.

.

Tuesday, May 17, 2011

ചേറ്റുവ കോട്ടയ്ക്കു ശാപമോക്ഷമായില്ല

ചേറ്റുവ കോട്ടയ്ക്കു ശാപമോക്ഷമായില്ല. പ്രഖ്യാപനങ്ങള്‍ നിലനില്‍ക്കേ കോട്ടയില്‍ വീണ്ടും കാടുകയറി. സംസ്ഥാന പുരാവസ്തു വകുപ്പ് ഏറ്റെടുത്തു 2010 മാര്‍ച്ചിനുള്ളില്‍ ആദ്യഘട്ട നിര്‍മാണം പൂര്‍ത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം.
ഇതിനായി പന്ത്രണ്ടാം ധനകാര്യ കമ്മിഷന്‍ 41ലക്ഷം രൂപയാണു കോട്ട സംരക്ഷണത്തിന് ഒന്നാം ഘട്ടത്തില്‍ വകയിരുത്തിയത്. കോട്ടയുടെ ചുറ്റുമുള്ള സ്ഥലങ്ങളില്‍ നിന്നു മണല്‍ മാറ്റലും കോട്ടയ്ക്കുള്ളിലെ കാട് വെട്ടി മാറ്റലും നടന്നു. കിഴക്കു ഭാഗത്തെ കിടങ്ങിന്‍റെ ഒരു ഭാഗത്തു 200 മീറ്ററോളം ഭാഗികമായി കല്‍ഭിത്തിക്കെട്ടി എന്നതാണ് ആകെ നടത്തിയ പ്രവൃത്തികള്‍.
കിടങ്ങുകളുടെ ആഴം വര്‍ധിപ്പിച്ച് അതില്‍ ബോട്ട് സര്‍വിസ്, കോട്ടയ്ക്കുള്ളില്‍ ആര്‍ട്ട് ഗ്യാലറി, ക്രാഫ്റ്റ് സെന്‍റര്‍, ചരിത്ര മ്യുസിയം എന്നിവയുടെ നിര്‍മാണ പദ്ധതികളും ഉള്‍പ്പെടുത്തിയിരുന്നു.
1714ല്‍ ഡച്ചുക്കാരാണു ചേറ്റുവ ആസ്ഥാനമാക്കി കോട്ട നിര്‍മിച്ചത്. പിന്നീടതു ടിപ്പു സുല്‍ത്താന്‍ പിടിച്ചടക്കുകയായിരുന്നു. ടിപ്പുവിന്‍റെ പടയോട്ട കാലത്തുണ്ടായ ആക്രമണത്തിലാണു കോട്ട നശിച്ചത്. ഇതോടെ ടിപ്പു സുല്‍ത്താന്‍ കോട്ടയെന്ന പേരിലാണ് അറിയപ്പെടുന്നത്. തകര്‍ന്ന കോട്ടയില്‍ തെക്കും വടക്കും ഭാഗങ്ങളിലായി തുരങ്കങ്ങളുടെ അവശിഷ്ടങ്ങളുണ്ട്.
അഞ്ച് ഏക്കറില്‍ കൂടുതലുള്ള സ്ഥലത്തു രൂപം കൊണ്ട മൈതാനം കുട്ടികള്‍ക്കു കളിസ്ഥലമായി. കോട്ടയുടെ കല്ലുകള്‍ക്കു ചരിത്രത്തോളം തന്നെ പഴക്കമുണ്ട്. സ്ഥലം കയ്യേറ്റം നടത്തിയ പലരും കോട്ടയില്‍ നിന്നും കല്ലുകള്‍ കടത്തിയതായാണ് ആക്ഷേപം.
കോട്ടയുടെ സംരക്ഷണം പ്രഖ്യാപനങ്ങളില്‍ ഒതുങ്ങാതെ പ്രാവര്‍ത്തികമാക്കാന്‍ ബന്ധപ്പെട്ടവര്‍ മുന്നോട്ടു വരണമെന്നാണു നാട്ടുകാരുടേയും ചരിത്ര സ്നേഹികളുടേയും ആവശ്യം.

17.05.2011 metrovaartha news

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക