.

.

Wednesday, July 27, 2011

അവിണിശ്ശേരി ഇനി പ്ലാസ്റ്റിക് വിമുക്ത പഞ്ചായത്ത്‌

തിരഞ്ഞെടുപ്പിന്റെ ചൂട് അടങ്ങും മുമ്പേ വ്യത്യസ്ത ചേരിയിലെങ്കിലും അവര്‍ രാഷ്ട്രീയം മറന്ന് ഒരുമിച്ച് തിരുവാതിരക്കളിയുമായി വേദിയിലെത്തി. അവിണിശ്ശേരി ഗ്രാമപ്പഞ്ചായത്തിലെ 'പക്ഷം മറന്ന ലാസ്യം' അന്ന് 'മാതൃഭൂമി നഗരം' വായനക്കാര്‍ക്ക് പകര്‍ന്നു നല്‍കിയിരുന്നു. പുരുഷന്മാരടക്കമുള്ള ഗ്രാമപ്പഞ്ചായത്തംഗങ്ങള്‍ കഴിഞ്ഞ ദിവസം വേദിയിലെത്തി, നാടന്‍പാട്ടിന്റെ ഈരടികളുമായി.
അസ്വാരസ്യങ്ങള്‍ ഈയിടെ കൊടുമ്പിരികൊണ്ടിരുന്നെങ്കിലും ആ സ്വരങ്ങള്‍ ഗ്രാമപ്പഞ്ചായത്തംഗങ്ങളുടെ ഒറ്റമനസ്സായുള്ള സ്വരങ്ങളില്‍ അലിഞ്ഞില്ലാതായി. അവിണിശ്ശേരി ഗ്രാമപ്പഞ്ചായത്ത് കുടുംബശ്രീ വാര്‍ഷികത്തോടനുബന്ധിച്ചായിരുന്നു ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളുടെ കലാപരിപാടി. മാതൃകാപരമായ കുറെ പരിപാടികളിലൂടെ കുടുംബശ്രീ വാര്‍ഷികം സമ്പന്നമായി.
ഗ്രാമപ്പഞ്ചായത്തിനെ പ്ലാസ്റ്റിക് വിമുക്തമാക്കുന്ന പരിപാടികള്‍ക്ക് ഈ ചടങ്ങില്‍ തുടക്കം കുറിച്ചു. പഞ്ചായത്ത് അംഗങ്ങളും 500-ഓളം വരുന്ന കുടുംബശ്രീ പ്രവര്‍ത്തകരും ദൃഢപ്രതിജ്ഞയെടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ദാസന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ഭവനശ്രീ പദ്ധതിയില്‍ പണയത്തിലായിരുന്ന ഒമ്പത് പേരുടെ ആധാരങ്ങള്‍ അവര്‍ക്ക് തിരികെ കൊടുത്ത് പഞ്ചായത്ത് മാതൃകയായി.
20 വര്‍ഷമായി ആധാരം പഞ്ചായത്തില്‍നിന്ന് ലഭിക്കാത്തതിനാല്‍ ഏറെ ക്ലേശം അനുഭവിച്ചിരുന്ന ഈ ഒമ്പത് കുടുംബങ്ങള്‍ക്ക് ആഘോഷം ആശ്വാസത്തിന്റെ വെളിച്ചംകൂടിയായി.
ബ്ലോക്ക് പ്രസിഡന്റ് എം.കെ. ഉണ്ണികൃഷ്ണന്‍ ആധാരങ്ങള്‍ നല്‍കുന്ന ചടങ്ങ് നിര്‍വഹിച്ചു. പൈക്ക മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും അദ്ദേഹം നിര്‍വഹിച്ചു. കുടുംബശ്രീ ആഘോഷം ഗീതാ ഗോപി എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എ.ബി. അനീഷ് അധ്യക്ഷനായി.
ബ്ലോക്ക് വൈസ് പ്രസിഡന്റ് ഉഷ രവീന്ദ്രന്‍, കെ.ആര്‍. ശ്രീനിവാസന്‍, രശ്മി ബൈജു, വി.ഐ. ജോണ്‍സണ്‍, രമണി നന്ദകുമാര്‍, രാജീവ് കണാറ, വിത്സന്‍ പള്ളിപ്പാടന്‍, സുനില്‍ മൂപ്പിശ്ശേരി, ഷീന ചന്ദ്രന്‍, പാര്‍വ്വതി എന്നിവര്‍ പ്രസംഗിച്ചു.
പ്ലാസ്റ്റിക് നിര്‍മ്മാര്‍ജനയജ്ഞത്തിന്റെ ഭാഗമായി വ്യാപാരികളെ ഉള്‍പ്പെടുത്തിക്കൊണ്ട് ഉടന്‍ യോഗം വിളിക്കും. കുടുംബശ്രീ യൂണിറ്റുകളെ സംയോജിപ്പിച്ച് തുണി, കടലാസ് സഞ്ചികളുടെ നിര്‍മ്മാണം തുടങ്ങും.
ഗ്രാമസഭകളിലൂടെയും അല്ലാതെയും ജനങ്ങളില്‍ ബോധവത്കരണം നടത്തും. തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളുടെ സേവനം ലഭ്യമാക്കും. പ്രസിഡന്റ് അഡ്വ. എ.ബി. അനീഷ് പറഞ്ഞു.


27 Jul 2011 mathrubhumi thrissur district news

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക