.

.

Wednesday, February 22, 2012

പൗരാണിക ചെടിക്ക് 30,000 വര്‍ഷത്തിനു ശേഷം പുനര്‍ജന്മം

മോസ്‌കോ: പണ്ടുപണ്ട് ഏതോ ഒരു അണ്ണാന്‍ കുഞ്ഞ് സൈബീരിയയിലെ മഞ്ഞുപാളിയില്‍ ഒളിച്ചുവെച്ച വിത്തിന് മുപ്പതിനായിരം വര്‍ഷത്തിനു ശേഷം പുനര്‍ജന്മം. മഞ്ഞിനുള്ളിലെ മാളത്തില്‍ അന്നവര്‍ സൂക്ഷിച്ച പഴത്തിലെ വിത്ത് ഒരു സംഘം റഷ്യന്‍ ശാസ്ത്രജ്ഞരാണ് മുളപ്പിച്ചെടുത്തത്.

അണ്ണാന്റെ ശൈത്യകാല വാസസ്ഥലങ്ങളെക്കുറിച്ചുള്ള പഠനത്തിനിടെയാണ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സെല്‍ ബയോഫിസിക്‌സിലെ ശാസ്ത്രജ്ഞര്‍ കോലൈമ നദീതീരത്ത് നിന്ന് പഴത്തിന്റെ അവശിഷ്ടം കണ്ടെത്തിയത്. അതിലെ വിത്തില്‍ നിന്ന് അവര്‍ വിത്തുകോശം വേര്‍തിരിച്ചെടുത്തു. അതില്‍ നിന്നാണ് ചെടി മുളപ്പിച്ചത്. മണ്ണില്‍ നട്ട കാമ്പിയണ്‍ സസ്യകുടുംബത്തില്‍പ്പെട്ട സൈലന്‍സ് സ്‌റ്റെനോഫില എന്ന ചെടി ഇപ്പോള്‍ പൂത്തു കഴിഞ്ഞു.

ഇത്രയും കാലപ്പഴക്കമുള്ള കോശത്തില്‍ നിന്നാദ്യമായാണ് ഒരു ചെടി പിറക്കുന്നത്. ഇതിന് മുമ്പ് 2000 വര്‍ഷം പഴക്കമുള്ള വിത്തില്‍ നിന്ന് ഇസ്രായേലിലെ മസദയില്‍ ഒരു പന വികസിപ്പിച്ചിട്ടുണ്ട്.

ഈ പുനര്‍ജന്മത്തിന് അണ്ണാന്‍മാര്‍ക്ക് മാത്രമല്ല സൈബീരിയയിലെ തണുത്തുറഞ്ഞ കാലാവസ്ഥയ്ക്കും ശാസ്ത്രജ്ഞര്‍ നന്ദി പറയും. ഇല്ലെങ്കില്‍ എന്നേ ഈ പഴം മണ്ണായി മാറിയേനെ. അണ്ണാന്‍മാരുടെ ചില സ്വഭാവ സവിശേഷതകളാണ് വിത്തിനെ സംരക്ഷിച്ചത്. മാളത്തിന്റെ ഏറ്റവും തണുപ്പുള്ള ഭാഗത്താണ് അവര്‍ പഴങ്ങള്‍ സൂക്ഷിച്ചത്.

ഡേവിഡ് ഗിലിക്കിന്‍സ്‌കിയുടെ നേതൃത്വത്തിലുള്ള സംഘം 'പ്രൊസീഡിങ്‌സ് ഓഫ് നാഷണല്‍ അക്കാഡമി ഓഫ് സയന്‍സസി'ല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍ ഉള്ളത്. ഈ റിപ്പോര്‍ട്ട് കാണാന്‍ പക്ഷേ, സംഘത്തലവന്‍ ഡേവിഡ് ഗിലിക്കിന്‍സ്‌കിക്ക് യോഗമുണ്ടായില്ല. അത് അച്ചടിച്ചു വരുന്നതിന് ഏതാനും ദിവസം മുമ്പ് അദ്ദേഹം മരിച്ചു.
22 Feb 2012 Mathrubhumi News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക