന്നു. ഇത് ഒലീവ് റിഡ് ലെ ആമകളെ ചാവക്കാട് കടൽത്തീരത്തു നിന്ന് അപ്രത്യക്ഷമാക്കുമെന്നു തിരിച്ചറിഞ്ഞ ജില്ലയിലെ പരിസ്ഥിതി സംഘടന ഗ്രീൻ ഹാബിറ്റാറ്റ് നടത്തിയ വിപ്ളവകരമായ ശ്രമങ്ങൾ ഇവിടെ വിജയം വരിക്കുകയാണ്. 1887ൽ ബ്രസീലിനടുത്തുള്ള ഫെർണാണ്ടോ ഡി. നെരോണ ദ്വീപിൽ ആണ് എച്ച്.എൻ.റിഡ്ലെ എന്നയാൾ ഈ പ്രത്യേക ഇനം ആമയെ കണ്ടത്. ആമക്ക് പിന്നീട് അദ്ദേഹത്തിന്റെ പേര് നൽകുകയായിരുന്നു. ലെപ്പിഡോചെലീസ് ഒലിവാസിയ എന്നാണ് ഒലീവ് റിഡ്ലെ ആമകളുടെ ശാസ്ത്ര നാമം. ശരാശരി 70 സെന്റീമീറ്റർ വലുപ്പമുള്ള ഇവ പൂർണ്ണ വളർച്ചയെത്തിയാൽ 45 കിലോഗ്രാം തൂക്കമുണ്ടാകും. അങ്കോള, ആസ്ത്രേലിയ, ബംഗ്ളാദേശ്, ബ്രസീൽ, കോസ്റററിക്ക, എൽസൽവദോർ, ഫ്രഞ്ച് ഗയാന, ഗ്വാട്ടിമല, ഗയാന, ഹോണ്ടുറാസ്, ഇന്ത്യ, ഇന്തോനേഷ്യ, കെനിയ, മഡ്ഗാസ്കർ, മലേഷ്യ, മെക്സിക്കോ, മൊസാബിക്, മ്യാൻമർ, നിക്ക്വരാഗ, ഒമാൻ, പാക്കിസ്താൻ, പനാമ, പപ്പുവ ന്യൂഗനിയ, പെറു, സെനിഗൾ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, താൻസാനിയ, തായ്ലണ്ട്, ട്രിനിഡാഡ്, ടൊബാഗോ, വെനിസുല എന്നിവിടങ്ങളിലാണ് ഒലീവ് റിഡ് ലെ ആമകൾ തീരത്ത് അടുക്കുന്നത്. മുട്ടയിടാനായിട്ടാണ് ഇവ സാധാരണ കരയിലേക്ക് കയറി വരുന്നത്. തീരത്ത് മണൽമാളങ്ങളുണ്ടാക്കി മുട്ടയിട്ടു കഴിഞ്ഞാൽ കടലിലേക്ക് തിരിച്ചുപോകുന്നു. ഒരാമ ഒരു തവണ 110ൽ ഏറെ മുട്ടകളിടും. 52 മുതൽ 58 ദിവസങ്ങൾക്കകം മുട്ടകൾ വിരിഞ്ഞ് കുഞ്ഞുങ്ങൾ കടലിലേക്കിറങ്ങും. സൂര്യപ്രകാശവും സൂര്യതാപവുമേറ്റാണ് മുട്ടകൾ വിരിയുക. മുട്ടയിട്ടു കഴിഞ്ഞു കടലിലേക്കു പോകുന്ന തള്ള ആമകൾ പിന്നീട് അവിടേക്കു തിരിഞ്ഞു നോക്കാറില്ല. കടലാമകളേയും മുട്ടയേയും വേട്ടയാടുന്നത് വന്യജീവി സംരക്ഷണനിയമപ്രകാരം ശിക്ഷാർഹമാണെങ്കിലും നാൾക്കുനാൾ ഇവയുടെ എണ്ണം കുറഞ്ഞ് വംശനാശത്തിന്റെ വക്കിലാണ്. ലോകത്ത് മുട്ടയിടുന്ന എട്ടുലക്ഷത്തോളം ഒലീവ് റിഡ് ലെ ആമകൾ ഉണ്ടെന്നാണ് കണക്കാക്കുന്നത്. ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തെ ചിലയിടങ്ങളിലും ബംഗാൾ ഉൾക്കടൽ തീരത്ത് ഒരിടത്തുമാണ് ഈ കടലാമകൾ മുട്ടയിടാൻ എത്തുന്നത്. ഏറ്റവും കൂടുതൽ ആമകൾ കൂട്ടത്തോടെ മുട്ടയിടാൻ കര കയറുന്നത് ഒറീസയിലെ റുഷ്ക്കുലിയ തീരത്താണ്. കേരളത്തിന്റെ പടിഞ്ഞാറെ തീരത്ത് തൃശ്ശൂർ ജില്ലയിലെ ചാവക്കാട് കടലോരപ്രദേശമായ ബ്ളാങ്ങാട്, എടക്കഴിയൂർ, മന്ദലംകുന്ന് എന്നിവിടങ്ങളിലും, കോഴിക്കോട് കോലാവി തീരത്തും, തിരുവനന്തപുരത്തെ വിഴിഞ്ഞം തീരത്തും ഒലീവ് റിഡ് ലെ ആമകൾ മുട്ടയിടാൻ എത്തുന്നു. കടൽ ഭിത്തിയില്ലാത്ത തീരമാണ് ആമകൾക്ക് കരയ്ക്കെത്താൻ സൗകര്യം. ബ്ളാങ്ങാടു മുതൽ മന്ദലംകുന്നുവരെയുള്ള തീരം ആമകൾക്ക് മുട്ടയിടാൻ അനുയോജ്യമാണെന്ന് കേരള കാർഷിക സർവ്വകലാശാലയുടെ ഫോറസ്ട്രി കോളേജിലെ ഫാക്കൽറ്റി ഡോ. പി.ഒ. നമീർ പറയുന്നു. കടലാമ മുട്ടകൾ ശേഖരിച്ച് തീരദേശവാസികൾ വില്പന നടത്തിയിരുന്ന കാലമുണ്ടായിരുന്നു. മുട്ട ഒന്നിന് 13 രൂപവരെ വില കിട്ടിയിരുന്നതായി ഗ്രാമീണർ പറയുന്നു. അക്കാലത്ത് ആമ മുട്ട സവിശേഷ ഭക്ഷ്യയിനമായി ചില ഹോട്ടലുകളിൽ വില്പനയും നടത്തിയിരുന്നു. മുട്ടകൾക്ക് ആവശ്യക്കാർ ഏറെയുണ്ടായിരുന്നതിനാൽ മുട്ട വേട്ട വ്യാപകമാകാൻ കാരണമായി. ഇതിനു പുറമെ, കടലാമ മുട്ടകൾ ഭക്ഷിച്ചാൽ ആസ്തമ തുടങ്ങിയ രോഗങ്ങൾക്ക് ശമനമുണ്ടാകുമെന്ന ധാരണ ആമ മുട്ടകൾ അപഹരിക്കപ്പെടാൻ ഇടയാക്കി. ആമ മുട്ടകൾക്ക് ഔഷധഗുണമുണ്ടെന്ന ധാരണ ഇന്നും പരക്കെയുണ്ട്. കടലാമകളുടേയും മുട്ടകളുടേയും നാശം ക്രമാതീതമായ ഘട്ടത്തിലാണ് ഗ്രീൻ ഹാബിറ്റാറ്റിന്റെ ശ്രദ്ധ കടലോരത്ത് എത്തിയത്. കടലോരവാസികൾക്ക് ബോധവൽക്കരണം നടത്തികൊണ്ടാണ് ഗ്രീൻ ഹാബിറ്റാറ്റ് രംഗപ്രവേശനം ചെയ്തത്. എടക്കഴിയൂർ സീതി ഹാജി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിലെ ഹരിതസേനയുടെ പ്രവർത്തകർ ഇതിന് ആക്കം കൂട്ടി.
ഗ്രീൻ ഹാബിറ്റാറ്റിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറും സ്കൂളിലെ ജീവശാസ്ത്ര അദ്ധ്യാപകനുമായ എൻ.ജെ. ജെയിംസിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു ഹരിതസേനയുടെ നേതൃത്വത്തിൽ ആമ സംരക്ഷണത്തെക്കുറിച്ചുള്ള ബോധവൽക്കരണപരിപാടി നടത്തിയത്. 2003 നവംബറിൽ സ്കൂൾ ബസ്സിൽ ആമകളുടെ സംരക്ഷണത്തെക്കുറിച്ച് ഒരു ബാനറുമായി ഹരിതസേന യാത്ര ആരംഭിച്ചപ്പോൾ അത് പിന്നീട് ഒരു ഗ്രാമത്തിന്റേയും ഗ്രാമീണരുടേയും വികാരമായി മാറുമെന്ന് ആരും കരുതിയില്ല. ആദ്യമൊക്കെ ചിലരിൽനിന്നും എതിർപ്പുകളുണ്ടായെങ്കിലും കടലാമ സംരക്ഷണത്തിന്റെ ആവശ്യകത നന്നേ ബോധ്യമായിരുന്ന അന്നത്തെ പുന്നയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന അന്തരിച്ച ആർ.പി. മൊയ്തൂട്ടി അടക്കമുള്ളവർ പിന്തുണയും സഹായവുമായി മുന്നോട്ടു വന്നു. ചാവക്കാട് നഗരസഭ ബജറ്റിൽ വകയിരുത്തി ഗ്രീൻ ഹാബിറ്റാറ്റിന് പണം നൽകി ആമ സംരക്ഷണത്തിൽ പങ്കാളികളായി. തുടർന്ന് ഹരിതസേനയും ഗ്രീൻഹാബിറ്റാറ്റും സംയുക്തമായി സംഘടിപ്പിച്ച പ്രചാരണ ജാഥകൾ, ബോധവൽക്കരണക്ളാസ്സുകൾ, ക്യാമ്പുകൾ, ഫിലിം ഷോകൾ, ഓരോ വീടും കയറിയിറങ്ങിയുള്ള ബോധവൽക്കരണം, ജൈവവൈവിധ്യസംരക്ഷണത്തിന്റെ പ്രാധാന്യത്തെപ്പറ്റിയുള്ള സെമിനാറുകൾ, സ്ററിക്കറുകൾ, ബ്രോഷറുകൾ, നോട്ടീസുകൾ തുടങ്ങിയവയിലൂടെ ജനങ്ങളിലേക്ക് ആശയമെത്തിച്ചു. രക്ഷാകർത്തൃസംഘടനകളുടെ സഹകരണത്തോടെ അയൽ വിദ്യാലയങ്ങളിലും കടലാമസംരക്ഷണ സന്ദേശമെത്തിച്ചു. പഞ്ചായത്തുകളുടെ സഹകരണത്തോടെ ഗ്രാമസഭകളിലും കടലാമ സംരക്ഷണം ചർച്ചാ വിഷയമായി. ഇതോടെ, കടലോരത്തെ പൗരപ്രമുഖരും വിവിധ ക്ളബ്ബുകളും സംഘടനകളും ഗ്രീൻ ഹാബിറ്റാറ്റിന്റെ ശ്രമങ്ങളിൽ പങ്കാളികളാകുകയായിരുന്നു. പുന്നയൂർ ഗ്രാമപഞ്ചായത്തിലെ സ്കൂളുകളിൽ ആമ ക്ളബ്ബുകളും (Turtle Clubs) രൂപീകരിച്ചു. കടലാമ സംരക്ഷണത്തിന് പ്രചരണ ഉപാധിയായി ദുബായിലെ ഹൈമാഗ് കമ്മ്യൂണിക്കേഷൻസ് ആറ് മിനിറ്റ് ദൈർഘ്യമുള്ള ഹൃസ്വ ചലച്ചിത്രം നിർമ്മിച്ച് ഗ്രീൻ ഹാബിറ്റാറ്റിന് നൽകി. സന്ദീപ് പി. ശശിധരൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ ഇതിവൃത്തം കടലാമ മുട്ട വേട്ടയാടുന്ന തീരദേശവാസി ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്നതും അവിടെവെച്ച് പശ്ചാതപിച്ച് മനംമാറ്റമുണ്ടായി, ജയിൽ വിമോചിതനായപ്പോൾ ആമ സംരക്ഷകനാകുന്നതുമാണ്.

ഇതിനിടയിൽ ലോകപ്രശസ്ത കടലാമ ശാസ്ത്രജ്ഞനായ ഡോ. ബി. സി. ചൗധരിയുടെ സന്ദർശനം ചാവക്കാടൻ തീരത്തിന് ലഭിച്ച അംഗീകാരമായി. ഡെറാഡൂണിലെ വൈൽഡ് ലൈഫ് ഇൻസ്ററിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞനായ അദ്ദേഹത്തോടൊപ്പം മറ്റൊരു ശാസ്ത്രജ്ഞനായ ഡോ. ശരവണനും ഉണ്ടായിരുന്നു. ഇവർ ആമ സംരക്ഷണ പ്രവർത്തനങ്ങളെപ്പറ്റി വിലയിരുത്തുക മാത്രമല്ല, ഒലീവ് റിഡ്ലെ ആമകൾ മുട്ടയിടാനെത്തുന്ന തീരങ്ങളുടെ പട്ടികയിൽ ബ്ളാങ്ങാട് മുതൽ മന്ദലംകുന്ന്വരെയുള്ള പ്രദേശങ്ങളേയും ഉൾപ്പെടുത്തി. ഇതോടെ ഈ തീരപ്രദേശം ലോക ശ്രദ്ധ നേടി. നൂറ്റാണ്ടുകളായി ആയിരക്കണക്കിന് കടലാമകളെയാണ് മാംസത്തിനും തോടിനുമായി വേട്ടയാടിക്കൊണ്ടിരിക്കുന്നത്. ഒലീവ് റിഡ് ലെ ആമകളെ മെക്സിക്കോ വംശനാശം നേരിടുന്ന അപൂർവ്വ ജിവിയായിട്ടാണ് കണക്കാക്കുന്നത്. ലോകമെമ്പാടും ഉള്ള കടലോരങ്ങളിൽ വേൾഡ് ലൈഫ് ഫണ്ട് ആമസൗഹൃദ മത്സ്യബന്ധനത്തിനായി പ്രചരണപ്രവർത്തനങ്ങൾ നടത്തുന്നു. ഗ്രീൻ ഹാബിറ്റാറ്റിന്റെ അഞ്ചുവർഷത്തിലേറെയായി നടക്കുന്ന പ്രവർത്തനഫലമായി ചാവക്കാടൻ കടലോരത്ത് ഇപ്പോഴാരും കടലാമ മുട്ടകൾ തേടി എത്താറില്ല. അഥവാ ആരെങ്കിലും വന്നാൽ അവർക്ക് താക്കീത് നൽകി തിരിച്ചയക്കാൻ ഗ്രാമീണർ സദാ ജാഗ്രതയിലാണ്. എടക്കഴിയൂർ കടലോരത്ത് ഒരു ഹാച്ചറി സ്ഥാപിക്കുകയാണ് ഗ്രീൻ ഹാബിറ്റാറ്റിന്റെ അടുത്ത ലക്ഷ്യം. സോഷ്യൽ ഫോറസ്ട്രിയിലേക്ക് ഇതിനായി അപേക്ഷ നൽകി കാത്തിരിക്കയാണ് പ്രവർത്തകർ. ഒറീസ കടലോരത്തുള്ളതുപോലെ കടലാമകൾക്ക് മുട്ടയിടാനും മുട്ടവിരിഞ്ഞ് കുഞ്ഞുങ്ങൾക്ക് ജീവഭീഷണിയില്ലാതെ കടലിലേക്ക് പോകാനും സൗകര്യമൊരുക്കുകയാണ് ഗ്രീൻ ഹാബിറ്റാറ്റിന്റെ അടുത്ത ലക്ഷ്യം. വേട്ടയാടിയും ഭക്ഷ്യാവശ്യത്തിനായി ഉപയോഗിച്ചും ഡോഡോ പക്ഷികൾ (കോഴിയെപോലുള്ള ഭൂമിയിലെ ഏറ്റവും വലിയ പക്ഷി) ഭൂമുഖത്തുനിന്നും അപ്രത്യക്ഷമായതുപോലെ ഔലീവ് റിഡ് ലെ ആമകളും നാമാവശേഷമാകാതിരിക്കാൻ ഗ്രീൻ ഹാബിറ്റാറ്റ് നടത്തുന്ന ശ്രമങ്ങൾക്ക് പാരിസ്ഥിതിക ചരിത്രത്തിൽ നിർണ്ണായകമായ സ്ഥാനമാണുള്ളത്. ഒപ്പം ആയിരക്കണക്കിന് ഗ്രാമീണരുടെ നിതാന്ത ജാഗ്രതയിലൂടെ നമുക്ക് നഷ്ടമാകാതിരിക്കുന്നത് ജൈവ വൈവിധ്യത്തിന്റെ തുടിപ്പുകൂടിയാണ്.
ജോയി ഏനാമാവ്

1 comment:

  1. വളരെ നല്ല സം രംഭം. അതിലേറെ നല്ല സേവനം.
    നമ്മുടെ ചെറുപ്പക്കാര്‍ ഇത്രയേറെ പാരിസ്ത്ഥിതികാവബോധം ഉള്‍ക്കൊള്ളുന്നു എന്നത് അഭിമാനാര്‍ഹമാണ്. ഈ ലേഖനത്തിന്‍റെ ഭാഷയും അതീവ ശ്രദ്ധേയമാണ്.
    എല്ലാ പിന്തുണയും ഒപ്പം ആശംസകളും.

    സൈനുദ്ദീന്‍ ഖുറൈഷി.

    ReplyDelete

Related Posts Plugin for WordPress, Blogger...
"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക