.

.

Saturday, December 22, 2012

അപൂര്‍വ ഉഭയജീവിയെ 30 വര്‍ഷത്തിന് ശേഷം പശ്ചിമഘട്ടത്തില്‍ കണ്ടെത്തി

കോഴിക്കോട്: മൂന്നുപതിറ്റാണ്ടായി ശാസ്ത്രലോകത്തിന് പിടികൊടുക്കാത്ത അപൂര്‍വ ഉഭയജീവിവര്‍ഗത്തെ പശ്ചിമഘട്ടത്തില്‍നിന്ന് ഗവേഷകര്‍ കണ്ടെത്തി. 1979 ന് ശേഷം ഇതുവരെ കണ്ടിട്ടില്ലാത്ത 'ഇഗ്‌ത്യോഫിസ് ലോന്‍ഗിസിഫാലസ്' (Ichthyophis longicephalus) എന്ന കാലില്ലാത്ത ഉഭയജീവിയെയാണ് കേരളത്തിലെ വിവിധ വനപ്രദേശങ്ങളില്‍ കണ്ടെത്തിയത്.

ഇന്ത്യ, ബ്രിട്ടന്‍, അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള അന്താരാഷ്ട്ര ഗവേഷകസംഘമാണ് കണ്ടെത്തലിന് പിന്നില്‍. ലണ്ടനില്‍നിന്നുള്ള 'നാച്ചുറല്‍ ഹിസ്റ്ററി ജേര്‍ണലി'ന്റെ പുതിയ ലക്കത്തിലാണ് ഇതുസംബന്ധിച്ച പഠനവിരമുള്ളത്. 

അന്താരാഷ്ട്ര പ്രകൃതി സംരക്ഷണ യൂണിയന്റെ (ഐ.യു.സി.എന്‍) 'സെര്‍ച്ച് ഫോര്‍ ദി ലോസ്റ്റ് ആംഫീബിയന്‍സ്' പദ്ധതിയുടെ ഭാഗമായി രണ്ടുവര്‍ഷം മുമ്പ് പശ്ചിമഘട്ട മേഖലയില്‍ നടന്ന പര്യവേക്ഷണത്തിലാണ് സീസിലിയന്‍ വര്‍ഗത്തില്‍പെട്ട ലോന്‍ഗിസിഫാലസിനെ വീണ്ടും കണ്ടെത്തിയത്. 

കണ്ണൂരിലെ ആറളം വനമേഖല, കോഴിക്കോട്ടെ കണിയാട് റിസര്‍വ് ഫോറസ്റ്റ് എന്നിവിടങ്ങളില്‍ നിന്നാണ് ലോന്‍ഗിസിഫാലസ് വര്‍ഗത്തെ പുതിയതായി കണ്ടെത്തിയത്. 1990 ല്‍ വയനാട്ടിലെ തിരുനെല്ലിയില്‍നിന്ന് ശേഖരിച്ച് അമേരിക്കയിലെ മിഷിഗണ്‍ സര്‍വകലാശാലയില്‍ സൂക്ഷിച്ചിട്ടുള്ള സാമ്പിളും ആ വര്‍ഗത്തിന്റേതാണെന്ന് ജനിതകപഠനം തെളിയിച്ചു. 

പാലക്കാട് ചിറ്റൂര്‍ ഗവണ്‍മെന്റ് കോളേജിലെ സുവോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ രാമചന്ദ്രന്‍ കോതറമ്പത്ത്, കേരള സംസ്ഥാന ജൈവവൈവിധ്യബോര്‍ഡ് ചെയര്‍മാന്‍ ഉമ്മന്‍ വി.ഉമ്മന്‍, ലണ്ടന്‍ നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയത്തിലെ സീസിലിയന്‍ വിദഗ്ധരായ ഡേവിഡ് ഗോവെര്‍, മാര്‍ക്ക് വില്‍ക്കിന്‍സണ്‍, തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയിലെ സനില്‍ ജോര്‍ജ്, മിഷിഗണ്‍ സര്‍വകലാശാലയിലെ റൊണാള്‍ഡ് നുസ്സ്‌ബോം എന്നിവരാണ് പഠനസംഘത്തിലുണ്ടായിരുന്നത്.

നീളന്‍ ശരീരത്തിന്റെ മേല്‍ഭാഗം ഇരുണ്ട തവിട്ടും, അടിഭാഗം മഞ്ഞനിറവുമുള്ള ജീവികളാണ് ലോന്‍ഗിസിഫാലസുകള്‍. 25 മുതല്‍ 30 സെന്റീമീറ്റര്‍ വരെ നീളമുണ്ട്. ഉഷ്ണമേഖലാ വനപ്രദേശത്ത് ഈര്‍പ്പമുള്ള മണ്ണിലാണ് ഇവ കാണപ്പെടുന്നത്.

'കുരുടിപ്പാമ്പ്' തുടങ്ങിയ നാടന്‍ പേരുകളിലറിയപ്പെടുന്ന വലിയ വിരകളുടെ രൂപമുള്ള ഉഭയജീവികളാണ് 'ലോന്‍ഗിസിഫാലസ്' ഉള്‍പ്പടെയുള്ള സീസിലിയന്‍ വര്‍ഗത്തിലെ ജീവികള്‍. ഈ ജീവിവര്‍ഗം തികച്ചും നിരുപദ്രവകാരികളാണെന്ന്, കാസര്‍കോഡ് ഉദുമ സ്വദേശിയായ രാമചന്ദ്രന്‍ കോതറമ്പത്ത് പറയുന്നു. 'വീട്ടുമുറ്റത്ത് കാണുന്ന ഒരു തവളയെപ്പോലെയേ ഉള്ളൂ ഇവയും'. 

'നമ്മുടെ കാല്‍ക്കീഴിലെ മണ്ണില്‍ നിഗൂഢ ജീവിതം നയിക്കുന്ന സീസിലിയനുകളെക്കുറിച്ച് ശാസ്ത്രലോകം അറിഞ്ഞുതുടങ്ങുന്നതേയുള്ളൂ'-രാമചന്ദ്രന്‍ പറയുന്നു. 'ഉഷ്ണമേഖലാവനപ്രദേശത്തെ മണ്ണിന്റെയും പരിസ്ഥിതിവ്യൂഹത്തിന്റെയും നിലനില്‍പ്പിന് ലോന്‍ഗിസിഫാലസുകള്‍ പോലുള്ള ജീവികളും അനിവാര്യമാണ്.'

'ശരിക്കുപറഞ്ഞാല്‍, നമ്മുടെ അവശേഷിക്കുന്ന വനങ്ങളും പരിസ്ഥിതിവ്യൂഹങ്ങളും പരിരക്ഷിക്കേണ്ടതിന്റെ പ്രാധാന്യംകൂടി ഇതുപോലുള്ള കണ്ടെത്തലുകള്‍ വഴി കൂടുതല്‍ വ്യക്തമാക്കുന്നു'-അദ്ദേഹം ചൂണ്ടിക്കാട്ടി.

ഐ.യു.സി.എന്‍. ചുവപ്പുപട്ടികയില്‍ 'നിലവില്‍ വിവരമില്ല' എന്നാണ് ലോന്‍ഗിസിഫാലസ് വര്‍ഗത്തിന്റെ പദവി. ആദ്യം കണ്ടെത്തിയ സൈലന്റ് വാലി ഉള്‍പ്പടെ പാലക്കാട് ചുരത്തിന് വടക്ക് നാലിടത്ത് ഈ വര്‍ഗത്തെ കണ്ട സ്ഥിതിക്ക്, 'വ്യാകുലപ്പെടേണ്ട കാര്യമില്ലാത്ത' ജീവികള്‍ക്കൊപ്പം ഇവയ്ക്ക് സ്ഥാനക്കയറ്റം നല്‍കണമെന്ന് ഗവേഷകര്‍ ശുപാര്‍ശ ചെയ്തു.

 


സീസിലിയന്‍ ഗവേഷണത്തിന്റെ സുവര്‍ണകാലം

'സെര്‍ച്ച് ഫോര്‍ ദി ലോസ്റ്റ് ആംഫീബിയന്‍സ്' എന്ന ഐ.യു.സി.എന്‍.പദ്ധതിയുടെ ഭാഗമായി രാമചന്ദ്രനും കൂട്ടരും ആദ്യം പര്യവേക്ഷണം നടത്തിയത് സൈലന്റ് വാലിയിലാണ്. രണ്ടുതവണ അവിടെ അലഞ്ഞിട്ടും ലോന്‍ഗിസിഫാലസിനെ കണ്ടുകിട്ടിയില്ല. 

സുവോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയിലെ ഡോ.ആര്‍.എസ്.പിള്ളയാണ് ലോന്‍ഗിസിഫാലസിനെ 1979 ല്‍ സൈലന്റ് വാലിയിലെ കുന്തിപ്പുഴയ്ക്ക് സമീപത്തുനിന്ന് കണ്ടെത്തിയത്. സൈലന്റ് വാലി പ്രശ്‌നം കത്തിനിന്ന സമയമായിരുന്നു അത്. 

അതിന് ശേഷം, 1999 ല്‍ തെക്കന്‍ തമിഴ്‌നാട്ടിലെ കളക്കാട്ട് നിന്ന് ലോന്‍ഗിസിഫാലസിന്റെ ഒരു റഫറല്‍ സാമ്പിള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടെങ്കിലും, രാമചന്ദ്രനും കൂട്ടരും ഇപ്പോള്‍ നടത്തിയ പഠനത്തില്‍ ആ സാമ്പിള്‍ ലോന്‍ഗിസിഫാലസ് അല്ല എന്ന് സ്ഥിരീകരിച്ചു.

'സെര്‍ച്ച് ഫോര്‍ ദി ലോസ്റ്റ് ആംഫീബിയന്‍സ്' പരിപാടിയുടെ ഭാഗമായി 2010 ല്‍ ഇന്ത്യയില്‍ നടന്ന ഏക പര്യവേക്ഷണം ലോന്‍ഗിസിഫാലസിനെ വീണ്ടും കണ്ടെത്താന്‍ കേരളത്തില്‍ നടന്നതാണ്. 





ലോന്‍ഗിസിഫാലസ് വര്‍ഗത്തെ കണ്ടെത്തിയ സ്ഥലങ്ങള്‍

സൈലന്റ് വാലിക്ക് ശേഷം രാമചന്ദ്രനും സംഘവും വിവിധ സ്ഥലങ്ങളില്‍ പര്യവേക്ഷണം നടത്തി. കണ്ണൂരിലെ ആറളം വന്യജീവി മേഖലയില്‍ നിന്നാണ് ലോന്‍ഗിസിഫാലസ് വര്‍ഗത്തെ അവര്‍ക്ക് കണ്ടെത്താനായത്. പിന്നീട് കോഴിക്കോട് വെള്ളരിമലയ്ക്ക് സമീപം കണിയാട് റിസര്‍വ് ഫോറസ്റ്റില്‍ നിന്നും ആ ജീവിയെ ഗവേഷകര്‍ തേടിപ്പിടിച്ചു. കൂടുതല്‍ ഗവേഷണത്തില്‍ യു.എസിലെ മിഷിഗണില്‍ സൂക്ഷിച്ചിട്ടുള്ള തിരുനെല്ലിയില്‍നിന്നുള്ള 1990 ലെ സാമ്പിളും ലോന്‍ഗിസിഫാലസിന്റേതാണെന്ന് തെളിഞ്ഞു. 

തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയിലാണ് ലോന്‍ഗിസിഫാലസിന്റെ ഡി.എന്‍.എ.വിശകലനം നടത്തിയതെന്ന് രാമചന്ദ്രന്‍ അറിയിച്ചു. ടാക്‌സോണമിക്കല്‍ പഠനം ലണ്ടനില്‍ നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയത്തിലാണ് നടന്നത്. 

ഭൂമുഖത്ത് ആറായിരത്തോളം ഉഭയജീവിവര്‍ഗങ്ങളുള്ളതില്‍ അയ്യായിരവും തവളകളാണ്. ബാക്കിയുള്ളവയില്‍ സീസിലിയനുകളും ഉള്‍പ്പെടുന്നു. 

ഭൂമധ്യരേഖാപ്രദേശത്തെ ഉഷ്ണമേഖലാ കാടുകളും പരിസരങ്ങളുമാണ് സീസിലിയനുകളുടെ വാസഗേഹം. ലോകത്താകെ 190 ഇനം സീസിലിയനുകളുണ്ടെന്നാണ് കണക്ക്. അതില്‍ 26 ഇനങ്ങളെ പശ്ചിമഘട്ടത്തില്‍ നിന്നാണ് കണ്ടെത്തിയിട്ടുള്ളത്. ആ 26 ഇനങ്ങളില്‍ 15 ഇനവും കേരളത്തിലെ വനമേഖലകളിലാണുള്ളത്. 

'ശരിക്കുപറഞ്ഞാല്‍ സീസിലിയന്‍ ഗവേഷണത്തിന്റെ സുവര്‍ണകാലമാണിത്'-രാമചന്ദ്രന്‍ അറിയിക്കുന്നു. 'ഈ ജീവികളെക്കുറിച്ച് ഗവേഷകര്‍ ഊര്‍ജിതമായ ഗവേഷണം ആരംഭിച്ചിട്ട് പത്തുവര്‍ഷത്തോളമേ ആകുന്നുള്ളൂ'.

ലോന്‍ഗിസിഫാലസ് വര്‍ഗത്തെ തേടിയുള്ള അന്വേഷണത്തിനിടെ രാമചന്ദ്രനും കൂട്ടരും ചില പുതിയയിനം സീസിലിയന്‍ ജീവികളെ കണ്ടെത്തുകും ചെയ്തു. വയനാട്ടില്‍ സുഗന്ധഗിരി ഏലത്തോട്ടത്തില്‍ നിന്ന് കണ്ടെത്തിയ 'ഗഗനിയോഫിസ് പ്രൈമസ്' അതിലൊരെണ്ണമായിരുന്നു. 

ഉഭയജീവി ഗവേഷണരംഗത്ത് ലോകപ്രശസ്തനായ മലയാളി ശാസ്ത്രജ്ഞന്‍ എസ്.ഡി.ബിജുവും സംഘവും പുതിയൊരു സീസിലിയന്‍ കുടുംബത്തെ തിരിച്ചറിഞ്ഞ കാര്യം പുറത്തുവന്നതും ഈവര്‍ഷമാണ്. 'ചിക്കിലിഡേ' എന്നാണ് ആ പുതിയ ഉഭയജീവി കുടുംബത്തിന്റെ പേര്. 



22 Dec 2012 Mathrubhumi Online News
-ജോസഫ് ആന്റണി

No comments:

Post a Comment

Related Posts Plugin for WordPress, Blogger...
"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക