.

.

Thursday, May 19, 2011

മലിനീകരണം തടയാന്‍ ഭാരത് ഗംഗ

പരിസ്ഥിതി മലിനീകരണം ഇല്ലാതാക്കാന്‍ നൂതന സാങ്കേതികവിദ്യയിലൂടെ കൊടുങ്ങല്ലൂര്‍ സ്വദേശി സുജന്‍ നിര്‍മിച്ച യന്ത്രം ശ്രദ്ധേയമാകുന്നു. ഭാരത്ഗംഗ എന്നു പേരിട്ട യന്ത്രത്തിന് 2008ല്‍ നടന്ന നാഷനല്‍ ഇന്നോവേഷന്‍സ് ശില്‍പശാലയില്‍ അംഗീകാരം ലഭിച്ചിരുന്നു. യന്ത്രം ഉപയോഗിച്ച് മലിനീകരണം പൂര്‍ണമായും തടയാമെന്നു തെളിയിക്കപ്പെട്ടിട്ടുണ്ടെന്ന് സുജന്‍. ശാസ്ത്രഗവേഷകനോ ശാസ്ത്ര അധ്യാപകനോ അല്ലാത്ത സുജന്‍ ജീവിതാനുഭവങ്ങളില്‍ നിന്നു ലഭിച്ച പഠനങ്ങളിലൂടെയാണ് ഭാരത്ഗംഗ നിര്‍മിച്ചത്. വെള്ളം ഉപയോഗിച്ചാണ് മാലിന്യപ്പുകയെ യന്ത്രം ശുദ്ധീകരിക്കുക.
പ്രത്യേകം തയാറാക്കിയ വാല്‍വ് ഉപയോഗിച്ച് മൂന്നു മിക്സിങ് പ്രൊസസിലൂടെയാണു യന്ത്രത്തിന്‍റെ പ്രവര്‍ത്തനം. യന്ത്രത്തിലെ വാട്ടര്‍ സര്‍ക്കുലേഷന്‍ വഴിയാണ് മാലിന്യ നിര്‍മാര്‍ജനം. പുകയില്‍ നിന്നുള്ള മാലിന്യം ജലത്തില്‍ അലിഞ്ഞാണു ശേഖരിക്കപ്പെടുന്നത്.
യന്ത്രത്തിന്‍റെ പ്രവര്‍ത്തനത്തിലൂടെയുണ്ടാകുന്ന മലിനജലം ടാങ്കില്‍ ശേഖരിക്കപ്പെടുകയും ശുദ്ധവായു വാല്‍വിലൂടെ പുറത്തേക്കു പോകുകയും ചെയ്യും. പുറത്തേക്ക് പോകുന്ന വായുവിനെ പുനചംക്രമണത്തിലൂടെ വീണ്ടും പുക പുറത്തേക്ക് വിടുന്ന യന്ത്രത്തിന്‍റെ ആവശ്യത്തിന് ഉപയോഗിക്കാമെന്നതും നേട്ടമാണ്.
ഇത്തരത്തില്‍ അന്തരീക്ഷവുമായി നേരിട്ടു ബന്ധമില്ലാതെയായിരിക്കും മാലിന്യപ്പുക പുറത്തേക്കു വിടുന്ന യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുക. ജനറേറ്റര്‍, വാഹനങ്ങള്‍, ഫാക്റ്ററികള്‍ എന്നിവയിലെല്ലാം ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിക്കുമെന്ന് സുജന്‍. ഏതൊരു ഓട്ടോമാറ്റിക് യന്ത്രത്തിനും സൈലന്‍സറിനു പകരമായും ഭാരത്ഗംഗ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം.
വിഷാംശമുള്ള വാതകങ്ങള്‍, പുക, ആസിഡുകള്‍ തുടങ്ങിയവ പുറത്തേക്കു വിടുന്ന ഫാക്റ്ററികളിലും ഭാരത്ഗംഗ പ്രവര്‍ത്തിപ്പിക്കാം. നിലവിലുള്ള വാട്ടര്‍ഡിസ്റ്റ്ലറീസിനേക്കാള്‍ നൂറിരട്ടി വേഗതയില്‍ ഭാരത്ഗംഗ പ്രവര്‍ത്തിക്കും.
ജ്വല്ലറി ഡിസൈനറായ സുജന്‍, സ്വന്തം സ്ഥാപനത്തില്‍ നിന്നു പുറന്തള്ളുന്ന മാലിന്യം തടയാനാണ് യന്ത്രം രൂപകല്‍പ്പന ചെയ്തത്.
ഇപ്പോഴും സ്വന്തം സ്ഥാപനത്തില്‍ യന്ത്രം ഉപയോഗിച്ചു വരുന്നുണ്ടെന്നും അദ്ദേഹം. യന്ത്രത്തിന്‍റെ സാങ്കേതിക വിദ്യയുണ്ടെങ്കിലും വ്യാവസായിക അടിസ്ഥാനത്തില്‍ നിര്‍മിക്കാനുള്ള സാഹചര്യമില്ലാത്തതിനാല്‍ പേറ്റന്‍റ് വില്‍ക്കാന്‍ തയാറാണ് സുജന്‍. പേറ്റന്‍റിനുള്ള അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ മലിനീകരണ നിയന്ത്രണ ബോര്‍ഡുകളിലെ ഉദ്യോഗസ്ഥരടക്കമുള്ള വലിയ താത്പര്യം കാണിക്കാത്തതില്‍ പ്രയാസമുണ്ടെങ്കിലും ഗുജറാത്ത് സര്‍ക്കാര്‍ ഭാരത്ഗംഗ ടെക്നോളജിയില്‍ താത്പര്യം പ്രകടിപ്പിച്ചത് ആശ്വാസകരമാണെന്നും സുജന്‍ പറയുന്നു

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക