.

.

Thursday, July 14, 2011

കൈയേറ്റത്തെ അതിജീവിച്ച് നീലക്കുറിഞ്ഞികള്‍ തളിരിടുന്നു

മൂന്നാര്‍: ലക്ഷ്മി എസ്റ്റേറ്റിനടുത്ത് പരിസ്ഥിതിപ്രാധാന്യമേറെയുള്ള പുലിപ്പാറയില്‍ കൈയേറ്റത്തെ തുടര്‍ന്ന് നശിപ്പിക്കപ്പെട്ട നീലക്കുറിഞ്ഞിച്ചെടികള്‍ വീണ്ടും തളിരിട്ടു.മൂന്നുവര്‍ഷം മുമ്പാണ് വ്യാജപ്പട്ടയത്തിന്റെ മറവില്‍ നീലക്കുറിഞ്ഞികള്‍ വ്യാപകമായി വെട്ടിനശിപ്പിച്ചത്. അന്നാരും അതിനെതിരെ ശബ്ദമുയര്‍ത്തിയില്ല. ഇപ്പോള്‍ പുലിപ്പാറയില്‍ എണ്ണമറ്റ നീലക്കുറിഞ്ഞികള്‍ വളര്‍ന്നുകഴിഞ്ഞു. കാട്ടുപോത്ത്, ആന എന്നിവ പതിവായി ഇറങ്ങുന്ന സ്ഥലമാണിത്.

പുലിപ്പാറയില്‍ നിന്നാല്‍ ചിന്നക്കനാല്‍ ഭാഗത്തുള്ള ആനയിറങ്കല്‍ ഡാമും പള്ളിവാസല്‍ ടൗണും വ്യക്തമായി കാണാം. ഒന്നര മണിക്കൂര്‍ കുന്നിന്‍ചരിവിലൂടെ താഴേക്ക് നടന്നാല്‍ പള്ളിവാസല്‍ ടൗണില്‍ എത്തും. മനോഹരദൃശ്യങ്ങള്‍ കാണാമെന്നതാണ് കൈയേറ്റക്കാരെ ഇവിടം പ്രിയമാക്കിയത്.

വനംവകുപ്പിന്റെ അധീനതയിലുള്ള കടുവാച്ചോല ഇതിനടുത്താണ്. പുലിപ്പാറയുടെ പരിസ്ഥിതിപ്രാധാന്യം കണക്കിലെടുത്ത് ഇവിടം വിട്ടുകൊടുക്കണമെന്ന് മുമ്പ് വനംവകുപ്പ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അതിന് അനുകൂലമായ നിലപാട് റവന്യു വകുപ്പ് സ്വീകരിച്ചിട്ടില്ല. റവന്യു വകുപ്പിനാകട്ടെ ഇത് സംരക്ഷിക്കാനുള്ള താല്‍പ്പര്യവും കുറവാണ്. പള്ളിവാസല്‍ വില്ലേജോഫീസ് ജീവനക്കാര്‍ക്ക് മൂന്നാര്‍ ടൗണിലെത്തി കിലോമീറ്ററുകള്‍ സഞ്ചരിച്ചുവേണം പുലിപ്പാറയില്‍ എത്താന്‍. പുലിപ്പാറയുടെ ദൃശ്യഭംഗി കണക്കിലെടുത്ത് ഇവിടെ ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ വാച്ച്ടവര്‍ പണിയണമെന്ന് ദേവികുളം സബ്കളക്ടര്‍ ആവശ്യപ്പെട്ടിരുന്നു. പുലിപ്പാറ വനംവകുപ്പിന് വിട്ടുകൊടുത്താല്‍ നീലക്കുറിഞ്ഞികളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനൊപ്പം കൈയേറ്റം തടയാനാകുമെന്നും റവന്യു ജീവനക്കാരും പറയുന്നു.

13 Jul 2011 mathrubhumi idukki news

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക