.

.

Monday, July 18, 2011

തേനീച്ചകള്‍ ചാകുന്നു; കാട്ടുതേന്‍ ഉത്‌പാദനം കുത്തനെ കുറഞ്ഞു

കല്പറ്റ: തേനീച്ചകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നതിനാല്‍ വയനാട്ടില്‍ കാട്ടുതേന്‍ ഉത്പാദനം കുത്തനെ കുറഞ്ഞു. രണ്ടുവര്‍ഷം മുമ്പുവരെ 60,000 കിലോഗ്രാം വരെ കാട്ടുതേന്‍ പട്ടികവര്‍ഗ സഹകരണ സംഘങ്ങള്‍ മുഖേന സംഭരിച്ചിരുന്നു. കഴിഞ്ഞവര്‍ഷം ഇത് 12721 കിലോഗ്രാമായും ഈ വര്‍ഷം 4050 കിലോഗ്രാമായും കുറഞ്ഞു. ജില്ലയില്‍ സുല്‍ത്താന്‍ബത്തേരി, കാട്ടിക്കുളം, പുല്പള്ളി എന്നിവിടങ്ങളിലെ പട്ടികവര്‍ഗ സഹകരണ സൊസൈറ്റികള്‍ വഴിയാണ് കാട്ടുതേന്‍ സംഭരിച്ച് വില്പന നടത്തുന്നത്.

പ്രാക്തന ഗോത്രവിഭാഗത്തില്‍പ്പെട്ട കാട്ടുനായ്ക്കര്‍, തേന്‍ കുറുമര്‍ തുടങ്ങിയ വിഭാഗങ്ങളാണ് കാട്ടുതേന്‍ ശേഖരിക്കുന്നത്. ഇവരുടെ മുഖ്യ ജീവിതോപാധിയും തേന്‍ ശേഖരിക്കലാണ്. മരങ്ങളില്‍ തൂങ്ങിക്കിടക്കുന്ന കൂടുകളില്‍ നിന്നെടുക്കുന്ന തൂക്കുതേനും മരപ്പൊത്തിലും മറ്റുമുള്ള ചെറുതേനുമാണ് ഇവര്‍ ശേഖരിക്കുന്നത്. സ്വാഭാവിക തേനുത്പാദനം കുറഞ്ഞതോടെ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള വ്യാജ തേന്‍ വില്പനസംഘങ്ങള്‍ ജില്ലയില്‍ തമ്പടിക്കാനും തുടങ്ങിയിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഔഷധി, സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ ഫെഡറേഷനു കീഴില്‍ തൃശ്ശൂരില്‍ പ്രവര്‍ത്തിക്കുന്ന ആയുര്‍ധാര തുടങ്ങി ഒട്ടേറെ ഔഷധ നിര്‍മാണ സ്ഥാപനങ്ങള്‍ക്ക് വയനാട്ടില്‍ നിന്ന് തേന്‍ കൊണ്ടുപോകുന്നുണ്ട്. ഔഷധി 10,000 കിലോഗ്രാം വരെ തേന്‍ വാങ്ങുന്നുണ്ട്. എന്നാല്‍, ഇപ്പോഴത്തെ സാഹചര്യത്തില്‍ ചില്ലറ വില്പനയ്ക്കുതന്നെ തേന്‍ തികയുന്നില്ല. നല്ല തേന്‍ കിട്ടാനില്ലാത്തത് ഔഷധങ്ങളുടെ ഗുണനിലവാരത്തെ പോലും ബാധിക്കും. ഒട്ടേറെ ആയുര്‍വേദ ഔഷധങ്ങളിലെ മുഖ്യ ചേരുവയാണ് തേന്‍. ആരോഗ്യദായകമായ ഒറ്റമൂലി എന്ന നിലയിലും സൗന്ദര്യ വര്‍ധക വസ്തുവെന്ന നിലയിലും തേനിന് പ്രാധാന്യമുണ്ട്.

മൊബൈല്‍ ഫോണ്‍ ടവറുകള്‍ പെരുകിയതാണ് തേനിച്ചകളുടെ കൂട്ടനാശത്തിന് കാരണമെന്ന് അടുത്തിടെ നടത്തിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞവര്‍ഷം ചണ്ഡീഗഢ് ആസ്ഥാനമായുള്ള പഞ്ചാബ് യൂണിവേഴ്‌സിറ്റി ഇതുസംബന്ധിച്ച് പഠനം നടത്തിയിരുന്നു. തേനീച്ച കോളനിയില്‍ പ്രവര്‍ത്തനക്ഷമമായ മൊബൈല്‍ ഫോണ്‍ സ്ഥാപിച്ചായിരുന്നു പഠനം. മൊബൈല്‍ ഫോണ്‍ തരംഗങ്ങള്‍ തേനീച്ചകളില്‍ അസ്വസ്ഥതയുണ്ടാക്കുന്നതായി വ്യക്തമായി. മൊബൈല്‍ ഫോണ്‍ സ്ഥാപിച്ച കൂട്ടില്‍ തേനീച്ചകളുടെ മുട്ടയുത്പാദനം ഗണ്യമായി കുറഞ്ഞു.
മൊബൈല്‍ ടവറുകളില്‍ നിന്നുള്ള ഇലക്‌ട്രോമാഗ്‌നറ്റിക് തരംഗങ്ങള്‍ തേനീച്ചകളുടെ കൂട്ടനാശത്തിന് വഴിയൊരുക്കുന്നതായി ഈ വര്‍ഷം സ്വിസ് ഫെഡറല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ ബയോളജിസ്റ്റ് ഡോ. ഡാനിയേല്‍ ഫെവ്‌റേ നടത്തിയ പഠനത്തില്‍ തെളിഞ്ഞു. തേന്‍ ശേഖരണത്തിനായി കിലോമീറ്ററുകള്‍ താണ്ടുന്ന തേനീച്ചകള്‍ക്ക് മൊബൈല്‍ഫോണ്‍ സിഗ്‌നലുകളില്‍പ്പെട്ട് വഴിതെറ്റുകയും കൂട്ടില്‍ തിരിച്ചെത്താന്‍ കഴിയാതെ കറങ്ങിനടന്ന് പിന്നീട് ചത്തുപോകുന്നതായും നിഗമനമുണ്ട്.

വനസമ്പത്ത് കുറയല്‍, കീടനാശിനി ഉപയോഗം എന്നിവയും തേനീച്ചകളുടെ കൂട്ടനാശത്തിന് കാരണമായി പറയുന്നുണ്ട്. എന്നാല്‍, ഇതുസംബന്ധിച്ച് കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്ന് ഗവേഷകര്‍ തന്നെ പറയുന്നു. സുല്‍ത്താന്‍ ബത്തേരിയിലെ കല്ലൂര്‍ പട്ടികവര്‍ഗ സഹകരണ സംഘത്തില്‍ 2009ല്‍ 23000 കിലോഗ്രാം തേന്‍ സംഭരിച്ചിരുന്നു. 2010ല്‍ ഇത് 4000 കിലോയായും ഈ വര്‍ഷം 2000 കിലോയായും കുറഞ്ഞു.

പുല്പള്ളി സംഘത്തില്‍ 2009 വരെ 15000 കിലോ വരെ തേന്‍ ലഭിച്ചിരുന്നു. കഴിഞ്ഞവര്‍ഷം ഇത് 721 ഉം ഈ വര്‍ഷം 450 ഉം കിലോഗ്രാമായും കുറഞ്ഞു. തിരുനെല്ലി സംഘത്തില്‍ മുമ്പ് 20,000 കിലോഗ്രാം വരെ തേന്‍ സംഭരിച്ചിരുന്നിടത്ത് കഴിഞ്ഞ വര്‍ഷം 8000 കിലോയും ഈ വര്‍ഷം 1600 കിലോയുമാണ് ലഭിച്ചത്.



ടി.എം. ശ്രീജിത്ത്‌, 18 Jul 2011 mathrubhumi wayanadu news

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക