.

.

Friday, July 1, 2011

പ്ലാസ്റ്റിക് ക്യാരിബാഗിന് ഗുഡ്‌ബൈ

തൃശൂര്‍: തൃശൂര്‍ ,ഗുരുവായൂര്‍ നഗരസഭകളില്‍ വെള്ളിയാഴ്ചമുതല്‍ പ്ലാസ്റ്റിക്കിന് പ്രവേശനമില്ല. പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ക്കുള്‍പ്പെടെ വെള്ളിയാഴ്ചമുതല്‍ തൃശൂര്‍ കോര്‍പറേഷന്‍ നിരോധമേര്‍പ്പെടുത്തി. പ്ലാസ്റ്റിക് നിരോധം സംബന്ധിച്ച പ്രതിജ്ഞയെടുക്കല്‍ വെള്ളിയാഴ്ച രാവിലെ 11ന് കോര്‍പറേഷന്‍ അങ്കണത്തില്‍ നടക്കും. പ്ലാസ്റ്റിക് നിരോധത്തിന് പിന്തുണയുമായി നിരവധി സംഘടനകള്‍ തുണിസഞ്ചികള്‍ വിതരണം ചെയ്തു.

വെള്ളിയാഴ്ച മുതല്‍ നഗരത്തിലെ പൊതുവിപണിയിലെ കച്ചവടസ്ഥാപനങ്ങളില്‍ കയറി ബോധവത്കരണം നടത്തും. 40 മൈക്രോണിന് താഴെയുളള ബാഗുകള്‍ വില്‍പനക്ക് അനുവദിക്കില്ല. നാലുതവണ മുന്നറിയിപ്പ് നല്‍കിയശേഷവും വില്‍പന തുടര്‍ന്നാല്‍ 15,000 രൂപ വരെ പിഴ ചുമത്തും. പിഴ ചുമത്തിയശേഷവും വില്‍പന തുടര്‍ന്നാല്‍ ലൈസന്‍സ് റദ്ദാക്കും. പ്ലാസ്റ്റിക് ബാഗുകള്‍ പിടിച്ചെടുക്കാന്‍ ഹോള്‍സെയില്‍ കടകളില്‍ അടക്കം റെയ്ഡ് നടത്തും.

ഈമാസം 11മുതല്‍ കോര്‍പറേഷന്‍ ആരോഗ്യവിഭാഗം ജീവനക്കാര്‍ യൂനിഫോം ധരിച്ച് കടകളിലും മറ്റും ബോധവത്കരണ പരിപാടി ആവര്‍ത്തിക്കും. ഇതിനിടെ ആശുപത്രികളില്‍ പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ ഉപയോഗിക്കുന്നതും കൊണ്ടുവരുന്നതും തടയുന്നതിനുള്ള യോഗം വ്യാഴാഴ്ച കോര്‍പറേഷന്‍ ആരോഗ്യസ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തി. നഗരത്തില്‍ നിന്ന് ശേഖരിക്കുന്നതും പിടിച്ചെടുക്കുന്നതുമായ പ്ലാസ്റ്റിക് പൊടിച്ച് ടാറില്‍ ചേര്‍ക്കുന്നതിന് നാല് മെഷീനുകള്‍ കോര്‍പറേഷന്‍ സജ്ജമാക്കിയിട്ടുണ്ട്.

പ്രതിദിനം 15,000 പ്ലാസ്റ്റിക് ബാഗുകള്‍ വില്‍പന നടക്കുന്ന ശക്തന്‍നഗറില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വ്യഴാഴ്ച തുണിസഞ്ചി വിതരണവും പ്ലാസ്റ്റിക് നിരോധ ബോധവത്കരണവും നടത്തി. അവിണിശേരി പഞ്ചായത്ത് പ്രസിഡന്റ് എ.ബി.അനീഷ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് തൃശൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ് ഷിജു വെളിയത്ത് അധ്യക്ഷതവഹിച്ചു.

യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ സുനില്‍ ലാലൂര്‍, ബഷീര്‍ അഹമ്മദ്, പ്രഭുദാസ്, മായാദാസ്, സെബിന്‍, ടോംവെസ്റ്റ്, സിനോജ് വില്‍വട്ടം, ടി.വി.കൊച്ചനിയന്‍, ഷൈജു ബഷീര്‍, രാമചന്ദ്രന്‍ കോലഴി, റഫീഖ് പുതുക്കാട് എന്നിവര്‍ നേതൃത്വം നല്‍കി.

ഗുരുവായൂര്‍: ഗുരുവായൂര്‍ ഇനി സമ്പൂര്‍ണ പ്ലാസ്റ്റിക് ക്യാരി ബാഗ് വിമുക്ത നഗരസഭ. പഴയ നഗരസഭ പ്രദേശത്ത് ക്യാരിബാഗ് നിരോധിച്ചതിന്റെ ഒന്നാം വാര്‍ഷിക ദിനമായ വെള്ളിയാഴ്ച മുതലാണ് നഗരസഭയോട് കൂട്ടിച്ചേര്‍ത്ത പൂക്കോട്, തൈക്കാട് മേഖലയിലേക്ക് കൂടി നിരോധം വ്യാപിപ്പിക്കുന്നത്. ഗുരുവായൂരിനെ പിന്തുടര്‍ന്ന് തൃശൂര്‍ കോര്‍പറേഷനും വെള്ളിയാഴ്ച മുതല്‍ ക്യാരിബാഗ് നിരോധം ഏര്‍പ്പെടുത്തുന്നവെന്നത് ഗുരുവായൂരിന് ലഭിച്ച അംഗീകാരമായി. സമ്പൂര്‍ണ നിരോധം വിളംബരം ചെയ്ത റാലി വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് തഹാനി ജങ്ഷനില്‍നിന്ന് ആരംഭിക്കും. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.കെ.ശ്രീരാമന്‍ റാലി ഫ്‌ളാഗ് ഓഫ് ചെയ്യും.

ജനപ്രതിനിധികളും സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും സ്‌കൂള്‍ വിദ്യാര്‍ഥികളും കുടുംബശ്രീ പ്രവര്‍ത്തകരും റാലിയില്‍ അണിനിരക്കും. വാദ്യഘോഷങ്ങളും നിശ്ചലദൃശ്യങ്ങളും അകമ്പടിയാകും. പടിഞ്ഞാറെനട വഴി കിഴക്കെനടയിലെ ടൗണ്‍ ഹാളില്‍ റാലി എത്തിയശേഷം നടക്കുന്ന സമ്മേളനത്തില്‍ കെ.വി.അബ്ദുല്‍ ഖാദര്‍ എം.എല്‍.എ പ്ലാസ്റ്റിക് ക്യാരിബാഗ് വിമുക്ത നഗരസഭ പ്രഖ്യാപനം നടത്തും.വൈസ് ചെയര്‍പേഴ്‌സന്‍ രമണി പ്രേമനാഥ് അധ്യക്ഷത വഹിക്കും. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി.വിനോദ് പ്രതിജ്ഞ ചൊല്ലും. സ്‌കൂളുകളിലും സര്‍ക്കാര്‍ അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും വെള്ളിയാഴ്ച ക്യാരിബാഗ് വിരുദ്ധ പ്രതിജ്ഞയെടുക്കും. നിരോധത്തിന്റെ ഭാഗമായി നടന്നുവന്നിരുന്ന സന്ദേശയാത്രകള്‍ വ്യാഴാഴ്ച സമാപിച്ചു.

തൈക്കാട് മേഖലയില്‍ പാലബസാര്‍ മുതല്‍ ചൊവ്വല്ലൂര്‍പ്പടിവരെ നടന്ന റാലിക്ക് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.കെ.ശ്രീരാമന്‍, ജനകീയാസൂത്രണ കണ്‍വീനര്‍ സി.കെ.സദാനന്ദന്‍, കൗണ്‍സിലര്‍മാരായ പത്മിനി ഗംഗാധരന്‍, ബിന്ദു സുബ്രഹ്മണ്യന്‍, ഷേര്‍ളി ജോസ്, ബിജി ജോണ്‍സന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ഗുരുവായൂര്‍: ലൈസന്‍സ്ഡ് എഞ്ചിനീയേഴ്‌സ് ആന്‍ഡ് സൂപ്പര്‍വൈസേഴ്‌സ് ഫെഡറേഷന്‍ (ലെന്‍സ്‌ഫെഡ്) ഇക്കോ ഫ്രണ്ട്‌ലി ക്ലോത്ത് ബാഗുകള്‍ സൗജന്യമായി നല്‍കുന്നു.

വെള്ളിയാഴ്ച ടൗണ്‍ ഹാളില്‍ നടക്കുന്ന സമ്പൂര്‍ണ ക്യാരിബാഗ് നിരോധ സമ്മേളനത്തില്‍ വെച്ച് തുണിസഞ്ചികള്‍ നഗരസഭക്ക് കൈമാറുമെന്ന് യൂനിറ്റ് പ്രസിഡന്റ് സി.എഫ്.റോബര്‍ട്ടും സെക്രട്ടറി ഇ.ആര്‍.ഗോപിനാഥനും അറിയിച്ചു. 1000 ഓളം ബാഗുകളാണ് നഗരസഭക്ക് കൈമാറുന്നത്. നേരത്തെ തൃശൂര്‍ കോര്‍പറേഷനും ലെന്‍സ്‌ഫെഡ് ക്യാരിബാഗുകള്‍ നല്‍കിയിരുന്നു.


Fri, 07/01/2011 madhyamam news.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക