.

.

Wednesday, August 25, 2010

ആഗോളതാപനത്തിന്റെ ആദ്യ ഇര


അപൂര്‍വം പേരൊഴികെ ആരും കണ്ടിട്ടില്ലാത്ത ഒരു ജീവി, ലോകത്തെയാകെ ഗ്രസിച്ചു തുടങ്ങിയിരിക്കുന്ന ഒരു പ്രശ്‌നത്തിന്റെ മുന്നറിയിപ്പായി മാറിയതിന്റെ കഥയാണിത്. സുവര്‍ണ തവള (ഗോള്‍ഡന്‍ ടോഡ്) എന്നാണ് ആ ജീവിയുടെ പേര്. ആഗോളതാപനത്തിന്റെ ഫലമായി ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമായെന്ന് ശാസ്ത്രലോകം വിധിയെഴുതിയ ആദ്യജീവി. ഭൂമിക്ക് ചൂടുകൂടുന്നതിന്റെ ഫലമായി സമീപഭാവിയില്‍ അന്യംനില്‍ക്കുമെന്ന് പ്രവചിക്കപ്പെടുന്ന പത്തുലക്ഷത്തോളം വര്‍ഗങ്ങളുടെ പ്രതിനിധി.


കോസ്റ്റാറിക്കയിലെ മോന്റെവെര്‍ഡെ മേഖലയില്‍ വെറും പത്ത് ചതുരശ്രകിലോമീറ്റര്‍ വനപ്രദേശമായിരുന്നു ഈ ജീവിവര്‍ഗത്തിന്റെ വാസഗേഹം. ലോകത്ത് വേറൊരിടത്തും ഈ തവളകള്‍ ഉള്ളതായി കണ്ടെത്തിയിട്ടില്ല. സമുദ്രനിരപ്പില്‍നിന്ന് ഒന്നര കിലോമീറ്റര്‍ ഉയരെ മലയിടുക്കുകളിലെ കോടമഞ്ഞ് മൂടിയ ഉഷ്ണമേഖലാവനങ്ങളില്‍ 'ഒളിച്ചു' കഴിഞ്ഞിരുന്ന ഇവയെ, അമേരിക്കന്‍ ഗവേഷകനായ ജെയ് സാവേജ് കണ്ടത്തി 'ബ്യൂഫോ പെരിഗ്ലെനെസ്' (Bufo periglenes) എന്ന് ശാസ്ത്രീയനാമം നല്‍കിയത് 1966-ല്‍ മാത്രമാണ്. എഴുപതുകളില്‍ കോസ്റ്റാറിക്കയില്‍ ജൈവവൈവിധ്യ സംരക്ഷണസംരക്ഷണ പ്രവര്‍ത്തനങ്ങളിലെ സുവര്‍ണതാരമായി മാറിയ ഈ അപൂര്‍വ തവള പ്രചാരണ പോസ്റ്ററുകളില്‍ നിറഞ്ഞുനിന്നു.
സുവര്‍ണതവള മുന്നില്‍ പെട്ടാല്‍ ആരും സ്തംഭിച്ച് നിന്നുപോകുമെന്ന്, ആ ജീവിയെ അവസാനമായി കാണാന്‍ അവസരമുണ്ടായ മാര്‍ട്ടി ക്രംപ് എന്ന ഗവേഷക രേഖപ്പെടുത്തുന്നു. അത്ര ഉജ്ജ്വലമായ ദൃശ്യമാണത്രേ അത്. സ്വര്‍ണത്തില്‍ നിര്‍മിച്ച കളിപ്പാട്ടം എന്നല്ലാതെ, അതൊരു ജീവിയാണെന്ന് ആദ്യം വിശ്വാസം വരില്ലെന്നാണ് അവര്‍ പറയുന്നത്. 'കാനനമധ്യേ ചിതറിക്കിടക്കുന്ന രത്‌നങ്ങള്‍ പോലയാണവ' ഇന്‍ സെര്‍ച്ച് ഓഫ് ദി ഗോള്‍ഡന്‍ ഫ്രോഗ് എന്ന ഗ്രന്ഥത്തില്‍ ആ ഗവേഷക രേഖപ്പെടുത്തുന്നു. അഞ്ച് സെന്റീമീറ്ററോളം നീളമുള്ള ഈ തവളകളില്‍ ആണ്‍ജീവികള്‍ക്കാണ് സ്വര്‍ണവര്‍ണം. പെണ്‍തവളകള്‍ കറുപ്പില്‍ പലനിറത്തിലുള്ള പൊട്ടുകളുള്ളവയാണ്. മുപ്പതിനായിരത്തോളം സുവര്‍ണതവളകള്‍ മോന്റെവെര്‍ഡെ കാട്ടില്‍ ഒരുകാലത്ത് ഉണ്ടായിരുന്നു എന്നാണ് കണക്ക്.

വര്‍ഷത്തില്‍ ഏറിയപങ്കും 'അണ്ടര്‍ഗ്രൗണ്ടില്‍' ആയിരിക്കും എന്നതാണ് ഈ ജീവികളുടെ പ്രത്യേകത. കോടക്കാടുകളിലെ തറയില്‍ മണ്‍കൂനകള്‍ക്കും വേരുകള്‍ക്കും കീഴെ കഴിയുന്ന സുവര്‍ണ തവളകള്‍ ഏപ്രില്‍-മെയ് കാലയളവില്‍, മഴ തുടങ്ങുമ്പോള്‍, മാത്രമാണ് പുറത്തിറങ്ങുക. പ്രജനനം നടത്താനാണ് ആ വരവ്. വെള്ളം കെട്ടിനില്‍ക്കുന്ന ചെറിയ ഊറ്റുകുഴികള്‍ക്ക് ചുറ്റും സ്വര്‍ണവര്‍ണമാര്‍ന്ന ഡസണ്‍ കണക്കിന് തവളകള്‍ ഇണകള്‍ക്കായി മത്സരിക്കും. ഏത് ആണ്‍തവളയ്ക്ക് ഏത് ഇണയെ കിട്ടും എന്നത് പ്രവചിക്കാനേ കഴിയില്ല. 'ഞാന്‍ ഇതുവരെ കണ്ടിട്ടുള്ളതില്‍ ഏറ്റവും അതുല്യമായ കാഴ്ച' എന്നാണ് മാര്‍ട്ടി ക്രംപ് ഇതെപ്പറ്റി പറയുന്നത്. അതുകഴിഞ്ഞാല്‍ വീണ്ടും അണ്ടര്‍ഗ്രൗണ്ടിലേക്ക്! ഓരോ പെണ്‍തവളയും 200 മുതല്‍ 400 വരെ മുട്ടകളിടും. വെള്ളത്തില്‍ കിടന്ന് അവ രണ്ടുമാസംകൊണ്ട് വിരിഞ്ഞ് വാല്‍മാക്രികളാകും.

1987 വരെ ഇതായിരുന്നു സ്ഥിതി. ആ വര്‍ഷം പക്ഷേ, കോസ്റ്റാറിക്ക പതിവില്ലാത്ത വിധം വരള്‍ച്ചയില്‍ പെട്ടു. ശാന്തസമുദ്രത്തില്‍ ശക്തിപ്രാപിച്ചിരുന്ന എല്‍നിനോ പ്രതിഭാസമായിരുന്നു കാരണം. അന്ന് മോന്റെവെര്‍ഡെ ക്ലൗഡ് ഫോറസ്റ്റ് റിസര്‍വിലുള്ള 'ഗോള്‍ഡന്‍ ടോഡ് ലബോറട്ടറി ഫോര്‍ കണ്‍സര്‍വേഷനി'ല്‍ പ്രവര്‍ത്തിച്ചുന്ന മാര്‍ട്ടി ക്രംപ്, 1987 ഏപ്രില്‍ 15-ന് 133 സുവര്‍ണ തവളകള്‍ ഇണചേരാനായി പ്രത്യക്ഷപ്പെട്ട കാര്യം രേഖപ്പെടുത്തി. പക്ഷേ, വരണ്ട കാലാവസ്ഥയില്‍ ഊറ്റുകുഴികള്‍ പെട്ടന്ന് വറ്റി. തവളകള്‍ തിരിച്ചു പോയതിന് പിന്നാലെ മുട്ടകള്‍ ചെളിയില്‍ പുതഞ്ഞ് നശിക്കുന്ന കാഴ്ചയാണ് ദിവസങ്ങള്‍ കഴിഞ്ഞ് ആ ഗവേഷക നിരീക്ഷിച്ചത്.

തങ്ങളുടെ വംശത്തിന്റെ വിധി തിരിച്ചറിഞ്ഞിട്ടെന്ന പോലെ, കാട്ടില്‍ മറഞ്ഞ തവളകള്‍ ഒരു മാസത്തിന് ശേഷം മഴപെയ്തപ്പോള്‍ ഒരിക്കല്‍കൂടി തിരികെയെത്തി ഇണചേരല്‍ നടത്തി. പത്ത് ചെറുകുളങ്ങളിലായി 43,500 മുട്ടകള്‍ ക്രംപ് കണ്ടെത്തി. പക്ഷേ, കുളങ്ങള്‍ വീണ്ടും വറ്റി. വെറും 29 വാല്‍മാക്രികള്‍ മാത്രമേ ഒരാഴ്ചയില്‍ കൂടുതല്‍ നിലനിന്നുള്ളു. അതിനടുത്ത വര്‍ഷത്തെ പ്രജനന സീസണില്‍ മോന്റെവെര്‍ഡെയിലെത്തി വിശദമായ അന്വേഷണം നടത്തിയിട്ടും, ഏകനായ ഒരു സുവര്‍ണതവളയെ അല്ലാതെ മറ്റൊന്നിനെയും ക്രംപിന് കണ്ടെത്താനായില്ല. 1988 ജൂണ്‍ 18-ന് അവര്‍ തന്റെ നോട്ട്ബുക്കില്‍ ഇങ്ങനെ രേഖപ്പെടുത്തി: 'അവസാനം നീണ്ട വേനലിന് അന്ത്യമായി. കഴിഞ്ഞ വര്‍ഷം നൂറുകണക്കിന് സുവര്‍ണ തവളകള്‍ ഇണകള്‍ക്കായി മത്സരിച്ച സ്ഥലങ്ങളെല്ലാം ശൂന്യം. ഒറ്റ തവളയെപ്പോലും കാണാനില്ല. സ്വര്‍ണവര്‍ണമുള്ള ആ ചലനങ്ങളില്ലാതെ, വനത്തിന് വന്ധ്യതയും ദൈന്യതയും ബാധിച്ചതുപോലെ!'

ഒരുവര്‍ഷം കൂടി കഴിഞ്ഞു. സുവര്‍ണ തവളകളെത്തേടി കാട്ടില്‍ അലയുന്നതിനിടെ, 1989 മെയ് 15-ന് മാര്‍ട്ടി ക്രംപ് വീണ്ടുമൊരു ഏകനായ തവളയെ കണ്ടു. അതായിരുന്നു അവസാനമായി മനുഷ്യന്‍ കണ്ട സുവര്‍ണ തവള. കോസ്റ്റാറിക്കയില്‍ പിന്നീട് ഗവേഷകര്‍ ഒട്ടേറെ പര്യവേക്ഷണങ്ങള്‍ നടത്തിയിട്ടും ആ ജീവിയെ കണ്ടിട്ടില്ല. വര്‍ഷങ്ങള്‍ കടന്നുപോയതോടെ കാര്യം വ്യക്തമായി. ആ മനോഹര ജീവി ഭൂമിയില്‍ അവശേഷിച്ചിട്ടില്ല. വംശനാശം സംഭവിച്ച ജീവികളുടെ പട്ടികയില്‍ 2004-ഓടെ അന്താരാഷ്ട്ര പ്രകൃതി സംരക്ഷണ യൂണിയന്‍ (ഐ.യു.സി.എന്‍) സുവര്‍ണ തവളയുടെ പേരും ചേര്‍ത്തു. ഒരുകാലത്ത് പ്രദേശവാസികളുടെ ഐതീഹ്യങ്ങളില്‍ നിലനിന്നിരുന്ന ആ അപൂര്‍വജീവി ഇപ്പോള്‍ അവരുടെ ഓര്‍മകളില്‍ മാത്രമായി ചുരുങ്ങിയിരിക്കുന്നു.

സുവര്‍ണതവള അവശേഷിച്ചില്ലെങ്കിലും അതിന് എന്തുസംഭവിച്ചു എന്നറിയാനുള്ള ആകാംക്ഷ നിലനിന്നു. അതാണ് കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് ഗവേഷകരെ പ്രേരിപ്പിച്ചത്. സുവര്‍ണ തവള ഉള്‍പ്പടെ, ആ വനമേഖലയിലെ ഒട്ടേറെ ജീവിവര്‍ഗങ്ങളുടെ തിരോധാനത്തിന് പിന്നില്‍ കാലാവസ്ഥാമാറ്റം ഒരു ഘടകമാണെന്ന് ആദ്യംമുതലേ പലരും സംശയിച്ചിരുന്നു. 1999-ല്‍ 'നേച്ചര്‍' മാഗസിനിലൂടെ പുറത്തുവന്ന ഒരു പഠനം കാര്യങ്ങള്‍ക്ക് വ്യക്തത നല്‍കി. സുവര്‍ണ തവളകളുടെ ദുര്‍വിധിക്കുള്ള കാരണം മാത്രമല്ല, ഉഷ്ണമേഖലാകാടുകളിലെ ജൈവവൈവിധ്യത്തിന് കാലാവസ്ഥാമാറ്റം കാത്തുവെച്ചിട്ടുള്ള വിധിയെന്താണെന്ന് സൂചന നല്‍കാനും ആ പഠനം സഹായിച്ചു.

ഈസ്റ്റ് ആംഗ്ലിയ സര്‍വകലാശാലയ്ക്ക് കീഴില്‍ ക്ലൈമറ്റ് റിസര്‍ച്ച് യൂണിറ്റിലെ മൈക്ക് ഹ്യൂല്‍മിയും നിക്കോള ഷേര്‍ഡും ചേര്‍ന്ന് നടത്തിയ ആ പഠനത്തില്‍, 1970-കള്‍ക്ക് ശേഷം മോന്റെവെര്‍ഡെ കാടുകളില്‍ കോടമഞ്ഞില്ലാത്ത ദിവസങ്ങളുടെ എണ്ണം പതിവില്ലാത്ത വിധം വര്‍ധിച്ചതായി കണ്ടെത്തി. ആഗോളതാപനത്തിന്റെ ഫലമായി മധ്യപടിഞ്ഞാറന്‍ ശാന്തസമുദ്രത്തിലെ ഉപരിതല ഊഷ്മാവ് വര്‍ധിച്ചപ്പോള്‍, അന്തരീക്ഷവായു ചൂടാവുകയും മേഘങ്ങളുടെ വിതാനം ഉയര്‍ന്നു പോവുകയും ചെയ്തു. അതാണ് മലഞ്ചെരുവുകളിലെ കാടുകളില്‍നിന്ന് കോടമഞ്ഞ് അകറ്റിയത്. കോടമഞ്ഞെന്നാല്‍ ഈര്‍പ്പവും ജലബാഷ്പവുമാണ്. അത് അകന്നതോടെ സുവര്‍ണ തവളകളുടെ നിലനില്‍പ്പ് ഭീഷണിയിലായി. ആ വര്‍ഗത്തിന്റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയായി 1987 കാലത്തെ എല്‍നിനോയും അതുവഴിയുണ്ടായ വരള്‍ച്ചയും.

കല്‍ക്കരിയും പെട്രോളും ഉള്‍പ്പടെയുള്ള ഫോസില്‍ ഇന്ധനങ്ങള്‍ കത്തിക്കുമ്പോള്‍ പുറത്ത് വരുന്ന കാര്‍ബണ്‍ഡയോക്‌സയിഡാണ് ആഗോളതാപനത്തിലെ മുഖ്യപ്രതി. 'നമ്മുടെ കല്‍ക്കരി നിലയങ്ങളും കൊട്ടാരസമാനമായ കാറുകളുമുപയോഗിച്ചാണ് നമ്മള്‍ സുവര്‍ണ തവളയെ കൊന്നത്; അവ ജീവിച്ചിരുന്ന വനം ബുള്‍ഡോസര്‍ വെച്ച് ഇടിച്ച് നിരത്തിയാലെന്നപോല'- ദി വെതര്‍ മേക്കേഴ്‌സ് എന്ന ഗ്രന്ഥത്തില്‍ പരിസ്ഥിതി ശാസ്ത്രജ്ഞന്‍ ടിം ഫ്ലനെറി അഭിപ്രായപ്പെടുന്നു. മഞ്ഞുമൂടിയ മലകളില്‍ കഴിയുന്ന നിഗൂഢജീവികളായ സുവര്‍ണ തവളകളെക്കുറിച്ച് കോസ്റ്റാറിക്കയിലെ ഗോത്രവര്‍ഗക്കാര്‍ക്കുള്ള വിശ്വാസങ്ങളിലൊന്ന്, 'അവയെ ആരാണോ കണ്ടെത്തുന്നത് അയാള്‍ക്ക് ആനന്ദം ലഭിക്കും' എന്നാണ്. ഇനിആര്‍ക്കും ആ ജീവിയെ കണ്ടെത്താന്‍ കഴിയില്ല എന്നുവരുമ്പോള്‍ നമ്മുക്ക് എന്താണ് ലഭിക്കാനിരിക്കുന്നത്!


അവലംബം:
Crump, Marty (2000), In Search of the Golden Frog (Chicago: The Chaicago University Press)

Flannery, Tim (2005), The Weather Makers: How Man Is Changing the Climate and What It Means for Life on Earth (Melbourne: The Text Publishing Company)

Silver, Jerry (2008), Global Warming and Climate Change Demystified (New York: McGrawHill Books)

www.mathrubhumi.com

No comments:

Post a Comment

Related Posts Plugin for WordPress, Blogger...
"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക