.

.

Friday, May 20, 2011

കാടും നാട്ടുവഴികളും പൂവണിഞ്ഞു; മലയോരത്ത് വസന്തോത്സവം

തെന്മല: കിഴക്കന്‍ കാടുകളും നാട്ടുവഴികളും പൂവണിഞ്ഞു. വസന്തത്തെ വരവേല്‍ക്കാന്‍ വിനോദസഞ്ചാരികളുടെ തിരക്ക്.
എന്‍.എച്ച് 208 വനത്തിലൂടെ പോകുന്ന പുനലൂര്‍-കോട്ടവാസല്‍ പാതയ്ക്കിരുവശവും ഗുല്‍മോഹറും മണിമരുതിയുമെല്ലാം പൂത്തുലഞ്ഞു. അതിനപ്പുറം കല്ലടയാറ്റിനും കഴുതുരുട്ടിയാറ്റിനും അക്കരെ പിന്നെയും പൂമരങ്ങള്‍. തെന്മല-ആര്യങ്കാവ് പഞ്ചായത്തിന്റെ ഉള്‍വനങ്ങളില്‍ പൂമരങ്ങള്‍ കൈകോര്‍ത്തു നില്‍ക്കുകയാണെന്ന് തോന്നും.
പുനലൂര്‍ പിന്നിട്ടാല്‍ തെന്മലവരെ ചെമപ്പുകലരുന്ന പൂവുമായി നില്‍ക്കുന്ന കുന്നിവാകകളാണ് താരം. ഇതിനിടയില്‍ മഞ്ഞനിറത്തോടെയുള്ള കോപ്പര്‍പോസ് മരങ്ങള്‍. തെന്മല പിന്നിട്ടാല്‍ വയലറ്റ് നിറത്തിലെ പൂക്കളുമായി മണിമരുതി. കോട്ടവാസല്‍വരെ ഇവ അടക്കിവാഴുകയാണ്. നെന്മേനിവാകയും പ്ലാശും ഒപ്പമുണ്ട്. ആര്യങ്കാവിനടുത്ത് മുറിയന്‍പാഞ്ചാലില്‍ വിഷു വിടചൊല്ലിയത് അറിയാതെ കണിക്കൊന്നകള്‍ കൂട്ടത്തോടെ പൂവിട്ടിരിക്കുന്നു.
ദേശീയപാതയിലെല്ലാം കാട്ടുമരങ്ങള്‍ നാനാവര്‍ണത്തിലെ പൂക്കള്‍ പൊഴിച്ചിരിക്കുന്നു. മരച്ചുവടുകളിലെല്ലാം വാഹനങ്ങളുടെ നിര. മൊബൈലിലും ക്യാമറകളിലുമെല്ലാം ചിത്രങ്ങള്‍ പതിഞ്ഞുകൊണ്ടിരിക്കുന്നു.
മണിമരുതിയുടേതടക്കം പൂക്കള്‍ ഒരുമാസത്തിലേറെ കൊഴിയാതെ നില്‍ക്കും. മാര്‍ച്ചിലാണ് കാട്ടുമരങ്ങള്‍ പൂവിടുന്നതെങ്കിലും ഇത്തവണ കാലംതെറ്റി മെയ്മാസത്തിലായെന്ന് വനംവകുപ്പ് ജീവനക്കാര്‍ പറയുന്നു.


20.05.2011 mathrubhumi kollam news

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക