എന്നന്നേക്കുമായി വംശമറ്റുപോയ ഒട്ടേറെ ജീവികളുണ്ട് ചരിത്രത്തില്‍. ജുറാസിക് യുഗത്തില്‍ ജീവിച്ചിരുന്ന ചില അത്ഭുതജീവികളെ നമ്മളിന്ന് ചലച്ചിത്രങ്ങളില്‍ പുനരാവിഷ്‌ക്കരിക്കുന്നു. ചരിത്രാതീതകാലത്ത് സംഭവിച്ച അത്തരം നഷ്ടങ്ങള്‍ക്കൊപ്പം, ഡോഡൊ, സുവര്‍ണ തവള തുടങ്ങി ആധുനികമനുഷ്യന്റെ കണ്‍മുന്നില്‍ നിന്ന് അപ്രത്യക്ഷമായ ജീവികളുമുണ്ട്. അവയെയൊന്നും ആര്‍ക്കുമിനി കാണാനാവില്ലെന്നത് എത്ര സങ്കടകരമാണ്. ജീവലോകം നേരിടുന്ന ഭീഷണിക്കെതിരെയുള്ള ശക്തമായ മുന്നറിയിപ്പുകളാണ് അന്യംനിന്ന ഓരോ ജീവിയും. ആ മുന്നറിയിപ്പുകളില്‍ നിന്ന് മനുഷ്യന്‍ എന്തെങ്കിലും പഠിക്കുമോ എന്നതാണ് പ്രശ്‌നം. വംശനാശം സംഭവിച്ച ചില ജീവികളെ ഇവിടെ പരിചയപ്പെടുക.
1. ടൈനോസറസ് റെക്‌സ് (Tyrannosaurus Rex): ആറര കോടി വര്‍ഷം മുമ്പ്, ജുറാസിക് യുഗത്തിന്റെ അവസാനം ഈ ജീവി ലോകത്തുനിന്ന് അപ്രത്യക്ഷമായി. കരയില്‍ ജീവിച്ചിരുന്ന മാംസഭുക്കുകളില്‍ എക്കാലത്തേയും ഏറ്റവും വലിയ ജീവികളിലൊന്നാണ് ടി. റെക്‌സ്-43.3 അടി നീളം, 16.6 അടി ഉയരം, ഏതാണ്ട് ഏഴ് ടണ്‍ ഭാരം! ക്രിറ്റേഷ്യസ്-ടെര്‍ഷ്യറി കാലത്തെ കൂട്ടവംശനാശം വരെ ഇവ നിലനിന്നു. ഏതാണ്ട് 30 ടി.റെക്‌സ് ഫോസിലുകള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ചിലവ പൂര്‍ണരൂപത്തിലുള്ളതാണ്.
2. ക്വാഗ്ഗ (Quagga): ആഫ്രിക്കയുടെ ചരിത്രത്തില്‍, വംശനാശം സംഭവിച്ച ഏറ്റവും പ്രശസ്തമായ ജീവി. പകുതി വരയന്‍ കുതിരയും പകുതി കുതിരയും എന്ന് പറയാവുന്ന ബാഹ്യരൂപമായിരുന്നു ക്വാഗ്ഗയുടേത്. 1883-ഓടെ അന്യംനിന്നു. ആഫ്രിക്കയുടെ തെക്കന്‍ മേഖലയില്‍ ഒരു കാലത്ത് സുലഭമായിരുന്ന ജീവിയാണിത്. മനുഷ്യന്‍ വേട്ടയാടി കൊല്ലുകയായിരുന്നു. മാംസത്തിനും മറ്റാവശ്യങ്ങള്‍ക്കുമായി വ്യാപകമായി കൊന്നൊടുക്കി. 1870-കളോടെ വേട്ട പൂര്‍ത്തിയായി. കൂട്ടില്‍ അവശേഷിച്ച അവസാനത്തെ ക്വാഗ്ഗ, 1883 ആഗസ്ത് 12-ന് ചത്തതോടെ ആ വര്‍ഗത്തിന്റെ തിരോധാനം പൂര്‍ത്തിയായി.
3. തൈലാസിന്‍ (Thylacine): 'ടാസ്മാനിയന്‍ കടുവ' എന്നും അറിയപ്പെട്ടിരുന്ന ഈ ജീവിവര്‍ഗം 1936-ഓടെ അവസാനിച്ചു. ഓസ്‌ട്രേലിയയിലും ന്യൂ ഗിനിയിലും കാണപ്പെട്ടിരുന്ന ജീവിയാണിത്. യൂറോപ്യന്‍ ജനത കുടിയേറുന്നതിനും ആയിരക്കണക്കിന് വര്‍ഷം മുമ്പ് തന്നെ ഈ ജീവിവര്‍ഗം, ഓസ്‌ട്രേലിയന്‍ വന്‍കരയില്‍ നിന്ന് അപ്രത്യക്ഷമായി. രാജ്യത്തിന്റെ ഭാഗമായ ടാസ്മാനിയ ദ്വീപില്‍ മാത്രമാണ് ഇവ അവശേഷിച്ചത്. വ്യാപകമായ വേട്ടയുടെ ഫലമായി ഈ ജീവിവര്‍ഗം അസ്തമിക്കുകയായിരുന്നു. അതോടോപ്പം ഇവയുടെ പാര്‍പ്പിട മേഖലകള്‍ മനുഷ്യന്‍ കൈയടക്കിയതും, നായകളുടെ വരവും, രോഗങ്ങളുമെല്ലാം ടാസ്മാനിയന്‍ കടുവയുടെ അന്ത്യത്തിന് ആക്കംകൂട്ടി.
4. സ്‌റ്റെല്ലാര്‍സ് കടല്‍പ്പശു (Steller's Sea Cow): ബെറിങ് കടലില്‍ ഏഷ്യാറ്റിക് തീരപ്രദേശത്ത് കഴിഞ്ഞിരുന്ന ഈ ജീവിയെ ആദ്യമായി കണ്ടെത്തുന്നത് പ്രകൃതിശാസ്ത്രജ്ഞനായ ജോര്‍ജ് സ്‌റ്റെല്ലാര്‍ ആണ്; 1741-ല്‍. ഈ കടല്‍പ്പശു 25.9 അടി നീളം വരെ വളരുന്നവയായിരുന്നു, മൂന്ന് ടണ്‍ വരെ ഭാരവും ഉണ്ടാകുമായിരുന്നു. വലിയ സീലിനെ അനുസ്മരിപ്പിക്കുന്ന ആകൃതിയായിരുന്നു ഇവയുടേത്. പ്രാചീനകാലത്ത് വടക്കന്‍ പെസഫിക് തീരപ്രദേശത്താകെ ഇവ കാണപ്പെട്ടിരുന്നുവെന്ന് ഫോസില്‍ തെളിവുകള്‍ പറയുന്നു. എന്നാല്‍, ഇവയെ തിരിച്ചറിയുന്ന കാലത്ത് ചെറിയൊരു പ്രദേശത്തായി ഇവ ചുരുങ്ങിയിരുന്നു. 1768-ഓടെ ഈ ജീവിവര്‍ഗം അന്യംനിന്നു. ഇവയുടെ പാര്‍പ്പിട മേഖലയിലേക്കുള്ള മനുഷ്യന്റെ കടന്നുവരവാണ്, നാശത്തിന് വഴിവെച്ചതെന്നാണ് നിഗമനം.
5. ഐറിഷ് മാന്‍ (Irish Deer): ഭൂമുഖത്ത് ജീവിച്ചിരുന്നവയില്‍ ഏറ്റവും വലിയ മാന്‍. 'ഭീമന്‍ മാന്‍' (Giant Deer) എന്നും ഇവയ്ക്ക് പേരുണ്ട്. 7700 വര്‍ഷം മുമ്പ് വംശനാശം നേരിട്ടു. 'ലേറ്റ് പ്ലീസ്റ്റോസീന്‍' കാലത്തിനും 'ഹോളോസീന്‍' യുഗത്തിനും ഇടയ്ക്കാണ് ഇവ നിലനിന്നത്. അറിയപ്പെടുന്നതില്‍ ഏറ്റവും പ്രായം കുറഞ്ഞ ഫോസില്‍ 5700 ബി.സി.യിലേതാണെന്ന് (7700 വര്‍ഷം മുമ്പത്തേത്) കാര്‍ബണ്‍ ഡേറ്റിങില്‍ തെളിഞ്ഞിട്ടുണ്ട്. വലിപ്പമായിരുന്നു ഇവയുടെ പ്രത്യേകത. ഏഴടി ഉയരവും, 12 അടി നീളവും 90 പൗണ്ട് ഭാരവും. പ്രാചീന മനുഷ്യന്‍ വേട്ടയാടി നശിപ്പിച്ചതാണ് ഇവയെ എന്നൊരു വാദമുണ്ടെങ്കിലും, വലിപ്പക്കൂടുതല്‍ തന്നെ ഈ വര്‍ഗത്തിന്റെ നാശത്തിന് നിമിത്തമായിരിക്കാം എന്നാണ് കരുതുന്നത്.
6. കാസ്പിയന്‍ കടുവ (Caspian Tiger): കടുവകളുടെ ഉപവര്‍ഗമായ ഇവയ്ക്ക് പേര്‍ഷ്യന്‍ കടുവ എന്നും പേരുണ്ട്. ലോകത്തുള്ള കടുവയിനങ്ങളില്‍ മൂന്നാമത്തെ വലിയ കടുവകളായിരുന്നു ഇവ. മധ്യ-പശ്്ചിമ ഏഷ്യന്‍ രാജ്യങ്ങളില്‍ കാണപ്പെട്ടിരുന്ന ഈ ജീവിവര്‍ഗം 1970-ഓടെ അന്യംനിന്നു. കാസ്പിയന്‍ കടുവകളില്‍ ആണുങ്ങളായിരുന്നു വലുത് - 169 മുതല്‍ 240 കിലോഗ്രാം വരെ ഭാരം. പെണ്‍കടുവകള്‍ ചെറുതായിരുന്നു - ഭാരം 85 മുതല്‍ 135 കിലോഗ്രാം വരെ മാത്രം.
7. ഔറോക്‌സ് (Aurochs): വംശനാശം സംഭവിച്ച ഏറ്റവും പ്രശസ്തമായ യൂറോപ്യന്‍ മൃഗമാണിത്. വളരെ വലിപ്പം കൂടിയ വളര്‍ത്തുമൃഗമായിരുന്നു അത്. 20 ലക്ഷം വര്‍ഷം മുമ്പ് ഇന്ത്യയില്‍ ആവിര്‍ഭവിച്ച ഈ ജീവിവര്‍ഗം, പശ്ചിമേഷ്യ വഴി പടിഞ്ഞാറോട്ട് കുടിയേറുകയും, രണ്ടര ലക്ഷം വര്‍ഷം മുമ്പ് യൂറോപ്പിലെത്തുകയും ചെയ്തു എന്നാണ് നിഗമനം. പതിമൂന്നാം നൂറ്റാണ്ടോടെ ഔറോക്‌സിന്റെ സാന്നിധ്യം പോളണ്ട്, ലിത്വാനിയ, മോള്‍ഡാവിയ, ട്രാന്‍സില്‍വാനിയ, കിഴക്കന്‍ പ്രൂഷ്യ എന്നിവിടങ്ങളില്‍ മാത്രമായി പരിമിതപ്പെട്ടു. വേട്ടയാണ് ഇവയെ നശിപ്പിച്ചത്. 1564 ആയപ്പോഴേക്കും 38 മൃഗങ്ങള്‍ മാത്രമായി ഇവ ചുരുങ്ങി. അറിയപ്പെടുന്ന അവസാനത്തെ ഔറോക്‌സിന് പോളണ്ടില്‍ 1627-ല്‍ അന്ത്യമായി. അതോടെ ആ വര്‍ഗം കുറ്റിയറ്റു.
8. ഭീമന്‍ ഓക്ക് (Great Auk): പെന്‍ഗ്വിനുകളെ അനുസ്മരിപ്പിക്കുന്ന ഈ പക്ഷികള്‍ക്ക് പറക്കാന്‍ കഴിവില്ലായിരുന്നു. ഓക്ക് വര്‍ഗത്തില്‍ ഏറ്റവും വലിപ്പമുള്ള ഇവ 1844-ഓടെ അന്യംനിന്നു. 75 സെന്റീമീറ്ററോളം ഉയരമുള്ള ഈ വര്‍ഗത്തിന് അഞ്ച് കിലോഗ്രാം ഭാരമുണ്ടായിരുന്നു. വെളുപ്പും കറുപ്പും നിറമുള്ളതായിരുന്നു ഇവ. കിഴക്കന്‍ കാനഡ ദ്വീപുകളിലും, ഗ്രീന്‍ലന്‍ഡ്, ഐസ്‌ലന്‍ഡ്, നോര്‍വെ, അയര്‍ലന്‍ഡ്, ബ്രിട്ടന്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ഒരു കാലത്ത് സുലഭമായിരുന്നു ഭീമന്‍ ഓക്ക്. മാംസത്തിനായി ഇവയെ വന്‍തോതില്‍ വേട്ടയാടിയാതാണ് വംശനാശത്തിന് ഇടയാക്കിയത്.
9. ഗുഹാസിംഹം (Cave Lion): പ്രാചീനകാലത്തെ ഗുഹാചിത്രങ്ങളില്‍ ഈ സിംഹത്തെ കാണാം. ഭൂമുഖത്ത് ജീവിച്ചിരുന്നവയില്‍ ഏറ്റവും വലിയ സിംഹവര്‍ഗമായിരുന്നു ഇവയെന്ന് ഫോസിലുകള്‍ തെളിയിക്കുന്നു. 2000 വര്‍ഷം മുമ്പ് ഇവ അന്യംനിന്നു എന്നാണ് കരുതുന്നത്. ആധുനിക കാലത്തെ സിംഹങ്ങളെ അപേക്ഷിച്ച് പത്തു ശതമാനം വരെ വലിപ്പക്കൂടുതലുണ്ടായിരുന്നു ഗുഹാസിംഹങ്ങള്‍ക്ക് എന്ന് ഫോസിലുകള്‍ തെളിയിക്കുന്നു. ഹിമയുഗത്തിന്റെ ഫലമായി പതിനായിരം വര്‍ഷം മുമ്പാകണം ഈ വര്‍ഗത്തിന് വന്‍തോതില്‍ നാശം നേരിട്ടത്. എന്നാല്‍, 2000 വര്‍ഷം മുമ്പുവരെ ബാള്‍ക്കന്‍ മേഖലയില്‍ ഇവ നിലനിന്നതിന് തെളിവുണ്ട്.
10. ഡോഡൊ (Dodo): ജീവലോകം നേരിടുന്ന വംശനാശ ഭീഷണിയുടെ പ്രതീകമായി മാറിയ പക്ഷിയാണിത്. മനുഷ്യന്റെ ചെയ്തി മൂലം പൂര്‍ണമായും വംശമറ്റ ജീവി. പ്രാവുകളുമായി ബന്ധമുള്ള, പറക്കാന്‍ കഴിവില്ലാത്ത പക്ഷിയായിരുന്നു ഡോഡൊ. മൗറീഷ്യസാണ് ഇവയുടെ നാട്. തറയില്‍ കൂടുകൂട്ടി മുട്ടയിടുന്ന ഇവയ്ക്ക് സമാന്യം നല്ല വലിപ്പമുണ്ടായിരുന്നു. 40 ഇഞ്ച് പൊക്കത്തില്‍ വളരുന്ന ഇവയെ ഇറച്ചിക്കായി മനുഷ്യന്‍ കൊന്നൊടുക്കുകയാണുണ്ടായത്. ഈ ജീവിയെ ആദ്യമായി കണ്ടെത്തി ഒരു നൂറ്റാണ്ട് തികയും മുമ്പ് ഇവയുടെ കഥ കഴിഞ്ഞു. പതിനേഴാം നൂറ്റാണ്ടിന്റെ രണ്ടാംപകുതിയോടെ ഡോഡൊ ചരിത്രമായി.
11. പാസഞ്ചര്‍ പ്രാവ് (Passenger Pigeon): വടക്കേയമേരിക്കന്‍ ഭൂഖണ്ഡത്തില്‍ റോക്കി പര്‍വതനിരയ്ക്ക് കിഴക്കുള്ള പ്രദേശത്ത് ഒരു കാലത്ത് കോടിക്കണക്കിന് പാസഞ്ചര്‍ പ്രാവുകള്‍ ജീവിച്ചിരുന്നു. മുമ്പ് വടക്കേയമേരിക്കയിലെ പക്ഷികളില്‍ 40 ശതമാനത്തോളം പാസഞ്ചര്‍ പ്രാവുകളായിരുന്നു. 19-ാം നൂറ്റാണ്ടില്‍ ഇവയുടെ സംഖ്യ ഏതാണ്ട് 500 കോടി വരുമായിരുന്നു എന്നാണ് കണക്ക്. കൂട്ടമായി പറക്കുമ്പോള്‍ മണിക്കൂറുകളോളം ഇവ ആകാശം മറയ്ക്കുമായിരുന്നു. മനുഷ്യന്റെ ആര്‍ത്തിയാണ് പാസഞ്ചര്‍ പ്രാവുകളെ ഇല്ലാതാക്കിയത്. ദിവസവും ആയിരങ്ങളെ വീതം കൊന്നൊടുക്കി. ഇവയുടെ പ്രജനനകേന്ദ്രങ്ങളില്‍ വരെ വേട്ട നീണ്ടു. പക്ഷികള്‍ എവിടെയുണ്ടെന്ന വിവരം വേട്ടക്കാര്‍ക്ക് എത്തിക്കാന്‍ ടെലഗ്രാഫ് സങ്കേതം വരെ ഉപയോഗിക്കപ്പെട്ടു. വേട്ടയാടിയ ആയിരക്കണക്കിന് പ്രാവുകള്‍ കമ്പോളത്തിലെത്തി. അറിയപ്പെടുന്ന അവസാനത്തെ പാസഞ്ചര്‍ പ്രാവിന്റെ പേര് മാര്‍ത്ത എന്നായിരുന്നു. 1914 സപ്തംബര്‍ ഒന്ന് പകല്‍ ഒരു മണിക്ക് സിന്‍സിനാറ്റി മൃഗശാലയില്‍ ആ ജീവി അന്ത്യശ്വാസം വലിച്ചു.
12. ബ്രിട്ടീഷ് ചെന്നായ (British Wolf): ഒരു കാലത്ത് ബ്രിട്ടനിലാകെ കാണപ്പെട്ടിരുന്ന ജീവിയാണിത്. രണ്ടായിരം വര്‍ഷം മുമ്പ് അവയുടെ സംഖ്യ പതിനായിരം വരുമായിരുന്നു എന്ന് കണക്കാക്കുന്നു. മനപ്പൂര്‍വം ബ്രിട്ടന്‍ ഈ ജീവിവര്‍ഗത്തെ നശിപ്പിക്കുകയായിരുന്നു. രാജ്യത്തെ മുഴുവന്‍ ചെന്നായകളെയും കൊന്നൊടുക്കാന്‍ 1281-ല്‍ എഡ്വേര്‍ഡ് രാജാവ് ഉത്തരവിട്ടു. ആ ക്യാമ്പയിന്‍ വിജയമായിരുന്നു. പതിനാറാം നൂറ്റാണ്ടോടെ ബ്രിട്ടീഷ് ചെന്നായയുടെ അവസാന അംഗവും നശിച്ചു. ചെന്നായകളെ തങ്ങളുടെ മണ്ണില്‍ നിന്ന് പൂര്‍മായി ഉന്‍മൂലനം ചെയ്ത രാജ്യമെന്ന ദുഷ്‌പേര് ബ്രിട്ടനുള്ളതാണ്.
13. സുവര്‍ണ തവള (Golden Toad): ആഗോളതാപനത്തിന്റെ ആദ്യഇരയെന്ന് കണക്കാക്കപ്പെടുന്ന ജീവിയാണ് സുവര്‍ണ തവള. കോസ്റ്റാറിക്കയിലെ കോടവനങ്ങളുടെ ഭാഗമായ ചെറിയൊരു പ്രദേശത്ത് മാത്രം കാണപ്പെട്ടിരുന്ന ഈ മനോഹര ജീവിയെ 1966-ലാണ് ആദ്യമായി കണ്ടെത്തിയത്. ഒരുകാലത്ത് മുപ്പതിനായിരത്തോളം സുവര്‍ണ തവളകള്‍ ആ കാട്ടില്‍ ഉണ്ടായിരുന്നതായി കണക്കാക്കുന്നു. ആഗോളതാപനത്തിന്റെ ഫലമായി അവയുടെ വാസഗേഹമായ കാട്ടിലെ ഈര്‍പ്പം കുറഞ്ഞതാണ് ആ ജീവിയെ നാശത്തിലേക്ക് തള്ളിവിട്ടത്. 1987-88 ലെ എല്‍നിനോ പ്രതിഭാസം അവയുടെ നാശത്തിന് ആക്കംകൂട്ടി. അവസാനമായി ഒരു സുവര്‍ണ തവളയെ മനുഷ്യന്‍ കണ്ടതായി രേഖപ്പെടുത്തിയിട്ടുള്ളത് 1989 മെയ് 15-നാണ്.
(കടപ്പാട്: ICUN; UNEP; World Watch Institute, www.mathrubhumi.com)
.
Subscribe to:
Post Comments (Atom)
താളുകളില്‍
-
►
2015
(2)
- ► January 2015 (2)
-
►
2014
(7)
- ► November 2014 (3)
- ► October 2014 (1)
- ► August 2014 (1)
-
►
2013
(21)
- ► November 2013 (1)
- ► April 2013 (3)
- ► March 2013 (4)
- ► February 2013 (4)
- ► January 2013 (6)
-
►
2012
(297)
- ► December 2012 (2)
- ► November 2012 (7)
- ► October 2012 (2)
- ► September 2012 (9)
- ► August 2012 (8)
- ► April 2012 (44)
- ► March 2012 (53)
- ► February 2012 (70)
- ► January 2012 (70)
-
►
2011
(395)
- ► December 2011 (62)
- ► November 2011 (69)
- ► October 2011 (64)
- ► September 2011 (71)
- ► August 2011 (73)
- ► April 2011 (2)
- ► March 2011 (2)
-
▼
2010
(50)
- ► November 2010 (8)
- ► October 2010 (12)
- ► September 2010 (6)
- ▼ August 2010 (4)
- ► April 2010 (9)
- ► March 2010 (2)
- ► February 2010 (4)
- ► January 2010 (4)
No comments:
Post a Comment