
കഴിഞ്ഞ ഒരു ദശകത്തില്‍ കേരളതീരത്ത് ആയിരംപല്ലി മത്സ്യങ്ങളുടെ ലഭ്യത ഉണ്ടായിട്ടില്ല. കേരള സര്‍വകലാശാലയിലെ അക്വാട്ടിക് ബയോളജി ആന്‍ഡ് ഫിഷറീസ് വിഭാഗം നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.
കേരളതീരത്ത് ഏറ്റവും ഉയര്‍ന്ന ശ്രേണിയിലുള്ള ഇര...പിടിയന്‍ (നങ്കു) മത്സ്യമാണ് ആയിരംപല്ലി. നീണ്ടുകൂര്‍ത്ത നിരവധി പല്ലുകളാണ് ഈ പേര് വരാന്‍ കാരണം. രണ്ടടി വരെ വളരുന്ന ഇവയ്‌ക്ക് പത്തു കിലോഗ്രാമോളം തൂക്കം വരും. ഇന്ത്യന്‍-ശാന്ത സമുദ്രങ്ങളില്‍ ചെങ്കടല്‍ മുതല്‍ കിഴക്കന്‍ ആഫ്രിക്ക വരെയും ജപ്പാനിലും ഓസ്‌ട്രേലിയയിലും കാണപ്പെടുന്ന ആയിരംപല്ലിക്ക് യൂറോപ്പിലും അമേരിക്കയിലും വളരെയേറെ ആവശ്യക്കാരുണ്ട്. ഇന്ത്യന്‍ ടര്‍ബട്ട് (സെറോഡസ് എറൂമി) എന്നറിയപ്പെടുന്ന ഈ മത്സ്യത്തിന് കേരളത്തിലും ഉയര്‍ന്ന വില ലഭ്യമായിരുന്നു.
കേരള ശാസ്‌ത്ര സാങ്കേതിക പരിസ്‌ഥിതി കൗണ്‍സിലിന്റെ സഹായത്തോടെ കേരളതീരത്തെ സമുദ്രജൈവവൈവിധ്യത്തെക്കുറിച്ച് നടത്തുന്ന പഠനങ്ങള്‍ 34 ഇനം നങ്കു മത്സ്യങ്ങളെ രേഖപ്പെടുത്തിയിട്ടുണ്ട്. ഇരപിടിയന്‍മാരുടെ നാശം സമുദ്ര ആവാസവ്യവസ്‌ഥയിലും ഭക്ഷ്യശൃംഖലയിലും കാര്യമായ മാറ്റങ്ങള്‍ക്ക് കാരണമാകും.
കേരളത്തില്‍ മറ്റ് നങ്കു മത്സ്യങ്ങള്‍ ധാരാളമായി ലഭിക്കുന്നത് ആയിരംപല്ലിയുടെ തിരോധാനം ശ്രദ്ധിക്കപ്പെടാതെ പോകുന്നതിന് കാരണമായിട്ടുണ്ട്.
മത്സ്യഫെഡിന്റെ കൊച്ചിയിലുള്ള സ്‌റ്റാളില്‍ പരിമിതമായ തോതില്‍ എത്തുന്ന ആയിരംപല്ലി മത്സ്യങ്ങള്‍ ആന്ധ്രാ തീരത്തുനിന്നു വരുന്നവയാണ്.
കിഴക്കന്‍ തീരത്ത് ഇവയുടെ സാന്നിധ്യം ബാക്കിയുള്ളത് കൃത്രിമസാഹചര്യത്തില്‍ വളര്‍ത്താനും പ്രജനനം നടത്താനുമുള്ള സാധ്യതകള്‍ തുറന്നുതരുന്നുണ്ടെന്നും പഠനം പറയുന്നു. ആയിരംപല്ലിയുടെ തിരോധാനം അമിതമായ മത്സ്യബന്ധനം, ട്രോളിംഗ് എന്നിവ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളിലേക്കു കൂടി വിരല്‍ചൂണ്ടുന്നതായി അക്വാട്ടിക് ബയോളജി വിഭാഗത്തിലെ ഡോ.എ. ബിജുകുമാര്‍ വ്യക്‌തമാക്കി.
No comments:
Post a Comment