.

.

Thursday, July 14, 2011

ശാപമോക്ഷം കാത്ത് ചാവക്കാട് ബീച്ച്

ചാവക്കാട്: കണ്ടാലും കണ്ടാലും കൊതിതീരാത്ത ഒന്നാണ് കടലോരക്കാഴ്ച. അവിടത്തെ പഞ്ചാരമണലില്‍ കടല്‍ക്കാറ്റേറ്റ് അല്പമൊന്നിരുന്ന് വിശ്രമിക്കാന്‍ കൊതിക്കാത്തവരാരുണ്ട്? എണ്ണിയാലൊടുങ്ങാത്ത തിരമാലകള്‍ കരയെ ചുംബിക്കുന്നതിന്റെ സൗന്ദര്യം. വാനില്‍ വര്‍ണ്ണവിസ്മയം തീര്‍ത്ത് മാഞ്ഞുപോകുന്ന അസ്തമയസൂര്യന്‍. കരകാണാക്കടലിലെ തിരകളെ കീറിമുറിച്ചെത്തുന്ന കൊച്ചോടങ്ങള്‍... അങ്ങനെ നീളുന്നു കടല്‍ക്കാഴ്ചയുടെ സൗന്ദര്യാസ്വാദനം.

വിനോദസഞ്ചാരികളുടെ ഏറ്റവും ഇഷ്ടപ്പെട്ട ബീച്ചുകളില്‍ ജില്ലയിലെ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ബീച്ചാണ് ചാവക്കാട് ബീച്ച്. അനുദിനം ആയിരക്കണക്കിന് സഞ്ചാരികളെത്തുന്ന ഈ ബീച്ചിനോട് അധികൃതര്‍ക്ക് അവഗണനയാണ്. ചാവക്കാട് കടപ്പുറം ഇല്ലായ്മകളുടെ കഥ പറയാന്‍ തുടങ്ങിയിട്ട് കാലങ്ങളേറെയായി. പരാധീനതകള്‍ മാത്രം കൈമുതലായ ഈ തീരത്ത്; ഋതുഭേദങ്ങള്‍ വകവെയ്ക്കാതെ വിനോദസഞ്ചാരികള്‍ ഒഴുകിയെത്തുകയാണ്.

വലിയ പണച്ചെലവില്ലാതെ നഗരസഭയ്ക്ക് ബീച്ചിനെ സൗന്ദര്യവത്കരിക്കാവുന്നതാണ്. ബീച്ചിലെത്തുന്ന സഞ്ചാരികള്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് പണം നല്‍കണം. ലക്ഷങ്ങളാണ് ഈ ഇനത്തില്‍ നഗരസഭ പ്രതിവര്‍ഷം പിരിച്ചെടുക്കുന്നത്. ചാവക്കാട് ബീച്ചില്‍ സ്ഥാപിച്ച ഒരു ഹൈമാസ്റ്റ് ലൈറ്റ് നിലംപൊത്തിയിട്ട് മാസങ്ങളേറെയായി. അത് കേടുതീര്‍ത്ത് പുനഃസ്ഥാപിക്കാന്‍ പോലും നഗരസഭാ അധികൃതര്‍ക്കായില്ല. ചാവക്കാട് ബീച്ച് വികസിക്കരുതെന്ന് ആഗ്രഹിക്കുന്ന ഒരു ലോബി എന്നും നഗരസഭാ ഭരണത്തിലുണ്ടെന്നതാണ് വസ്തുത. ഇത് മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ ഈ മേഖലയിലെ നഗരസഭാംഗങ്ങള്‍ക്ക് ശേഷയില്ല താനും.

ഇടതുപക്ഷത്തിന്റെയും വലതുപക്ഷത്തിന്റെയും എം.എല്‍.എ.മാര്‍ ഗുരുവായൂര്‍ മണ്ഡലത്തെ പ്രതിനിധാനം ചെയ്തിട്ടും ആരും ചാവക്കാട് ബീച്ചിന്റെ ടൂറിസം സാധ്യത ഉപയോഗപ്പെടുത്താന്‍ ശ്രമിച്ചില്ല. നഗരസഭയുടെ കീഴില്‍ ഡിസംബര്‍ അവസാനവാരം ബീച്ച് ഫെസ്റ്റിവെല്‍ നടത്തും. ചിലപ്പോള്‍ രണ്ടുനാള്‍ അല്ലെങ്കില്‍ മൂന്നുനാള്‍- പതിനായിരങ്ങളാണ് ഇവിടെയെത്താറുള്ളത്. പ്രാഥമിക കൃത്യങ്ങള്‍ നടത്താനുള്ള സൗകര്യം പോലും ഇവിടെ സ്ഥിരമായില്ല.

എ.സി. ജോസ് എം.പി.യുടെ വികസനഫണ്ടില്‍നിന്ന് 10 ലക്ഷം രൂപ ചെലവഴിച്ച് ഫിഷ്‌ലാന്‍ഡിങ് സെന്റര്‍ പണിതപ്പോള്‍ അനുബന്ധമായി പണിത ചെറിയ ടോയ്‌ലറ്റ് ബ്ലോക്കല്ലാതെ മറ്റൊന്നും ഇവിടെയില്ല. അതില്‍നിന്നും നഗരസഭ പണം പിരിവ് നടത്തുന്നുണ്ട്. ഓരോ വര്‍ഷവും ബീച്ച് ഫെസ്റ്റിവല്‍ നടത്തിക്കഴിയുമ്പോള്‍ ലക്ഷക്കണക്കിന് രൂപയാണ് നഗരസഭയ്ക്ക് മിച്ചം ലഭിക്കുന്നത്. ഈ തുക ബീച്ചിന്റെ സൗന്ദര്യവത്കരണത്തിന് ഉപയോഗിക്കാവുന്നതാണ്. ഇവിടെ ഇരിക്കാന്‍ ഒരു ബെഞ്ചുപോലുമില്ല. ചാവക്കാട് ബീച്ചില്‍ സ്ഥാപിക്കേണ്ട ടൂറിസം കേന്ദ്രം പുത്തന്‍കടപ്പുറത്തേക്ക് കൊണ്ടുപോകാന്‍ ഒരു ശ്രമം നടന്നിരുന്നു. ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തില്‍ പുത്തന്‍കടപ്പുറത്ത് ബോര്‍ഡും സ്ഥാപിച്ചു. നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ചാവക്കാട് ബീച്ചില്‍തന്നെ ആവാം എന്നായി. കെ.വി. തോമസ് ടൂറിസം മന്ത്രിയായിരിക്കുമ്പോള്‍ ബ്ലാങ്ങാട് ബീച്ചില്‍ ടൂറിസം കേന്ദ്രം സ്ഥാപിക്കുമെന്ന് പറഞ്ഞു. കോടിയേരി ബാലകൃഷ്ണനും വാഗ്ദാനം നല്‍കി.

സുനാമി പദ്ധതിയില്‍നിന്നും 1.46 കോടി രൂപ അനുവദിച്ചു. ചുവപ്പുനാടയില്‍ കുടുങ്ങി പണം പാഴായി. ഉറപ്പുകള്‍ തിരമാലകള്‍ കണക്കെ ഒന്നിനു പുറമെ ഒന്നായി തീരത്തണഞ്ഞ് തകര്‍ന്നു.

ഗുരുവായൂര്‍ ക്ഷേത്രം, പാലയൂര്‍ അതിരൂപത തീര്‍ത്ഥകേന്ദ്രം, മതസൗഹാര്‍ദ്ദത്തിന്റെ പ്രതീകമായ ഹൈദ്രോസ്‌കുട്ടി മൂപ്പരുടെ അന്ത്യവിശ്രമ സ്ഥാനമായ മണത്തല ജുമാ മസ്ജിദ്, തൊട്ടാപ്പിലെ ലൈറ്റ് ഹൗസ്, മുനക്കക്കടവ് അഴിമുഖം, ഗുരുവായൂരിലെ ആനക്കോട്ട, ചാവക്കാട് ബീച്ച് ഇവയെ ബന്ധിപ്പിച്ചുകൊണ്ട് വലിയ മുതല്‍ മുടക്കില്ലാതെ ടൂറിസം പദ്ധതി നടപ്പാക്കാവുന്നതാണ്. ചാവക്കാട് ബീച്ചിനോട് ഭരണകര്‍ത്താക്കള്‍ കാണിക്കുന്ന അവഗണന ചെറുതല്ല.

13 Jul 2011 mathrubhumi thrissur news.

No comments:

Post a Comment

Follow by Email

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക