
കാലാവസ്ഥാവ്യതിയാനം നേരിടാന്‍ ഒരു സസ്യം സുരക്ഷിത ഇടം തേടി 'ഓടുന്ന'തായി ശാസ്ത്രജ്ഞര്‍. 50 വര്‍ഷം മുമ്പ് ഉത്തര്‍പ്രദേശിലെ ചൂടേറിയ താഴ്‌വാരങ്ങളില്‍ കാണപ്പെട്ട സൊലിവ അന്തിമിഫോളിയ എന്ന ചെടി ഇപ്പോള്‍ ഹിമാലയത്തിലെ ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് 'ദേശാടനം' നടത്തിയെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്.
ദക്ഷിണ അമേരിക്കയും ഓസ്‌ട്രേലിയയുമാണ് ഈ പടര്‍വള്ളിച്ചെടിയുടെ ജന്മദേശം. 1963ല്‍ ഉത്തര്‍പ്രദേശില്‍ 630 മീറ്റര്‍ ഉയരമുള്ള പ്രദേശങ്ങളില്‍ ഈ ചെടിയെ കാണാമായിരുന്നു. ഹിമാചല്‍പ്രദേശില്‍ 1300 മീറ്റര്‍ ഉയരമുള്ള സ്ഥലങ്ങളിലാണ് ഇപ്പോള്‍ ഈ ചെടി വളരുന്നത്. വടക്കോട്ടു ദേശാടനം തുടങ്ങിയ ചെടിയെ 1966ല്‍ ഡെറാഡൂണില്‍ കണ്ടെത്തിയിരുന്നു. 1973ല്‍ ഡല്‍ഹിയിലും പിന്നീട് ജമ്മുകശ്മീരിലെ 400-700 മീറ്റര്‍ ഉയരത്തിലും കണ്ടെത്തി. തുടര്‍ന്ന് ഇതിനെ കണ്ടത് ഹിമാചല്‍ പ്രദേശിലെ 1000 മീറ്റര്‍ ഉന്നതിയിലാണ്. സസ്യത്തിന്റെ സഞ്ചാരം പിന്തുടര്‍ന്ന ഗവേഷകര്‍ അവസാനമായി ഇവയെ കണ്ടത് 1300 മീറ്റര്‍ ഉയരത്തിലുള്ള പലംപുരിലാണ്.
കഴിഞ്ഞ 30 വര്‍ഷത്തിനിടെ പലംപുരിലെ ഊഷ്മാവ് 0.6 ഡിഗ്രി സെല്‍ഷ്യസ് വര്‍ധിച്ചതായും ശാസ്ത്രജ്ഞര്‍ കണ്ടെത്തി. താരതമ്യേന ഈര്‍പ്പമുള്ളതും മെച്ചപ്പെട്ട മഴ ലഭിക്കുന്നതുമായ പലംപുര്‍ ഈ ചെടിയുടെ വളര്‍ച്ചയ്ക്ക് യോജിച്ചതാണ്.
കേന്ദ്ര ശാസ്ത്ര,വ്യവസായ ഗവേഷണ സ്ഥാപനമായ സി.എസ്.ഐ.ആറിന്റെ കീഴിലുള്ള ഹിമാലയന്‍ ബയോ റിസോഴ്‌സ് എന്ന സംഘടനയാണ് പഠനം നടത്തിയത്.
Mathrubhumi News 15 Oct 2010
No comments:
Post a Comment