.

.

Tuesday, July 19, 2011

മഴക്കാഴ്ചകളൊരുക്കി ബാണാസുര സാഗര്‍

പടിഞ്ഞാറത്തറ: ചാഞ്ഞും ചരിഞ്ഞും ചെയ്യുന്ന വയനാടന്‍ നൂല്‍മഴയുടെ സൗന്ദര്യം ആവാഹിച്ച് ബാണാസുരസാഗര്‍ സഞ്ചാരികളുടെ മനം കവരുന്നു. മഴയെത്തിയതോടെ പച്ചപുതച്ച പശ്ചിമ പര്‍വതത്തിന്റെ വിദൂരക്കാഴ്ചകളും കുന്നുകളെ കഴുത്തിനൊപ്പം മുക്കുന്ന സമുദ്രവുമാണ് ഏവരെയും ആകര്‍ഷിക്കുന്നത്. കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന ഓളപ്പരപ്പുകളില്‍ ഏറെ നേരമുള്ള ബോട്ടുയാത്രയില്‍ സഞ്ചാരികള്‍ സമയം ചെലവിടുന്നു.

മലനിരകള്‍ മുഖം നോക്കുന്ന ബാണാസുര സമുദ്രത്തില്‍ സുന്ദരമായ മഴക്കാഴ്ചകളാണ് ഇതള്‍ വിരിയുന്നത്. നാലുദിക്കിലേക്കും കൈകള്‍ നീട്ടി വന്‍ മരങ്ങളെപ്പോലും ആഴത്തില്‍ മുക്കി ഏഷ്യയിലെ രണ്ടാമത്തെ എര്‍ത്ത്ഡാം ഒരുങ്ങി നിലക്കുകയാണ്. ഇവിടെയെത്തുന്ന അതിഥികളുടെ എണ്ണം ഒരോ വര്‍ഷവും വര്‍ധിക്കുകയാണ്. ആഭ്യന്തര സഞ്ചാരികളും വിദേശീയരുമെല്ലാം ഇവിടേക്ക് വന്നെത്തുന്നു.

വേനല്‍ക്കാലത്തും മഴക്കാലത്തും ഒരേപോലെ വശ്യതയുടെ വിവിധ മുഖങ്ങള്‍ കാട്ടുന്ന ബാണാസുര സാഗര്‍ മഴക്കൊയ്ത്തിലും ഏറെ മുന്നിലാണ്. വയനാട്ടില്‍ ഏറ്റവും കൂടുതല്‍ മഴ പെയ്യുന്ന പ്രദേശമായും പരിഗണിക്കപ്പെടുന്നു. കരമാന്‍ തോട് വെജിറ്റേഷനില്‍ ശരാശരി വര്‍ഷത്തില്‍ 3600 മില്ലിമീറ്റര്‍ മഴ ലഭിക്കുന്നുണ്ട്. 2000ത്തില്‍ 4907 മില്ലിമീറ്റര്‍ മഴയാണ് ഇവിടെ പെയ്തത്. സംസ്ഥാന ശരാശരിയേക്കാള്‍ ഉയര്‍ന്ന തോതാണിത്. വയനാടിന്റെ ശരാശരി 3588 മില്ലിമീറ്ററായി തുടരുമ്പോഴും ഓരോ വര്‍ഷവും ഇവിടെ ഉയരുന്ന മഴയുടെ അളവ് പ്രതീക്ഷയാവുകയാണ്.

തരിയോട് നിന്നും മഞ്ഞൂറ നിന്നുമൊക്കെ ബാണാസുര സാഗറിന്റെ വശ്യത നുകരാം. വിനോദ സഞ്ചാരത്തിന്റെ അനന്ത സാധ്യതകള്‍ ഉള്ളിലൊതുക്കി മറ്റൊരു മഴക്കാലത്തെ കൂടി വരവേല്‍ക്കുകയാണ്.

19 Jul 2011 mathrubhumi wayanadu news

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക