.

.

Saturday, May 7, 2011

ചികിത്സ കിട്ടുന്നില്ല; മൃഗശാലയില്‍ മൃഗങ്ങള്‍ ചത്തൊടുങ്ങുന്നു

തിരുവനന്തപുരം: കൃത്യമായ ചികിത്സ കിട്ടാതെ മൃഗശാലയിലെ മൃഗങ്ങള്‍ വീണ്ടും ചത്തൊടുങ്ങുന്നു. ഇന്നലെ മൃഗശാലയിലെ രാജ എന്ന സിംഹം കൂടി ചത്തതോടെ കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ ചത്തത് നാലോളം മൃഗങ്ങള്‍. ഇതില്‍ സിംഹ വാലന്‍കുരങ്ങും, കടുവയും, വിദേശയിനം പക്ഷികളും പെടും.
മൃഗശാലാ ഡോക്റ്ററുടെ കൃത്യവിലോപമാണിതിനു കാരണമെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. മാസങ്ങള്‍ക്കു മുന്‍പു പുലിക്കുട്ടികളും, മാനുകളും, ജിറാഫും ചത്തിരുന്നു. ചികിത്സ കിട്ടാതെ ചത്തൊടുങ്ങുന്ന മൃഗങ്ങളുടെ പോസ്റ്റു മോര്‍ട്ടവും മറവു ചെയ്യലും അതീവ രഹസ്യമായാണ് അധികൃതര്‍ നടത്തുന്നത്. കഴിഞ്ഞ കുറെ ദിവസങ്ങളായി മൃഗശാലയിലെ മൃഗങ്ങള്‍ക്ക് ദുരിതം മാത്രമാണെന്നും ജീവനക്കാര്‍ വ്യക്തമാക്കുന്നു.
ലക്ഷങ്ങള്‍ മുടക്കി വിദേശത്തു നിന്നു എത്തിച്ച പക്ഷികളെ സൂക്ഷിക്കുന്നതില്‍ വീഴ്ച പറ്റിയിരുന്നു. അഞ്ചു വിദേശ തത്തകളാണ് കൂട്ടില്‍ നിന്ന് അപ്രത്യക്ഷമായത്. ഇതുമായി ബന്ധപ്പെട്ട് മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ അധികൃതര്‍ പരാതി നല്‍കിയിരുന്നു. പക്ഷികളെ നോക്കുന്നതിനു നിയമിച്ച കീപ്പറുടെ അശ്രദ്ധയാണ് കാരണമെന്ന് അധികൃതര്‍ പറയുന്നുണ്ടെങ്കിലും മൃഗശാല കേന്ദ്രീകരിച്ച് പക്ഷി വില്‍പ്പന തകൃതിയായി നടക്കുന്നതായി ആരോപണമുണ്ട്. ഒരു വിദേശ പക്ഷിക്ക് ആയിരങ്ങള്‍ പ്രതിഫലം വാങ്ങുന്നതായും പറയപ്പെടുന്നു.
വര്‍ഷങ്ങള്‍ക്കു മുന്‍പ് മൃഗശാലയില്‍ ഉണ്ടായ കുളമ്പുരോഗ ബാധയില്‍ നൂറോളം മൃഗങ്ങള്‍ ചത്തിരുന്നു. അന്ന് കാട്ടുപന്നി, നീലക്കാള, പുള്ളിമാന്‍ തുടങ്ങി നിരവധി മൃഗങ്ങളെ ദയാവധത്തിനു വിധേയമാക്കിയിരുന്നു. തുടര്‍ന്നു നിരവധി മൃഗങ്ങള്‍ അസുഖങ്ങള്‍ പിടിപെട്ടും ചത്തു . ഇതെല്ലാം മാധ്യമങ്ങളെയോ പൊതുജനങ്ങളെയോ സര്‍ക്കാരിനെയോ അറിയിക്കാതെ അധികൃതര്‍ രഹസ്യമാക്കുകയായിരുന്നു.
കീപ്പര്‍മാരുടെ തൂവല്‍ക്കച്ചവടവും ഇതിന്‍റെ മറവില്‍ നടന്നു. പക്ഷികളുടെ തൂവല്‍ പറിച്ചു സ്കൂള്‍ കുട്ടികള്‍ക്കു വില്‍ക്കുന്ന പ്രവണത ഏറി വന്നതോടെ മാധ്യമങ്ങള്‍ ഇതു റിപ്പോര്‍ട്ട് ചെയ്തു. ഇതേത്തുടര്‍ന്നാണ് തൂവല്‍ മോഷണത്തിനെതിരേ അധികൃതര്‍ നടപടി എടുത്തത്.
മൃഗശാലയിലെ ഡോക്റ്റര്‍ മൃഗസംരക്ഷണ വകുപ്പില്‍ നിന്നു ഡെപ്യൂട്ടേഷനില്‍ വന്നതാണ്. ഡോക്റ്റര്‍ക്കു താമസിക്കാന്‍ വകുപ്പ് മൃഗശാലയില്‍ തന്നെ ക്വാര്‍ട്ടേഴ്സ് നല്‍കിയിട്ടുണ്ടെങ്കിലും അവിടെ താമസിക്കാന്‍ ഡോക്റ്റര്‍ മെനക്കെടാറില്ല. 24 മണിക്കൂറും ഡോക്റ്ററുടെ സേവനം മൃഗശാലയ്ക്കു നല്‍കുന്നതിനാണു ഈ സൗകര്യം വകുപ്പ് നല്‍കിയിരിക്കുന്നത്. എന്നാല്‍ ഡോക്റ്റര്‍ മൃഗങ്ങള്‍ക്കു രാത്രി സമയങ്ങളില്‍ ചികിത്സ നല്‍കാന്‍ തയാറാകുന്നില്ല. കൂടാതെ പകല്‍ സമയങ്ങളില്‍ പുറത്തെ മൃഗാശുപത്രിയിലും, സ്വന്തം വീട്ടില്‍ പ്രവര്‍ത്തിപ്പിക്കുന്ന ക്ലിനിക്കിലുമാണ് ഇദ്ദേഹമെന്നും ആക്ഷേപം.
മൃഗശാലാ ആശുപത്രിയില്‍ നിലവില്‍ നിരവധി മൃഗങ്ങളെ പാര്‍പ്പിച്ചിട്ടുണ്ട്. പല രോഗങ്ങളും മൂര്‍ച്ഛിച്ചതിന്‍റെ പേരില്‍ ഇവയെ ആശുപത്രി സെല്ലിലേക്കു മാറ്റിയതാണ്. ഇവയുടെ രോഗങ്ങള്‍ ശമനമില്ലാതെ തുടരുന്നു. ഒരു കരടി രണ്ടു കാലുകളും തളര്‍ന്നു കിടക്കാന്‍ തുടങ്ങിയിട്ടു മാസങ്ങള്‍ കഴിഞ്ഞു. അതിനു ചികിത്സ നല്‍കുന്നില്ല. കുരങ്ങുകടക്കമുള്ള മറ്റു മൃഗങ്ങളും ആശുപത്രിയിലുണ്ട്. സീബ്രയ്ക്കും, കഴുതപ്പുലിക്കും കാലുകള്‍ തളര്‍ന്ന അവസ്ഥയിലാണ്.
ആധുനിക സൗകര്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന ആശുപത്രിയില്‍ നിന്നു മെഡിസിനുകള്‍ പുറത്തേക്കു കൊണ്ടു പോകുന്നതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്. നേരത്തേ ഉണ്ടായിരുന്ന ഡോക്റ്ററുടെ അഴിമതിയും കൃത്യവിലോപവും വകുപ്പു കണ്ടെത്തിയാണ് നടപടി എടുത്തത്. ഇപ്പോഴത്തെ ഡോക്റ്റര്‍ക്കെതിരെ ഡയറക്റ്റര്‍ക്കു പരാതി നല്‍കാന്‍ ജീവനക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. മൃഗസംരക്ഷമ വകുപ്പില്‍ നിന്നു ഡെപ്യൂട്ടേഷനില്‍ വരുന്ന ഡോക്റ്റര്‍മാരാണു മൃഗശാലയില്‍ സ്ഥിരമായി ഇരിക്കുന്നത്.
മൃഗശാലയില്‍ ഇപ്പോള്‍ വിരലിലെണ്ണാവുന്ന അപൂര്‍വയിനം മൃഗങ്ങള്‍ മാത്രമാണുള്ളത്. ഇവയ്ക്കുണ്ടാകുന്ന രോഗങ്ങള്‍ക്കു കൃത്യമായ ചികിത്സ നല്‍കി സംരക്ഷിക്കാന്‍ അധികൃതര്‍ തയാറായില്ലെങ്കില്‍ കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ മൃഗശാല മൃഗങ്ങളുടെ ശവശാലയായി മാറുമെന്നു ജീവനക്കാര്‍ തന്നെ പറയുന്നു.

7.05.2011 metrovaartha news.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക