.

.

Wednesday, July 20, 2011

ഇടിച്ചു പൊടിക്കും പ്ലാസ്റ്റിക്കിനെ

പ്ലാസ്റ്റിക്കിനെ ഇടിച്ചുപൊടിക്കാനുള്ള തീരുമാനത്തില്‍ ഉറച്ചുതന്നെയാണ് തൃശ്ശൂര്‍ കോര്‍പ്പറേഷന്‍. ലോകഭീകരനെ പൊടിക്കുന്നത് കാണാന്‍ അനേകംആളുകളാണ് എത്തിയിട്ടുള്ളത്. പ്ലാസ്റ്റിക് പൊടിക്കല്‍ യന്ത്രം കാണാനും ഒന്നു പൊടിച്ചുനോക്കാനും പരിസ്ഥിതിസ്‌നേഹികളായ ഒരുകൂട്ടം ആളുകളുടെ ക്യൂവാണ്. പ്രവര്‍ത്തനോദ്ഘാടനം മേയര്‍ ഐ.പി. പോള്‍ നിര്‍വ്വഹിച്ചു. രണ്ട് യന്ത്രങ്ങളാണ് പ്രവര്‍ത്തിപ്പിച്ച് കാണിച്ചത്. എട്ടുലക്ഷത്തി ഇരുപതിനായിരം രൂപയാണ് ഇതിനുള്ള ചെലവ്. ഒരു യന്ത്രത്തില്‍ ദിവസം 250 കിലോ വരെ പൊടിക്കാം. ശക്തന്‍ സ്റ്റാന്‍ഡ്, കുരിയച്ചിറ, പനംകുറ്റിച്ചിറ, കൂര്‍ക്കഞ്ചേരി കസ്തൂര്‍ബാ സമിതി എന്നീ നാല് കേന്ദ്രങ്ങളില്‍ സ്ഥാപിക്കുന്ന യന്ത്രങ്ങളുപയോഗിച്ച് ലാലൂരിലെ ആറായിരം ചാക്ക് പ്ലാസ്റ്റിക് മാലിന്യം പൊടിക്കും. മഴ കൊള്ളാതിരിക്കാന്‍ യന്ത്രങ്ങള്‍ക്കായി ഷെഡ്ഡുകളും നിര്‍മ്മിക്കും. ഓരോ നാലു മാസം കൂടുമ്പോഴും യന്ത്രത്തിന്റെ ബ്ലേഡ് മാറ്റണം.

ലാലൂരില്‍ ദിവസം 23 ലോറി വരെയാണ് മാലിന്യം നിക്ഷേപിക്കാനെത്തിയിരുന്നത്. അതിപ്പോള്‍ പതിനേഴായി ചുരുങ്ങി. അടുത്താഴ്ചയോടെ തൂക്കം കണക്കാക്കാനാണ് തീരുമാനം. ചില വലിയ സ്ഥാപനങ്ങള്‍ കോര്‍പ്പറേഷനോട് ഇപ്പോഴും നിസ്സഹകരണത്തിലാണ്. അവര്‍ ദിനംപ്രതി വില്‍ക്കുന്ന കവറുകള്‍ തന്നെ മുപ്പതിനായിരത്തിന് അടുത്തുവരും. ലാലൂരില്‍ നിന്ന് പെറുക്കിമാറ്റുന്ന കവറുകള്‍ പൊതുജനത്തിനു മുമ്പില്‍ പ്രദര്‍ശിപ്പിക്കും.


കഴുകല്‍ വേണ്ടെന്നുവെച്ചു


വൃത്തിഹീനമായി കിട്ടുന്ന കവറുകള്‍ ആദ്യം കഴുകി പൊടിക്കാനാണ് തീരുമാനിച്ചിരുന്നത്. പക്ഷേ കവറുകള്‍ മുഴുവനും കഴുകിവരുമ്പോഴേക്കും കോര്‍പ്പറേഷന്‍ ജലക്ഷാമത്തിന്റെ മൂര്‍ദ്ധന്യത്തിലെത്തിയിരിക്കും. തത്കാലം കവറുകളിലെ വെള്ളം കുടഞ്ഞുകളയാനാണ് തീരുമാനം. ഒരു കോടി കവര്‍ പൊടിച്ചാലാണ് ആയിരം കിലോഗ്രാം കിട്ടുക. ഒരു മാസം ഒരു കോടി കവറുകളാണ് വില്‍ക്കുന്നത്. സ്റ്റഡിങ് മെഷീന്‍ ഉപയോഗിച്ച് പൊടിച്ചെടുക്കുന്ന പ്ലാസ്റ്റിക് ഉപയോഗിച്ച് റോഡ് ടാര്‍ ചെയ്യും. പക്ഷേ മഴക്കാലം കഴിയണം. കഴിഞ്ഞ ഫിബ്രവരിയില്‍ കൊക്കാലയില്‍ പരീക്ഷണാര്‍ത്ഥം നടത്തിയ റോഡ് ടാറിങ്ങ് വിജയിച്ചപ്പോഴാണ് തീരുമാനം. പ്ലാസ്റ്റിക് കുപ്പിയും യന്ത്രത്തില്‍ പൊടിക്കാം. മനുഷ്യന് കൂടുതല്‍ ഹാനികരമാകുന്നത് കറുത്ത കവറുകളാണ്. പലരും മീന്‍ പൊതിഞ്ഞു വാങ്ങുന്നത് ഇതിലാണ്. ഇതുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ചില്ലറയല്ല.


കുടുംബശ്രീയും സേവനശ്രീയും ഒത്തുപിടിച്ചാല്‍

പ്ലാസ്റ്റിക് നിരോധനം കോര്‍പ്പറേഷനില്‍ ശക്തിപ്രാപിച്ചുവരികയാണ്. ജനങ്ങളിലെത്തിക്കാന്‍ ബോധവല്‍ക്കരണം തന്നെ വേണം. മധ്യവര്‍ത്തികളായി പ്രവര്‍ത്തിക്കേണ്ടത് കുടുംബശ്രീ, സേവനശ്രീ പ്രവര്‍ത്തകരാണ്. മാലിന്യം ഉന്മൂലനം ചെയ്യുകയെന്ന ആത്യന്തികലക്ഷ്യത്തോടെ ബോധവല്‍ക്കരിക്കാന്‍ പ്രചാരകരായി മുന്നോട്ടുവരേണ്ടത് കുടുംബശ്രീ, സേവനശ്രീ പ്രവര്‍ത്തകരാണെന്ന് മേയര്‍ ഐ.പി. പോള്‍ പറഞ്ഞു.

കേരള സുസ്ഥിര വികസന പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ, സേവനശ്രീ പ്രവര്‍ത്തകര്‍ക്ക് പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജന ബോധവല്‍ക്കരണ പരിപാടി മേയര്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി.എസ്. ശ്രീനിവാസന്‍ അധ്യക്ഷനായി. പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജന ബോധവല്‍ക്കരണ ക്ലാസിന് സി.എസ്. ശ്രീനിവാസന്‍ നേതൃത്വം കൊടുത്തു. ഡോ. ദീപ്തി ലാല്‍ ജയാല്‍, ഡോ. ഡോള്‍ഫി ജോസ് എന്നിവര്‍ ആരോഗ്യബോധവല്‍ക്കരണക്ലാസിന് നേതൃത്വം കൊടുത്തു. പ്രോജക്ട് മാനേജര്‍ സി. അല്‍ഫോണ്‍സ്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബാലസുബ്രഹ്മണ്യന്‍, കൃഷ്ണകുമാര്‍, ശുചിത്വ കോ-ഓര്‍ഡിനേറ്റര്‍ എം.കെ. മുകുന്ദന്‍, കുടുംബശ്രീ പ്രോജക്ട് ഓഫീസര്‍ മനോജ് പി., കൗണ്‍സിലര്‍ ഫ്രാന്‍സിസ് തേറാട്ടില്‍, സജ്‌ന സി. നാരായണന്‍ എന്നിവര്‍ പ്രസംഗിച്ചു.


ആശങ്കകള്‍ പരിഹരിക്കും


നിലവില്‍ ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ആശങ്കകള്‍ പരിഹരിക്കാനുള്ള ആത്മാര്‍ത്ഥ ശ്രമത്തിലാണ് കോര്‍പ്പറേഷന്‍. രോഗമില്ലാത്ത നഗരമാക്കി മാറ്റാന്‍ വീട്ടുകാരുടെ പൂര്‍ണ്ണ സഹകരണം ഈ ശുചിത്വതൊഴിലാളികള്‍ക്ക് വേണം. വലിയൊരു മുന്നേറ്റത്തിന് തുടക്കം കുറിക്കാന്‍ ടാഗോര്‍ ഹാളില്‍ നൂറ്റമ്പതോളം പ്രവര്‍ത്തകരാണ് ഒത്തുചേര്‍ന്നത്. മാലിന്യം എങ്ങനെ നിര്‍മ്മാര്‍ജ്ജനം ചെയ്യാമെന്ന ചൂടന്‍ ചര്‍ച്ചകളും ക്ലാസുകളും അകത്ത് കൊടുമ്പിരി കൊള്ളുമ്പോള്‍ പുറത്ത് നിസ്സഹായരായി വിശ്രമിക്കാന്‍ വിധിക്കപ്പെട്ടിരിക്കുകയാണ് ഹെര്‍ബ്ബാനകളും മാലിന്യസംഭരണികളും.


പരാതികള്‍ക്ക് കുറവില്ല


പാകപ്പിഴകള്‍ പലയിടത്തും മുഴച്ചു കാണുന്നുണ്ടെന്നതാണ് വാസ്തവം. വിമര്‍ശനങ്ങള്‍ ഏറെ. കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ സൗജന്യമായി വിതരണം ചെയ്ത പ്ലാസ്റ്റിക് ബിന്നുകള്‍ക്ക് ചില കുടുംബശ്രീ, സേവനശ്രീ പ്രവര്‍ത്തകര്‍ പണം ഈടാക്കിയെന്നാണ് ആക്ഷേപം. സേവനം പലയിടത്തും ആവശ്യമുള്ളപ്പോള്‍ ലഭ്യമല്ലെന്ന പരാതിയാണ് പൊതുവെ കേള്‍ക്കുന്നത്. എണ്ണായിരം വീടുകളിലാണ് ബക്കറ്റുകള്‍ വിതരണം ചെയ്തത്. വേണ്ടസമയത്ത് പലയിടത്തും മാലിന്യം എടുക്കാനാളെത്താറില്ല. നല്ല രീതിയില്‍ വീട്ടുകാരോടു പെരുമാറാനാണ് കോര്‍പ്പറേഷന്‍ നിര്‍ദ്ദേശിക്കുന്നത്. അനാവശ്യസംസാരം കുറയ്ക്കണം. പല യൂണിറ്റുകളിലും വേണ്ടത്ര പ്രവര്‍ത്തകരില്ല. ഏകീകരണമനോഭാവം ചിലയിടത്ത് തീരെയില്ല. ചിലര്‍ വീടുകളുടെ കണക്ക് കോര്‍പ്പറേഷന് ഇനിയും നല്‍കിയിട്ടില്ല.
ഒന്നാം തിയ്യതി മാലിന്യം എടുത്തുകഴിഞ്ഞാല്‍ പിന്നെ 5 നേ എടുക്കൂ. അതുകഴിഞ്ഞാല്‍ 10-ാം തിയ്യതിയെങ്കിലുമാവണം തിരിഞ്ഞുനോക്കാന്‍. ജോലിയോടുള്ള ആത്മാര്‍ത്ഥമായ സഹകരണമാണ് എല്ലാത്തിനും വലുതെന്ന് സി.എസ്. ശ്രീനിവാസന്‍ പറഞ്ഞു. മാലിന്യം എടുക്കാന്‍ വന്നില്ല എന്നു പറയുന്നത് കടം കൊടുത്ത തുക തിരിച്ചു കിട്ടിയില്ല എന്നു പറയുന്നതുപോലെയാണ്. ചില വീട്ടുകാര്‍ ഇവര്‍ക്കു മാസം കൊടുക്കാനുള്ള അമ്പത് രൂപ ലാഭിക്കാനായി മാലിന്യം കൊടുക്കാത്ത സാഹചര്യങ്ങളുമുണ്ടായിട്ടുണ്ട്.


കടുത്ത തീരുമാനങ്ങള്‍


പ്ലാസ്റ്റിക് ഇനി ആഴ്ചയിലൊരു ദിവസമേ എടുക്കൂവെന്നാണ് തീരുമാനം. ഫ്‌ളാറ്റില്‍ മാലിന്യബക്കറ്റുകള്‍ കൊടുക്കില്ലെന്ന തീരുമാനമൊന്നും കോര്‍പ്പറേഷന്‍ എടുത്തിട്ടില്ല. ബക്കറ്റുകള്‍ ഫ്‌ളാറ്റിലും കൊടുക്കും. പ്ലാസ്റ്റിക്കിനായി മാത്രം ലാലൂരില്‍ പ്രത്യേകം സ്ഥലം സജ്ജീകരിക്കും. വീടുകളില്‍ നിന്ന് സ്വീകരിക്കുന്ന ജൈവമാലിന്യങ്ങള്‍ ലാബിലേക്ക് കൊണ്ടുപോകും.

ആഗസ്ത് ഒന്നു മുതല്‍ വീടുകളില്‍ നിന്ന് ജൈവമാലിന്യവും അജൈവമാലിന്യവും എല്ലാം കൂട്ടിക്കുഴച്ച് തരുന്ന മാലിന്യങ്ങള്‍ വാങ്ങില്ല. ഏതെങ്കിലും ദിവസം ശുചിത്വത്തൊഴിലാളികള്‍ വരാതിരിക്കുകയാണെങ്കില്‍ മുന്‍കൂട്ടി അറിയിക്കും. വീട്ടുകാരെക്കുറിച്ചോ പ്രവര്‍ത്തകരെക്കുറിച്ചോ പരാതിയുണ്ടെങ്കില്‍ ബന്ധപ്പെട്ട കൗണ്‍സിലര്‍മാരെ അറിയിക്കാം. 120 മാലിന്യസംഭരണികള്‍ നഗരത്തില്‍ സ്ഥാപിക്കും. ജൈവമാലിന്യത്തിന് ഒന്നും പ്ലാസ്റ്റിക്കിന് വേറൊന്നും. ഇവിടെയല്ലാതെ മാലിന്യം നിക്ഷേപിച്ചാല്‍ പിഴ ഈടാക്കും. പനംകുറ്റിച്ചിറയും ലാലൂരും കുപ്പിച്ചില്ല്, ട്യൂബ്‌ലൈറ്റ് എന്നിവയ്ക്കായി ഒരു ബ്ലോക്കും പ്ലാസ്റ്റിക്കിനായി മറ്റൊരു ബ്ലോക്കും സ്ഥാപിക്കും.

ധന്യ ടി.എസ്.

20 Jul 2011 mathrubhumi thrissur news....

No comments:

Post a Comment

Follow by Email

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക