.

.

Tuesday, March 27, 2012

കെണിയില്‍ കുടുങ്ങിയ കടുവയെ വനത്തില്‍ തുറന്നുവിട്ടു

സുല്‍ത്താന്‍ബത്തേരി: ഒരാഴ്ച മുമ്പ് സി.സി. എസ്റ്റേറ്റും പിന്നീട് കൃഷ്ണഗിരി എസ്റ്റേറ്റും താവളമാക്കിയ കടുവയെ വനംവകുപ്പ് കൂടുവെച്ച് പിടിച്ചു.
തിങ്കളാഴ്ച പുലര്‍ച്ചെയാണ് കടുവ കൃഷ്ണഗിരി എസ്റ്റേറ്റില്‍വെച്ച കെണിയിലകപ്പെട്ടത്. അഞ്ചുവയസ്സ് തോന്നിക്കുന്ന ഇതിനെ പിന്നീട് കേരള-കര്‍ണാടക അതിര്‍ത്തിയിലെ ദെട്ടകുളസിയില്‍ തുറന്നുവിട്ടു.

ജനവാസകേന്ദ്രങ്ങളില്‍ കടുവ ഇറങ്ങുക അപൂര്‍വമാണെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. ഉള്‍വനങ്ങളിലാണ് സാധാരണ കടുവകളെ കാണാറുള്ളത്. സംസ്ഥാനത്ത് ആദ്യമായാണ് കടുവയെ കെണിവെച്ച് പിടികൂടുന്നതെന്ന് വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ കെ.കെ. സുനില്‍കുമാര്‍ പറഞ്ഞു. കുറിച്ച്യാട് റെയ്ഞ്ചിലെ മൂടക്കൊല്ലി, തേന്‍കുഴി ഭാഗത്ത് രണ്ടാഴ്ചമുമ്പ് നാട്ടുകാര്‍ കടുവയെ കണ്ടിരുന്നു. ഈ കടുവ തന്നെയാകും കൃഷ്ണഗിരിയില്‍ എത്തിയതെന്ന് സംശയിക്കുന്നു. തേന്‍കുഴിയില്‍നിന്ന് സി.സി. എസ്റ്റേറ്റ് വഴി കൃഷ്ണഗിരി എസ്റ്റേറ്റില്‍ എത്തിയതാകാനാണ് സാധ്യതയെന്ന് റെയ്ഞ്ച് ഓഫീസര്‍ കെ. രാധാകൃഷ്ണലാല്‍ പറഞ്ഞു.


നാട്ടുകാര്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്നാണ് വനംവകുപ്പ് കഴിഞ്ഞദിവസം കൂട് സ്ഥാപിച്ചത്. തുടക്കത്തില്‍ പുലിയെന്നാണ് കരുതിയത്. പുലിശല്യം ഏറെയുള്ള പ്രദേശമാണ് തൊട്ടടുത്ത ബീനാച്ചി എസ്റ്റേറ്റ്. എന്നാല്‍ തോട്ടത്തില്‍ കണ്ട കാലടിപ്പാടുകളും മറ്റും പരിശോധിച്ചപ്പോഴാണ് കടുവയാണെന്ന് തിരിച്ചറിഞ്ഞത്.
ഇതിനിടെ വെള്ളിയാഴ്ച കാട്ടുപന്നിയെ കടുവ പിടിച്ചത് ശ്രദ്ധയില്‍പ്പെട്ടു. പന്നിയുടെ അവശിഷ്ടങ്ങള്‍ വനംവകുപ്പുകാര്‍ കൂട്ടില്‍ കൊണ്ടിടുകയായിരുന്നു. ഇത് തിന്നാനെത്തിയപ്പോഴാണ് കടുവ കെണിയില്‍ കുടുങ്ങിയത്.
സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷന്റെ കീഴില്‍ വരുന്ന ചെതലയം റെയിഞ്ചില്‍പ്പെട്ടതാണ് ഈ ഭാഗം. ഇതിനുമുമ്പ് 1995-ലാണ് കടുവ ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയതെന്ന് വനംവകുപ്പ് പറയുന്നു.
തിങ്കളാഴ്ച രാവിലെ ഏഴോടെ കൃഷ്ണഗിരി എസ്റ്റേറ്റില്‍നിന്നും കടുവയെ ട്രാക്ടറില്‍ കയറ്റി വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഓഫീസ് പരിസരത്തെത്തിച്ചു. പിന്നീട് ചെതലയം റെയ്ഞ്ച് ഓഫീസിലും. എം.വി. ശ്രേയാംസ്‌കുമാര്‍ എം.എല്‍.എ. റെയ്ഞ്ച് ഓഫീസില്‍ എത്തി. ഒമ്പതരയോടെ കുറിച്ച്യാട് റെയ്ഞ്ചിലെ കേരള-കര്‍ണാടക അതിര്‍ത്തിയില്‍ തുറന്ന് വിടാന്‍ കൊണ്ടുപോയി.
വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ കെ.പി.സുനില്‍കുമാര്‍, ഡി.എഫ്.ഒ.പി.ധനേഷ്‌കുമാര്‍, ചെതലയം റെയ്ഞ്ച് ഓഫീസര്‍ കെ.രാധാകൃഷ്ണലാല്‍, ബത്തേരി റെയ്ഞ്ച് ഓഫീസര്‍ കെ.രവി, കുറിച്ച്യാട് റെയ്ഞ്ച് ഓഫീസര്‍ അജിത് രാമന്‍, മുത്തങ്ങ റെയ്ഞ്ച് ഓഫീസര്‍ കെ.പ്രദീപ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കടുവയെ തുറന്നുവിട്ടത്.
27 Mar 2012 Mathrubhumi News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക