.

.

Monday, July 4, 2011

പാടം തകര്‍ക്കുന്ന കാളകൂടം

ഞാന്‍ ചെറുപ്പത്തില്‍ നീന്തിക്കുളിച്ചിരുന്ന തോടാണിത്. ഇപ്പോള്‍ ഇതില്‍ കാല്‍കുത്തിയാല്‍ ചൊറിയും- കോച്ചേരി കോള്‍കര്‍ഷകസംഘം സെക്രട്ടറിയായ തോപ്പില്‍ കൃഷ്ണന്‍കുട്ടി പറഞ്ഞു. ഇപ്പോള്‍ ഒരുപറപോലും കൃഷി നടത്താത്ത നെല്‍പ്പാടത്തിന്റെ സെക്രട്ടറിയാണ് കൃഷ്ണന്‍കുട്ടി. നഗരം ചവച്ചുതുപ്പിയ എച്ചിലാണ് ഇതിന് കാരണം. അതൊരു നഷ്ടമായി നമ്മുടെ കോര്‍പ്പറേഷന്‍ ഭരണാധികാരികളോ രണ്ടുനേരം ചോറുണ്ണുന്ന നഗരവാസികളോ ഇതുവരെ കണക്കാക്കുന്നില്ലെന്നതാണ് ദുര്യോഗം. പൂത്തോള്‍ മുതല്‍ അരണാട്ടുകര-വടൂക്കര റോഡും അമ്മാടം-കോടന്നൂര്‍ റോഡും മുറിച്ചുകടന്ന് പടിഞ്ഞാറന്‍ കോള്‍മേഖലയിലേക്ക് ഈ തോട് ഒഴുകിപ്പോകുന്നു.
നാല് ആസ്​പത്രികളില്‍നിന്നുള്ള മാലിന്യങ്ങള്‍, ശക്തന്‍ മാര്‍ക്കറ്റില്‍നിന്നുള്ള അഴുക്കുവെള്ളം എന്നിവയെല്ലാം മെട്രോ ജങ്ഷന്‍ വഴി പൂത്തോളിലേക്കുള്ള തോട്ടിലൂടെ ഇവിടെയെത്തുന്നു. ശുദ്ധജലത്തില്‍ വാഴുന്ന ഒരു ജീവി പോലും ഇതില്‍ വളരില്ല. എല്ലാ വര്‍ഷവും ചണ്ടികള്‍ മാറ്റി തോട് വൃത്തിയാക്കാറുണ്ട്. ഇത്തവണ വടൂക്കര പാലത്തിന്റെ ഭാഗത്തൊന്നും ഇങ്ങനെയൊരു പ്രവൃത്തിയേ നടത്തിയിട്ടില്ല.
അര്‍ബുദം പോലെ പടരുന്ന മാലിന്യം എഴുപത് വര്‍ഷം മുമ്പൊക്കെ വള്ളങ്ങളും ബോട്ടുകളും ചരക്കുമായി ഇതുവഴി വഞ്ചിക്കുളത്തേക്ക് വന്നിരുന്ന ഓര്‍മ പഴമക്കാര്‍ക്കുണ്ട്. ഏനാമാക്കല്‍-കാട്ടൂര്‍ തോട് വഴി വേമ്പനാട്ട് കായലിലേക്ക് കടക്കാം. തെളിഞ്ഞ വെള്ളം അടിയിലെ മണല്‍ത്തട്ട് കാണാമായിരുന്നു. അന്ന് ബണ്ട് നിര്‍മിച്ചിട്ടില്ല. വെള്ളത്തിനുമുകളില്‍ വളരുന്ന പൊക്കാളി, കുട്ടാടന്‍ നെല്ലാണ് കൃഷി ചെയ്യാറ്. എഴുപതുകള്‍ക്കൊടുവില്‍ കെ.എല്‍.ഡി.സി. ബണ്ട് വന്നു. രണ്ടു പൂകൃഷി ചെയ്യാന്‍ തുടങ്ങി. അച്ഛന്റെ അച്ഛന്‍ മുതല്‍ ചെയ്തുപോന്ന നാലേക്കറിലെ കൃഷി കൃഷ്ണന്‍കുട്ടി മുടങ്ങാതെ ചെയ്തു പോന്നു. അതുപോലെ ധാരാളം കര്‍ഷകര്‍.
'80 കളോടെ സ്ഥിതി മാറി. നഗരം വികസിച്ചു. ശക്തനില്‍ മാര്‍ക്കറ്റ് വന്നു. മാലിന്യങ്ങള്‍ ഇതേ തോട്ടിലൂടെ ഒഴുകിത്തുടങ്ങി. പൂത്തോള്‍ ഗുഡ്‌സ് യാര്‍ഡ് കഴിഞ്ഞ് മരക്കമ്പനിയോട് ചേര്‍ന്ന 30 ഏക്കറാണ് ആദ്യം ഉപയോഗശൂന്യമായത്. അതിന്റെ വിസ്തീര്‍ണം ഓരോ വര്‍ഷം കഴിയുന്തോറും ഏറി വന്നു. തോട്ടിലെ വെള്ളത്തെ മാത്രം ആശ്രയിച്ചാണ് കൃഷി. മാലിന്യങ്ങള്‍ കടക്കാന്‍ തുടങ്ങിയത് കൃഷിയെ ബാധിച്ചു. കെട്ടിനിര്‍ത്തിയ വെള്ളം ഇറങ്ങിക്കഴിയുമ്പോള്‍ നിലം വിണ്ടുകീറും. നെല്‍ച്ചെടികള്‍ ചെരിഞ്ഞുവീഴും. കതിര് കയ്യിലെടുത്താല്‍ പൊടിഞ്ഞുപോകും. അത്രയ്ക്കുണ്ട് വിഷവെള്ളത്തിന്റെ ശക്തി. 2000-ാം മാണ്ടായപ്പോഴേക്ക് 110 ഏക്കര്‍കൂടി കൃഷിയോഗ്യമല്ലാതായി.
വെള്ളത്തില്‍കൂടി ആസ്​പത്രി സിറിഞ്ചും സൂചികളും പാടത്തുവരും. കര്‍ഷകത്തൊഴിലാളികള്‍ക്ക് അവകൊണ്ട് മുറിവേല്‍ക്കും. ആസ്​പത്രികളെത്തന്നെ അഭയം പ്രാപിക്കേണ്ടി വരും. പാടത്തുനിന്ന് കയറിയാല്‍ കാല് ചൊറിയും. എണ്ണയൊക്കെയിട്ട് തിരുമ്മി രാത്രി കിടന്നുറങ്ങി രാവിലെയെഴുന്നേറ്റാല്‍ മുതിരമണിപോലെ ചെതുമ്മല്‍ പൊന്തും. നൂറോളം തൊഴിലാളികള്‍ സ്ഥിരമായി പണിതിരുന്നതാണ്. പിന്നെ പാടത്തിറങ്ങിയാല്‍ പനി ഉറപ്പായി. അതോടെ തൊഴിലാളികളും മടിച്ചു. ആദ്യകാലത്ത് വളക്കൂറുള്ള വെള്ളമെന്ന ധാരണയില്‍ ചാലിലെ വെള്ളം തുറന്നുകയറ്റാന്‍ കൃഷിക്കാര്‍ മത്സരിച്ചിരുന്നു എന്നും ഓര്‍ക്കണം. പക്ഷേ, സംഭവം കാളകൂടമാണെന്ന് അറിയാന്‍ വൈകി. അസിഡിറ്റി കൂടിയതാണെന്ന് പറഞ്ഞ് പല വളങ്ങളും കൃഷിവകുപ്പ് നിര്‍ദേശിച്ചു. ഒന്നും ഫലം കണ്ടില്ല. കഴിഞ്ഞ 10 വര്‍ഷം കൊണ്ട് ബാക്കിയുള്ള കൃഷിയും ചെയ്യാതായി.
30 ഏക്കര്‍ കരഭൂമിയാക്കി മാറ്റി. പിന്നെ 60 ഏക്കറില്‍ കൃഷി നിലച്ചു. 2006ല്‍ 30 ഏക്കര്‍ കൂടി നിര്‍ത്തിയതോടെ കോച്ചേരി കോള്‍പ്പടവില്‍ നെല്‍കൃഷി നിലച്ചു. തന്റെ നാലേക്കര്‍ അതിലുള്‍പ്പെട്ടുവെന്ന് വിഷമത്തോടെ പടവ് സെക്രട്ടറിയും പറയുന്നു. ഇപ്പോള്‍ പരീക്ഷണാര്‍ത്ഥം മീന്‍വളര്‍ത്തി നോക്കുന്നു. ജലത്തിലെ മാലിന്യത്തോട് അവ എങ്ങനെ പ്രതികരിക്കുമെന്ന് അറിയില്ല. വിഷവെള്ളമിപ്പോള്‍ വടൂക്കര പാലം കടന്ന് ഓലക്കടവ് , കരിമ്പറ്റ, നെടുപുഴ, മദാമ്മത്തോപ്പ് എന്നിവിടങ്ങള്‍ കടന്നു. ഇവിടെയെല്ലാം കൂടി 250 ഏക്കറില്‍ ഒരു പൂവ് കൃഷി ചെയ്യുന്നു. ബാക്കി സമയത്ത് മത്സ്യകൃഷി നടത്തുന്നു. ഇതൊക്കെ എത്രനാളെന്ന് കര്‍ഷകര്‍ക്കറിയില്ല. ഇതിനോട് ചേര്‍ന്നാണ് ജൂബിലി തേവര്‍പ്പടവ് പോലെയുള്ള പ്രധാന കോള്‍പ്പടവുകള്‍ കിടക്കുന്നത്. നഗരത്തില്‍ നിന്നുള്ള മാലിന്യങ്ങള്‍ ഏറി വരികയും ചെയ്യുന്നു.
നികത്തല്‍ നീക്കങ്ങള്‍
പാടം വെറുതേ കിടന്നാല്‍ അത് നികത്തി കെട്ടിടം വളര്‍ത്തലാണ് അടുത്ത പരിപാടി. പൂത്തോളിനോട് ചേര്‍ന്ന പാടശേഖരത്തില്‍നിന്ന് മണ്ണെടുക്കാന്‍ ഒരു അപേക്ഷ കൃഷിഭവനിലെത്തി. പകരം മണ്ണിട്ട് നികത്താമെന്നും പറയുന്നു. ഇവിടത്തെ മണ്ണ് ടൈല്‍നിര്‍മാണത്തിന് യോജിച്ചതല്ല. അപ്പോള്‍ എന്തിനാണ് മണ്ണെടുക്കുന്നത്. മണ്ണെടുക്കാതെ പകരം മണ്ണിട്ട് പാടം നികത്തിയെടുക്കാനുള്ള ദുഷ്ടബുദ്ധി ഇതിനു പിന്നിലുണ്ടെന്ന ആശങ്ക കര്‍ഷകര്‍ക്കുണ്ട്. ഒരിടത്ത് ഇത് വിജയിച്ചാല്‍ അതിവേഗം മറ്റിടങ്ങള്‍ നികത്താനും പൂത്തോള്‍ മുതല്‍ വടൂക്കര പാലം വരെ നഗരം വികസിപ്പിക്കാനും കഴിയും.
എന്നാല്‍ ഈ മലിനജലം നിയന്ത്രിക്കാന്‍ കഴിഞ്ഞാല്‍ കൃഷിയിറക്കാന്‍ തയ്യാറായ കര്‍ഷകരുണ്ട്. ആദ്യ കോര്‍പ്പറേഷന്‍ ഭരണസമിതിയുടെ സമയത്ത് ഒരു ജലശുദ്ധീകരണ പ്‌ളാന്റ് സ്ഥാപിക്കാന്‍ ആലോചനയുണ്ടായി. ഇതിനായി 30 ഏക്കര്‍ സ്ഥലം പാടശേഖരത്തില്‍നിന്നു വേണ്ടിവരുമെന്നും സൂചനയുണ്ടായി. ബജറ്റിലും ഇതിനായി പദ്ധതി തയ്യാറാക്കുമെന്ന് പ്രഖ്യാപനം വന്നു. പക്ഷേ, പിന്നീടൊന്നും നടന്നില്ല. കഴിഞ്ഞ ഭരണസമിതിയും ഈ പ്രശ്‌നം കയ്യൊഴിഞ്ഞു. വായ്പയെടുത്ത് ചെയ്യുന്ന പല പദ്ധതികളും കേന്ദ്രനഗരവികസനമന്ത്രാലയത്തിന്റെ പദ്ധതികളും ഉണ്ടായിട്ടും അതിലൊന്നും ഇതുള്‍പ്പെട്ടില്ല. പുതിയ ഭരണസമിതിയെയും പ്രതീക്ഷയോടെ കര്‍ഷകര്‍ സമീപിച്ചിട്ടുണ്ട്. ഭരണാധികാരികള്‍ ഒന്നോര്‍ക്കുന്നത് നന്ന്. മാലിന്യങ്ങള്‍ കൂടും. അത് പുതിയ മേഖലകളിലേക്ക് ഒഴുകിച്ചെന്നാല്‍ അവിടെനിന്നും പ്രതിഷേധം ശക്തമാകും. അവയൊക്കെ ഗ്രാമപ്രദേശങ്ങളാണ്. ഗ്രാമം വളയും മുമ്പ് സ്വന്തം മാലിന്യം സംസ്‌കരിക്കാന്‍ നഗരം തയ്യാറാവണം. മാലിന്യസംസ്‌കരണത്തെക്കുറിച്ച് നാട്ടുകാരെ ബോധവത്കരിക്കുന്നവര്‍ക്ക് സ്വന്തം മാലിന്യം കൃഷിക്കാരുടെ തലയില്‍ കെട്ടിവെയ്ക്കുന്നതില്‍ ലജ്ജ തോന്നേണ്ടതാണ്.


ഇ.ജി.രതീഷ്

mathrubhumi 4.7.2011 thrissur news.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക