.

.

Wednesday, May 18, 2011

മറയുന്നു.. കുന്നും വയലും


വാഴയുടെ നാടായ വാഴയൂരില്‍ ഇനി കുന്നും മലയും കാണാന്‍ പ്രയാസമാകും. പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളില്‍ അനധികൃതമായി കുന്നുകളും മലകളും ഇടിച്ച് നിരത്തി നീര്‍ത്തടങ്ങളും കൃഷിസ്ഥലങ്ങളും നികത്തുമ്പോള്‍ ഇത് തടയേണ്ട റവന്യൂ ഉദ്യോഗസ്ഥര്‍ ഉറക്കം നടിക്കുന്നു. ഭൂമാഫിയകള്‍ രാപകല്‍ ഭേദമെന്യേ വയല്‍ നികത്തുമ്പോള്‍ പൊതുജനം കാഴ്ചക്കാരാവുന്നു. വാഴയൂര്‍ ഗ്രാമപ്പഞ്ചായത്തിലെയും സമീപ പഞ്ചായത്തിലെയും ഏക്കര്‍ കണക്കിന് കൃഷിസ്ഥലമാണ് മണ്ണിട്ടുനികത്തുന്നത്. ചാലിയാറിന്റെ തീരപ്രദേശത്തുകൂടി നിര്‍മിച്ച പൊന്നേമ്പാടം-തിരുത്തിയാട്-മൂളപ്പുറം-ഇയ്യത്തിങ്ങല്‍ റോഡിലാണ് വയല്‍ നികത്തലും കുന്നിടിക്കലും വ്യാപകമായി നടക്കുന്നത്.
വാഴയൂര്‍ പഞ്ചായത്തിലെ മൂളപ്പുറം, തിരുത്തിയാട് ഭാഗങ്ങളിലാണ് ഏറ്റവും അധികം ടിപ്പര്‍ ലോറികളുള്ളത്. തിരുത്തിയാട് നിന്ന് മൂളപ്പുറത്തേക്ക് പോകുന്ന റോഡരികിലുള്ള മൂളപ്പുറം കുന്നുകള്‍ പല സ്ഥലങ്ങളിലും ഇടിച്ച് നിരത്തുകയാണ്. ഇരുന്നമണ്ണ മഹാവിഷ്ണുക്ഷേത്രത്തിന് സമീപമുള്ള ഈഞ്ഞാന്‍കുന്നില്‍ അനധികൃത ചെങ്കല്‍ ഖനനം നടത്തുന്നുണ്ട്. ഇയ്യത്തിങ്ങല്‍ സ്‌കൂളിന് മുന്നിലെ നീര്‍ത്തടം വ്യാപകമായി നികത്തുന്നത് ശുദ്ധജലക്ഷാമത്തിന് ഇടയാക്കും. അഴിഞ്ഞിലം പടുവില്‍ താഴത്ത് നീര്‍ത്തടം നികത്തുന്നത് വില്ലേജ് അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും ഒരു നടപടിയുമുണ്ടായില്ല. അഴിഞ്ഞിലം ചാലിയില്‍ ചെമ്മണ്ണ് നിറച്ച് നെല്‍കൃഷി ചെയ്യാന്‍ ആര്‍.ഡി.ഒ. ഉത്തരവിട്ട സ്ഥലത്ത് നിര്‍മാണ പ്രവര്‍ത്തനമാണ് ഇപ്പോള്‍ നടക്കുന്നത്. ജെ.സി.ബി. ഉപയോഗിച്ച് ആഴത്തില്‍ ചാല് കീറുന്നു. വാഴയൂരിന്റെ അയല്‍ പഞ്ചായത്തായ വാഴക്കാട്ട് ഊര്‍ക്കടവിന് സമീപം പെരുമണ്ണ റോഡില്‍ കുന്നിടിക്കല്‍ വ്യാപകമാണ്.
മൂളപ്പുറം, പൊന്നേമ്പാടം, തിരുത്തിയാട് ഭാഗങ്ങളില്‍നിന്ന് ദിവസേന ആയിരക്കണക്കിന് ലോഡ് മണ്ണാണ് വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്നത്.
ടിപ്പര്‍ലോറി ഡ്രൈവര്‍മാരില്‍ പലര്‍ക്കും ലൈസന്‍സ് ഇല്ലാത്ത സ്ഥിതി. റവന്യൂ, പോലീസ്, മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസഥര്‍ക്ക് ഈ അനധികൃത നിയമലംഘനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാനും മടി. ഇതിനു കാരണം കൃത്യമായി വന്‍തുക ഓഫീസുകളില്‍ എത്തുന്നതാണ്. കാര്‍ഷിക വിളകള്‍ക്കും കാര്‍ഷിക ജോലികള്‍ക്കും പേരുകേട്ട സ്ഥലമായ വാഴയൂര്‍ ഇപ്പോള്‍ നിര്‍മാണപ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി മാറിയിരിക്കയാണ്. അനധികൃത നിര്‍മാണങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഇവയ്‌ക്കെതിരെ ഗ്രാമപ്പഞ്ചായത്തും നടപടി എടുക്കുന്നില്ല.

18.5.2010 mathrubhumi kozhikkod news

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക