
കാസര്‍കോട്: അമ്മയുടെ മുലപ്പാല്‍ കഴിഞ്ഞാല്‍ ഏറ്റവും പോഷകപ്രദം വെളിച്ചെണ്ണയാണെന്നും അതിന് നിരവധി രോഗങ്ങളെ പ്രതിരോധിക്കാനുള്ള ശേഷിയുണ്ടെന്നും 'മാഹി' യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ബി.എം.ഹെഗ്‌ഡെ പറഞ്ഞു. കാസര്‍കോട് സി.പി.സി.ആര്‍.ഐയില്‍ അന്താരാഷ്ട്ര നാളികേര സെമിനാറില്‍ അമ്മയുടെ മുലപ്പാലിന് തുല്യം വെളിച്ചെണ്ണ എന്ന വിഷയത്തില്‍ ക്ലാസെടുക്കുകയായിരുന്നു അദ്ദേഹം.
വെണ്ണയ്ക്ക് പകരം വെളിച്ചെണ്ണയുപയോഗിച്ച് ആഹാര സാധനങ്ങള്‍ തയ്യാറാക്കാം. തേങ്ങാപ്പാലും വെളിച്ചെണ്ണയും ഉപയോഗിച്ച് പച്ചക്കറികളും മറ്റ് ഭക്ഷ്യവസ്തുക്കളും തയ്യാറാക്കുന്നത് ശരീരത്തിലെ കൊളസ്‌ട്രോള്‍ കുറച്ച് ആരോഗ്യം പ്രദാനംചെയ്യും. മറ്റേതൊരു എണ്ണയേക്കാളും ആരോഗ്യം നിലനിര്‍ത്തുക വെളിച്ചെണ്ണയുടെ ഉപയോഗമാണ്.
മേധക്ഷയം, ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവ നിയന്ത്രിക്കാന്‍ വെളിച്ചെണ്ണയ്ക്ക് കഴിയും. രോഗകാരികളായ പല ബാക്ടീരിയകളെയും നശിപ്പിക്കാനുള്ള ശേഷി വെളിച്ചെണ്ണയ്ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.തേങ്ങയും ആരോഗ്യവും എന്ന വിഷയത്തിലും സെമിനാര്‍ നടന്നു. എ.പി.സി.സി. ജൂനിയര്‍ എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ ഡോ. റോമുലോ അരാങ്കണിന്റെ നേതൃത്വത്തില്‍ നടന്ന സെമിനാറില്‍ ആരോഗ്യരംഗത്തെ പ്രമുഖര്‍ സംസാരിച്ചു. ഓര്‍ഗാനിക് ഫാമിങ്ങിനെക്കുറിച്ച് പി.രത്തിനം ക്ലാസെടുത്തു. നാളികേര ജൈവ വൈവിധ്യത്തെക്കുറിച്ച് നടന്ന സെമിനാറില്‍ ശാസ്ത്രജ്ഞര്‍ നിരവധി പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
Mathrubhumi kasargode news 27 Oct 2010
No comments:
Post a Comment