.

.

Saturday, July 23, 2011

ഭക്ഷ്യ സുരക്ഷ; മാസ്റ്റര്‍ ഫാര്‍മേഴ്സ് ട്രെയ്നിങ് പദ്ധതി ഉടന്

തൃശൂര്‍: ഭക്ഷ്യസുരക്ഷയ്ക്കു ജില്ലയില്‍ വിപുല പരിപാടികള്‍. ഫാര്‍മേഴ്സ് ക്ലബ്ബുകളിലെ മികച്ച കര്‍ഷകരെ തെരഞ്ഞെടുത്തു പരിശീലനം നല്‍കുന്നതിനു പദ്ധതിയൊരുങ്ങുന്നു. മാസ്റ്റര്‍ ഫാര്‍മേഴ്സ് ട്രെയ്നിങ് എന്ന പദ്ധതിയില്‍ മികച്ച 20 കര്‍ഷകരെയാണു തെരഞ്ഞെടുക്കുക. ഏറ്റവും കൂടുതല്‍ ഫാര്‍മേഴ്സ് ക്ലബ്ബുകളുള്ളതിനാലാണു ട്രെയ്നിങ് പ്രോഗ്രാം ആദ്യം ജില്ലയില്‍ നടപ്പാക്കുന്നത്.

നബാര്‍ഡ് ആവിഷ്കരിച്ച പദ്ധതി കൃഷി വിജ്ഞാന്‍ കേന്ദ്രയുടെ നേതൃത്വത്തിലാണു നടപ്പാക്കുന്നത്. മികച്ച വിത്തുകള്‍, മാര്‍ക്കറ്റിങ്, ക്രെഡിറ്റ്സ് എന്നിങ്ങനെ മൂന്നു വിഭാഗത്തിലാണു പരിശീലനം. മാസ്റ്റര്‍ ഫാര്‍മേഴ്സ് ഓരോരുത്തരും 20 പേരെ വീതം ട്രെയ്ന്‍ ചെയ്യും. മൊത്തം 400 മാസ്റ്റര്‍ ഫാര്‍മേഴ്സ്. ഒരു വര്‍ഷത്തിനുള്ളില്‍ ജില്ലയില്‍ ഫാര്‍മേഴ്സ് ക്ലബ്ബുകള്‍ സജീവമാക്കുന്നതിനും അതുവഴി ഭക്ഷ്യ സ്വയംപര്യാപ്തതയിലെത്തുന്നതിനും കഴിയുമെന്നാണു പ്രതീക്ഷ. അടുത്ത മാസം പരിശീലനം നടത്തുന്നതിനാണ് അധികൃതരുടെ ശ്രമം. ജില്ലയിലെ ഫാര്‍മേഴ്സ് ക്ലബ്ബുകളെ ഏകോപിപ്പിക്കുന്നതിനു രൂപീകരിച്ച ഡിസ്ട്രിക് ലെവല്‍ ഫെഡറേഷന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകരുന്നതിനു പരിശീലന പരിപാടിയിലൂടെ സാധിക്കുമെന്നും വിലയിരുത്തല്‍.

നബാര്‍ഡിന്‍റെ മേല്‍നോട്ടത്തില്‍ വിവിധ ബാങ്കുകളുടെ ബ്രാഞ്ചുകളുടെ കീഴിലാണു ഫാര്‍മേഴ്സ് ക്ലബ്ബുകള്‍ രൂപീകരിക്കുന്നത്. കൂട്ടായ്മയിലൂടെ പ്രദേശങ്ങളിലെ കര്‍ഷക വൃത്തിക്ക് ഊര്‍ജം പകരുകയായിരുന്നു ലക്ഷ്യം.

ഫാര്‍മേഴ്സ് ക്ലബ്ബിന്‍റെ പ്രവര്‍ത്തനം ബ്രാഞ്ച് മാനെജര്‍മാരുടെ നേതൃത്വത്തിലാണ്. ഇവര്‍ക്കു വേണ്ട നിര്‍ദേശങ്ങളും ഉപദേശങ്ങളും നബാര്‍ഡാണു നല്‍കുക. മാനെജര്‍മാര്‍ സ്ഥലം മാറിപ്പോയാല്‍ ക്ലബ്ബിനു ലഭിക്കുന്ന സഹായ സഹകരണങ്ങള്‍ ശരിയാം വിധം ലഭിക്കാറില്ല.

ഇതു പ്രവര്‍ത്തനം അവതാളത്തിലാക്കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണു ഫാര്‍മേഴ്സ് ക്ലബ്ബുകളെ ഏകോപിപ്പിക്കുന്നതിനു ഡിസ്ട്രിക് ലെവല്‍ ഫെഡറേഷന്‍ രൂപീകരിച്ചത്. ക്ലബ്ബിലെ അംഗങ്ങളാണു ഭാരവാഹികള്‍. 15 അംഗ സമിതിയാണു ജില്ലയില്‍ നിലവിലുള്ളത്. ഫാര്‍മേഴ്സ് ക്ലബ്ബുകള്‍ക്കു നബാര്‍ഡിന്‍റെ ഗ്രാന്‍ഡ് ലഭിക്കും.

ജില്ലയില്‍ 150-ഓളം ഫാര്‍മേഴ്സ് ക്ലബ്ബുകളുണ്ട്. കൂടുതല്‍ തൃശൂര്‍ താലൂക്കില്‍, കുറവ് കൊടുങ്ങല്ലൂര്‍ താലൂക്കില്‍. കാര്‍ഷിക മേഖലയിലെ ഉണര്‍വിനും വിപണി കണ്ടെത്തുന്നതിനും ക്ലബ്ബുകള്‍ സഹായിച്ചതായി കര്‍ഷകര്‍. പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഫാര്‍മേഴ്സ് ക്ലബ് ഇതിനു മികച്ച ഉദാഹരണം.

തൃശൂര്‍, കണ്ണൂര്‍, പത്തനംതിട്ട, കോഴിക്കോട്, പാലക്കാട് എന്നിവടങ്ങളിലാണു ഫെഡറേഷന്‍ രൂപീകരിച്ചത്. ജില്ലയില്‍ കൃഷി വിജ്ഞാന്‍ കേന്ദ്രയുമായി സഹകരിച്ചാണു ഡിസ്ട്രിക് ലെവല്‍ ഫെഡറേഷന്‍റെ പ്രവര്‍ത്തനങ്ങള്‍. കൃഷി വിജ്ഞാന്‍ കേന്ദ്രയാണു സാങ്കേതിക പരിജ്ഞാനം നല്‍കുന്നത്.

metrovaartha thrissur 23.7.2011

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക