.

.

Saturday, April 10, 2010

വരയാടുകള്‍ കേന്ദ്രവന്യമൃഗസംരക്ഷണ പദ്ധതിയില്‍


പാലോട്: രാജ്യാന്തരതലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച 'സ്​പീഷീസ് റിക്കവറി പ്രോഗ്രാമില്‍' വരയാടുകളെയും ഉള്‍പ്പെടുത്താന്‍ തീരുമാനമായി. വംശനാശഭീഷണി നേരിടുന്ന അപൂര്‍വയിനം വന്യമൃഗങ്ങളെ സംരക്ഷിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ പുനരുജ്ജീവന പദ്ധതിയാണ് സ്​പീഷീസ് റിക്കവറി പ്രോഗ്രാം. 'നീലഗിരിതാര്‍' എന്നറിയപ്പെടുന്ന വരയാടുകളുടെ വാസഗേഹം പശ്ചിമഘട്ടമലനിരകളാണ്.
ഇതോടെ, പൊന്‍മുടിയിലെ വരയാട്ടുമൊട്ട, മൂന്നാറിലെ രാജമല എന്നിവിടങ്ങളില്‍ സംരക്ഷണ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാകുമെന്ന് കണക്കാക്കുന്നു. വംശനാശഭീഷണി നേരിടുന്ന ജീവിവര്‍ഗമാണ് വരയാടുകള്‍. 1986-ലാണ് വന്യജീവി, വനംവകുപ്പ് കേരളത്തിലെ വരയാടുകളുടെ കണക്കെടുപ്പ് നടത്തിയത്. 2460 വരയാടുകളാണ് സംസ്ഥാനത്ത് ശേഷിക്കുന്നതെന്നായിരുന്നു അന്നത്തെ കണ്ടെത്തല്‍. എന്നാല്‍ രണ്ടര പതിറ്റാണ്ടിനിടെ വരയാടുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. കീഴ്ക്കാംതൂക്കായ പാറക്കെട്ടുകളിലും പുല്‍മേടുകളിലുമാണ് ജീവികളുടെ താമസം.

വരയാടുകളുടെ സംരക്ഷണം ലക്ഷ്യമാക്കി രൂപംനല്‍കിയിട്ടുള്ളതാണ് ഇരവികുളം നാഷണല്‍ പാര്‍ക്ക്. വരയാട്ടുമൊട്ടയിലെ വരയാടുകളുടെ എണ്ണം കൂടിയെങ്കിലും ഇരവികുളത്ത് എണ്ണത്തില്‍ മാറ്റമില്ലെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍, കൂടുതല്‍ എണ്ണം ഉള്ളത് രാജമല ഉള്‍പ്പെടുന്ന ഇരവികുളത്ത് തന്നെ.
പുനരുജ്ജീവനപദ്ധതി പ്രകാരം വനമേഖലയുടെ സംരക്ഷണം, ഗവേഷണസൗകര്യങ്ങള്‍ എന്നിവയാണ് നടപ്പാക്കുക. വരയാടുകളുടെ സംരക്ഷണത്തിനായി കോടികളുടെ സഹായമാണ് കേരളത്തിന് ലഭിക്കുക. കേരളത്തിലെ ഇതര വനമേഖലയില്‍ എവിടെയെങ്കിലും വരയാടുകള്‍ ഉണ്ടോയെന്ന പഠനവും നടന്നുക്കുന്നുണ്ട്.

വരയാട്ടുമൊട്ട കൂടാതെ പറമ്പിക്കുളം, നെയ്യാര്‍, തേക്കടി, കൊച്ചുപമ്പ എന്നിവിടങ്ങളിലും പദ്ധതിയുടെ പ്രയോജനം ലഭിക്കും. കേരളവും തമിഴ്‌നാടും വരയാടുകളുടെ സംരക്ഷണത്തിനായി സംയുക്തപദ്ധതി തയ്യാറാക്കണമെന്നും പദ്ധതിയില്‍ നിര്‍ദേശമുണ്ട്.





* വരയാടുകളെ കുറിച്ചുള്ള വെബ്‌സൈറ്റ്



News : mathrubhumi online news.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക