.

.

Friday, May 4, 2012

പെരിയാറില്‍ വന്‍തോതില്‍ മത്സ്യം ചത്തുപൊങ്ങി

കൊച്ചി: പെരിയാറില്‍ മഞ്ഞുമ്മല്‍ ആറാട്ട് കടവ് പാലത്തിന് സമീപം വ്യാഴാഴ്ച രാവിലെ വന്‍തോതില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങി. മാലിന്യംനിറഞ്ഞ കറുത്ത തവിട്ടുനിറത്തിലുള്ള പുഴയില്‍ പകുതി ജീവനായ മത്സ്യങ്ങള്‍ മരണവെപ്രാളത്തോടെ പിടയുന്നത് രാവിലെ പാലത്തിലൂടെ നടക്കാനിറങ്ങിയവരാണ് കണ്ടത്. കരിമീന്‍, ചെമ്മീന്‍, ചെമ്പല്ലി, പള്ളത്തി, പരല്‍, കൂരാന്‍, ബ്രാല്‍, കോലാന്‍ തുടങ്ങിയ മീനുകളൊക്കെ പുഴയില്‍ പൊങ്ങി.
പുഴയില്‍ മീന്‍ ചത്തുപൊങ്ങിയതറിഞ്ഞതോടെ മഞ്ഞുമ്മലില്‍നിന്നും കളമശ്ശേരിയില്‍നിന്നും നിരവധിപേരെത്തി. ഇവര്‍ പുഴയില്‍നിന്നും മുങ്ങിയും കോരുവല ഉപയോഗിച്ചും മീനുകള്‍ വാരിക്കൂട്ടി. പുഴയിലും പുഴയോരത്തുമുള്ള പുല്‍ക്കൂട്ടങ്ങള്‍ക്കിടയിലാണ് വലിയ മത്സ്യങ്ങള്‍ കുടുങ്ങിക്കിടന്നിരുന്നത്. ഇവയെല്ലാം ജനങ്ങള്‍ വാരിക്കൂട്ടി ചാക്കിലും പ്ലാസ്റ്റിക് സഞ്ചിയിലുമായി കൊണ്ടുപോയി. ജലത്തില്‍ ഓക്‌സിജന്റെ അളവ് കുറഞ്ഞതിനാലായിരിക്കും മത്സ്യങ്ങള്‍ ചത്തുപൊങ്ങിയതെന്ന് മലിനീകരണ നിയന്ത്രണബോര്‍ഡ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ മഴപെയ്തസമയം പുഴയിലേക്ക് ഏതെങ്കിലും ഫാക്ടറിയില്‍നിന്ന് വിഷജലം ഒഴുക്കിയതാവാം മത്സ്യങ്ങള്‍ ചത്തുപൊങ്ങിയതിനു കാരണമെന്ന് സമീപവാസികള്‍ പറഞ്ഞു. തൂമ്പുങ്കല്‍ തോട്ടില്‍ നിന്ന് ഇടയ്ക്കിടയ്ക്ക് പെരിയാറിലേക്ക് മലിനജലം ഒഴുക്കിവിട്ടിരുന്നു. ആ സമയങ്ങളിലൊക്കെ പുഴ കറുത്ത തവിട്ടുനിറത്തിലാണ് ഒഴുകിയിരുന്നത്. ഇപ്പോഴും പുഴ അങ്ങിനെയാണ് ഒഴുകുന്നത്. ഈ സംശയം കാരണം മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ തൂമ്പുങ്കല്‍ തോട് പരിസരത്തെത്തി അന്വേഷണം നടത്തി. രാസമലിനീകരണം നടന്നതിനാലാണ് പെരിയാറില്‍ ഓക്‌സിജന്റെ അളവ് കുറഞ്ഞ് ആറാട്ടുകടവിന് സമീപം മത്സ്യസമ്പത്ത് നശിച്ചതെന്നും ഇത് മുന്‍കൂട്ടി കണ്ടുപിടിക്കാന്‍ കഴിയാഞ്ഞത് മലിനീകരണനിയന്ത്രണബോര്‍ഡ് ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് കാണിക്കുന്നതെന്നും പരിസ്ഥിതി പ്രവര്‍ത്തകന്‍ ഏലൂര്‍ ഗോപിനാഥ് പറഞ്ഞു.
04 May 2012 Mathrubhumi Ernamkulam News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക