.

.

Saturday, April 10, 2010

പക്ഷിസ്നേഹികളെ കാത്ത് തട്ടേക്കാട്


കേരളത്തിലെ ആദ്യ പക്ഷിസങ്കേതമാണ് തട്ടേക്കാട്. പ്രസിദ്ധ പക്ഷിനിരീക്ഷകന്‍ ഡോ. സാലിം അലിയുടെ പേരിലാണ് ഈ വനസങ്കേതം അറിയപ്പെടുന്നത്. 1970-കളുടെ തുടക്കം വരെ അധികമാരും ശ്രദ്ധിക്കാതെ കിടന്ന ഈ പ്രദേശത്തിന്റെ മഹത്വം തിരിച്ചറിഞ്ഞ് ലോകത്തിന് മുന്നിലെത്തിച്ചത് അദ്ദേഹമാണ്. 1979 ആയപ്പോഴേക്കും 170-ലേറെ പക്ഷികളെ അദ്ദേഹം തട്ടേക്കാട്ട് തിരിച്ചറിഞ്ഞിരുന്നു.

പക്ഷികളെ സ്‌നേഹിക്കുന്നവര്‍ക്കും പക്ഷിനിരീക്ഷകര്‍ക്കും ഒരുപോലെ അനുഗ്രഹമായ ഈ അപൂര്‍വ വനമേഖല പക്ഷിസങ്കേതമായി പ്രഖ്യാപിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതും ഡോ.സാലിം അലി തന്നെയായിരുന്നു. 1983 ആഗസ്തില്‍ തട്ടേക്കാട് പക്ഷിസങ്കേതമായി രൂപംകൊണ്ടു. 25.16 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ളതാണ് ഈ സങ്കേതം.
എറണാകുളം ജില്ലയുടെ കിഴക്കന്‍ പ്രദേശത്താണ് തട്ടേക്കാട്, കോതമംഗലം താലൂക്കില്‍ പെടുന്ന മേഖലയാണിത്. തെക്കും തെക്കുകിഴക്കും മലയാറ്റൂര്‍ റിസര്‍വ് വനങ്ങള്‍, വടക്കാണ് ഇടമലയാര്‍, കിഴക്ക് കുട്ടമ്പുഴ ഗ്രാമാതിര്‍ത്തി, പടിഞ്ഞാറും തെക്കുപടിഞ്ഞാറും പെരിയാര്‍. ഇടമലയാര്‍ പെരിയാറില്‍ ചേരുന്നത് തട്ടേക്കാട്ടില്‍ വെച്ചാണ്.

ഇത്രയധികം പക്ഷിയിനങ്ങളെ ഒരേ പ്രദേശത്ത് കാണാവുന്ന പ്രദേശങ്ങള്‍ ഇന്ത്യയില്‍ തന്നെ വിരളമാണ്. 320 പക്ഷിയിനങ്ങളെ ഇവിടെ നിരീക്ഷിച്ചിട്ടുണ്ട്. അവയില്‍ പലതും അപൂര്‍വയിനങ്ങളും വംശനാശഭീഷണി നേരിടുന്നവയുമാണ്. മാക്കാച്ചിക്കാട, മലബാര്‍ കോഴി, മുങ്ങാങ്കോഴി, നീലക്കോഴി, വെള്ളിമൂങ്ങ, വേഴാമ്പല്‍, കോഴിവേഴാമ്പല്‍, തീക്കാക്ക, ചേരക്കോഴി തുടങ്ങിയവയൊക്കെ തട്ടേക്കാട്ട് കണ്ടെത്താവുന്ന അപൂര്‍വയിനം പക്ഷികളാണ്.

പക്ഷികള്‍ മാത്രമല്ല, ഒട്ടേറെ അപൂര്‍വ ശലഭങ്ങളുടെയും വാസഗേഹമാണ് തട്ടേക്കാട്. മാത്രമല്ല, ആന, കടുവ, പുലി, മാന്‍, കുട്ടിത്തേവാങ്ക്, മരപ്പട്ടി, കാട്ടുപോത്ത്, ഉടുമ്പ്, കാട്ടുനായ്, ഈനാംപേച്ചി തുടങ്ങി ഒട്ടേറെ മൃഗങ്ങളെയും ജീവികളെയും ഈ വനപ്രദേശത്ത് ഉണ്ട്.

പക്ഷിനിരീക്ഷണത്തിന് വനംവകുപ്പ് തന്നെ ഗൈഡിനെ വിട്ടുതരും. താമസത്തിന് വനംവകുപ്പിന്റെ ഡോര്‍മെട്രികളുമുണ്ട്. സന്ദര്‍ശനത്തിന് മഴക്കാലം ഒഴിവാക്കുകയാണ് നന്ന്. രാവിലെ ആറ് മുതല്‍ വൈകുന്നേരം നാല് വരെയാണ് ഈ പക്ഷിസങ്കേതത്തില്‍ പ്രവേശനം അനുവദിക്കുക.


ഇന്‍ഫര്‍മേഷന്‍ സെന്ററാണ് ഇവിടുത്തെ ഒരു ആകര്‍ഷണ കേന്ദ്രം. അപൂര്‍വ പക്ഷികളുടെ വലിയൊരു ചിത്രശേഖരമാണ് ഇവിടെ സന്ദര്‍ശകനെ കാത്തിരിക്കുന്നത്. കൂടാതെ വ്യത്യസ്തമായ പക്ഷികളുടെ മുട്ടകളും സന്ദര്‍ശകര്‍ക്കായി ഇവിടെ ഒരുക്കിയിരിക്കുന്നു. പക്ഷിത്തൂവലുകള്‍, കൂടുകള്‍ ഒക്കെ, ചിറകുള്ളവരുടെ ലോകത്തെക്കുറിച്ച് പുതിയ അവബോധം നമുക്ക് സമ്മാനിക്കും.
കോതമംഗലത്ത് നിന്ന് 12 കിലോമീറ്റര്‍ അകലം, ആലുവായില്‍ നിന്ന് 48 കിലോമീറ്റര്‍ ദൂരം. നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് 42 കിലോമീറ്റര്‍. ആലുവായില്‍ നിന്ന് കോതമംഗലത്തേക്ക് ബസ് സര്‍വീസുണ്ട്. പെരുമ്പാവൂരില്‍ നിന്നും കോതമംഗലത്തിന് ബസ് സര്‍വീസുണ്ട്. കോതമംഗലത്ത് നിന്ന് തട്ടേക്കാടിനു ബസ്സ് ലഭിക്കും.


External links: http://www.mathrubhumi.com/static/others/special/index.php?id=61891&cat=334&sub=0

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക