.

.

Sunday, July 3, 2011

രാജവെമ്പാലകള്‍ നാട്ടിലിറങ്ങുന്നതിന്റെ രഹസ്യം പുറത്തുവരുന്നു

ബാംഗ്ലൂര്‍: പാമ്പുകളുടെ രാജാവായ രാജവെമ്പാലകള്‍ കാടുവിട്ട് നാട്ടിലേക്ക് കയറുന്നതിന്റെ രഹസ്യങ്ങള്‍ ഒന്നൊന്നായി പുറത്തുവരാന്‍ പോകുന്നു. റേഡിയോ ട്രാന്‍സ്മിറ്ററുകള്‍ ഘടിപ്പിച്ച് രാജവെമ്പാലകളെ കാട്ടില്‍വിട്ട് നടത്തിയ പഠനത്തിലാണ് ഇവയുടെ ജീവിതരീതി വെളിപ്പെട്ടിരിക്കുന്നത്.

കര്‍ണാടകയിലെ ഷിമോഗ ജില്ലയില്‍പ്പെട്ട അഗുമ്പെ റെയിന്‍ ഫോറസ്റ്റ് റിസര്‍ച്ച് സ്റ്റേഷനാണ് പഠനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. പഠനത്തില്‍ ഒരു കാര്യം വ്യക്തമായിട്ടുണ്ട്. രാജവെമ്പാലകള്‍ കൂടുതല്‍ സമയവും മനുഷ്യവാസമുള്ള പ്രദേശങ്ങളിലാണ് വിഹരിക്കുന്നത്. ഈ കണ്ടെത്തലോടെ ഇതേക്കുറിച്ച് ജനങ്ങളെ കൂടുതല്‍ ബോധവത്കരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്.
രാജവെമ്പാലകളുടെ ജീവിതം, ഇരപിടിത്തം, ഇവ കഴിഞ്ഞുകൂടുന്ന സ്ഥലങ്ങള്‍, പ്രത്യുത്പാദനം എന്നിവയെക്കുറിച്ച് പഠനം നടത്തി ഇവയെ വംശനാശ ഭീഷണിയില്‍ നിന്ന് കരകയറ്റാനാണ് റിസര്‍ച്ച് സ്റ്റേഷന്‍ പദ്ധതിയിട്ടിരിക്കുന്നത്. ഇന്ത്യയില്‍ ഇത്തരത്തിലുള്ള പദ്ധതി ആദ്യമാണ്.

രാജവെമ്പാലയുടെ ജീവിതരഹസ്യം തേടി 2008ലാണ് അഗുമ്പെയില്‍ റേഡിയോ ടെലിമെട്രി പദ്ധതി തുടങ്ങിയത്. അരിസോണ യൂണിവേഴ്‌സിറ്റിയുടെ സഹായത്തോടെയാണിത്. ജനവാസസ്ഥലങ്ങളില്‍ നിന്ന് പിടികൂടിയ രണ്ട് ആണ്‍, പെണ്‍ രാജവെമ്പാലകളിലാണ് റേഡിയോ ട്രാന്‍സ്മിറ്ററുകള്‍ ഘടിപ്പിച്ചത്. 2009ല്‍ വീണ്ടും രണ്ടുപാമ്പുകളില്‍ക്കൂടി ഇത് ഘടിപ്പിച്ച് കാട്ടില്‍ വിട്ടു.

ട്രാന്‍സ്മിറ്റര്‍, ആന്‍റിന റിസീവര്‍ എന്നിവയാണ് റേഡിയോ ടെലിമെട്രി സംവിധാനത്തിലുള്ളത്. പാമ്പിന്റെ ശരീരത്തില്‍ ചെറുതായി കീറി ട്രാന്‍സ്മിറ്റര്‍ അകത്തുവെച്ച് തുന്നിക്കെട്ടി കാട്ടില്‍ വിടുകയാണ് ചെയ്യുന്നത്. വിദഗ്ധഡോക്ടറുടെ നേതൃത്വത്തിലാണ് ഈ ചെറിയ ശസ്ത്രക്രിയ. ടെലിമെട്രി ഉപകരണം പ്രവര്‍ത്തിപ്പിച്ച് പാമ്പുകളെ പിന്തുടര്‍ന്നാല്‍ ഇവ സഞ്ചരിക്കുന്ന വഴികള്‍ വ്യക്തമാകും. പ്രത്യേകപരിശീലനം നേടിയവരും ശാസ്ത്രജ്ഞരുമാണ് കാട്ടിലൂടെ സഞ്ചരിക്കുക. പാമ്പുകളില്‍ ഘടിപ്പിച്ച ട്രാന്‍സ്മിറ്ററില്‍ നിന്ന് അഞ്ഞൂറ് മീറ്റര്‍ ദൂരം വരെ സിഗ്‌നലുകള്‍ കിട്ടും. ഇത് റിസീവറില്‍ കാണാന്‍ കഴിയും. ഈ പരീക്ഷണം നാഷണല്‍ ജ്യോഗ്രഫിക് ചാനല്‍ സംപ്രേഷണം ചെയ്തിരുന്നു.
പശ്ചിമഘട്ടത്തില്‍ രാജവെമ്പാലകളെ വ്യാപകമായി കാണുന്നുണ്ട്. ഇതിന്റെ സംരക്ഷണത്തിനായി റെയിന്‍ ഫോറസ്റ്റ് സ്റ്റേഷന്‍ ഈ പ്രദേശങ്ങളില്‍ സ്‌കൂള്‍ കുട്ടികളെ ഉള്‍പ്പെടുത്തി ബോധവത്കരണം നടത്തിവരികയാണ്. വീട്ടുപരിസരങ്ങളിലും മറ്റും കാണുന്ന പാമ്പുകളെ സ്റ്റേഷനിലെ വിദഗ്ധര്‍ എത്തി പിടികൂടി കാട്ടില്‍ വിടുന്നുണ്ട്.

അടുത്തകാലത്തായി രാജവെമ്പാലകള്‍ കൂടുതലായി നാട്ടിന്‍പുറങ്ങളിലെത്തുന്നതിനെത്തുടര്‍ന്നാണ് ഇന്‍സ്റ്റിറ്റിയൂട്ട് റേഡിയോ ടെലിമെട്രി പദ്ധതി തുടങ്ങിയത്. ആവാസവ്യവസ്ഥയില്‍ വന്ന മാറ്റങ്ങള്‍, കാട്ടിലെ മനുഷ്യസ്പര്‍ശം, വനനശീകരണം എന്നിവയാണ് പാമ്പുകളെ കാടുവിടാന്‍ പ്രേരിപ്പിക്കുന്നത്.

3.7.2011 mathrubhumi news

1 comment:

  1. വായിക്കുക.... രാജവെമ്പാല എന്ന സാധുജീവി

    http://harithachintha.blogspot.com/2009/10/blog-post_2455.html

    ReplyDelete

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക