.

.

Wednesday, May 2, 2012

ചക്കമധുരം തമിഴകത്തേക്ക്‌

കുന്നിക്കോട്: വരിക്കച്ചക്കയുടെ കൊതിയൂറും സ്വാദ് അതിര്‍ത്തിക്കപ്പുറത്ത് തമിഴകത്ത് രുചിയുണര്‍ത്തുന്നു. ചക്കപ്രിയം വരുമാനമാക്കാന്‍ മലയാളിയും ഉണര്‍ന്നു. നാട്ടിലെ തൊടികളില്‍ വരിക്കപ്ലാവുകള്‍ ഫലസമൃദ്ധമായതോടെയാണ് കിഴക്കന്‍ മേഖലയിലെ വഴിയോരകേന്ദ്രങ്ങള്‍ ചക്ക വിപണനകേന്ദ്രങ്ങളായി മാറിയത്. സീസണ്‍ വ്യാപാരികള്‍ നാടിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ശേഖരിക്കുന്ന ചക്ക തമിഴകത്തേക്ക് കയറ്റി അയയ്ക്കാന്‍ ദേശീയപാതയോരങ്ങളില്‍ സംഭരിക്കുന്നത് പതിവുകാഴ്ചയായി.

നാട്ടിലെ വരിക്കച്ചക്കയുടെ രുചി നന്നായി അറിയാവുന്ന തമിഴ് സംഘങ്ങള്‍ നല്ല വില നല്‍കിയാണ് ചക്ക തമിഴകത്തേക്ക് എത്തിക്കുന്നത്. ചരക്കിറക്കിയശേഷം ദേശീയപാതയിലൂടെ മടങ്ങുന്ന ലോറികളില്‍ കയറ്റി തമിഴ് വിപണിയിലെത്തിക്കുന്ന ചക്ക ചൂടപ്പംപോലെയാണ് വിറ്റഴിക്കപ്പെടുന്നത്. തമിഴ്‌നാട്ടിലെത്തുന്ന വരിക്കച്ചക്ക ചുളകളാക്കിയും മൊത്തമായും വില്‍ക്കുന്നുണ്ട്.

തമിഴകത്തെ ചിപ്‌സ് നിര്‍മ്മാണ യൂണിറ്റുകളും വ്യാപകതോതില്‍ കേരളത്തില്‍ നിന്നുള്ള ചക്ക സ്വന്തമാക്കുന്നുണ്ട്. ബിസ്‌കറ്റ് നിര്‍മ്മാണത്തിനും മറ്റ് അനുബന്ധ ഭക്ഷ്യവസ്തുക്കളുടെ നിര്‍മ്മാണത്തിനുമായി ചക്കയും ചക്കക്കുരുവും തമിഴ്‌നാട്ടില്‍ ശേഖരിക്കുന്നുണ്ട്. ചക്ക ഒന്നിന് 50 മുതല്‍ 150 രൂപവരെ നല്‍കിയാണ് തമിഴര്‍ വാങ്ങുന്നത്. വരിക്കച്ചക്കയെന്ന വ്യാജേന കൂഴച്ചക്ക നല്‍കി ചൂഷണം ചെയ്യുന്നവരുമുണ്ട്. എന്നാല്‍ വരിക്കയാണോ കൂഴയാണോ എന്ന് ചൂഴ്ന്നറിഞ്ഞശേഷം തന്നെയാണ് ഇപ്പോള്‍ ചക്ക വാങ്ങുന്നത്. ഒരുകാലത്ത് നാട്ടിലെ പറമ്പുകളില്‍ സര്‍വസാധാരണമായിരുന്ന വരിക്കപ്ലാവുകള്‍ ഇന്ന് അപൂര്‍വമായിട്ടുണ്ട്. ഇത് കണക്കിലെടുത്ത് മാര്‍ക്കറ്റിലെത്തുന്ന ചക്ക വിലനല്‍കി വാങ്ങാന്‍ മലയാളികള്‍ തന്നെ രംഗത്തുണ്ട്. എന്നാല്‍ തമിഴ്‌സംഘങ്ങള്‍ക്ക് നല്‍കുന്ന അതേ വിലയില്‍ത്തന്നെ ചക്ക സ്വന്തമാക്കാന്‍ മലയാളിയെ കിട്ടില്ലെന്നുമാത്രം. തമിഴ് മാര്‍ക്കറ്റുകളെ തന്നെ അവലംബിച്ചാണ് സീസണ്‍ വ്യാപാരികള്‍ ചക്കവിപണി പൊടിപൊടിക്കുന്നത്.

 ചക്കയുടെ രുചിയും ഗുണവും നന്നായി അറിയുമ്പോഴും നാട്ടിന്‍പുറങ്ങളിലെ പ്ലാവുകളില്‍ നിന്നുപോലും ചക്ക വിളവെടുക്കാത്ത സ്ഥിതിയുമുണ്ട്.


01 May 2012 Mathrubhumi Kollam News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക