.

.

Tuesday, May 15, 2012

മാടായിപ്പാറയില്‍ പുതുസസ്യം കണ്ടെത്തി

കല്പറ്റ: ശാസ്ത്രലോകം ഇതേവരെ തിരിച്ചറിഞ്ഞിട്ടില്ലാത്ത പുതിയ ഇനം സസ്യത്തെ കണ്ണൂര്‍ ജില്ലയിലെ മാടായിപ്പാറയില്‍ ഗവേഷകസംഘം കണ്ടെത്തി. പാറയിലെ ചെറിയ വെള്ളക്കെട്ടില്‍ വളരുന്ന ഈ ചെടിക്ക് ലിന്‍ഡര്‍ണിയ മാടായിപാറന്‍സ് എന്നാണ് പേരിട്ടിരിക്കുന്നത്.
എം.എസ്.സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷന്റെയും എറണാകുളം മാലിയങ്കര എസ്.എന്‍.എം.കോളേജിന്റെയും നേതൃത്വത്തിലുള്ള പഠന സങ്കേതത്തെ നയിച്ചത്. ഡോ.എം.കെ.രതീഷ് നാരായണനും ഡോ.സി.എന്‍.സുനിലുമാണ്.
മലബാര്‍ ദേവസ്വം ബോര്‍ഡിനു വേണ്ടിയാണ് സംഘം പഠനം നടത്തിയത്. പ്രദേശത്തെ ജൈവവൈവിധ്യം, ആവാസവ്യവസ്ഥ, സംരക്ഷണത്തിന്റെ ആവശ്യകത തുടങ്ങിയ കാര്യങ്ങളെ കുറിച്ചായിരുന്നു പഠനം. ഒരു വര്‍ഷമായി നടന്നു വരുന്ന പഠനത്തിന്റെ ആദ്യഘട്ടത്തില്‍ മാടായി പാറയില്‍ 560ലധികം സസ്യവര്‍ഗങ്ങളെ കണ്ടെത്തി.

വെള്ളത്തിനടിയില്‍ ഇലകള്‍ കൂട്ടമായും മുകളിലേക്കു പോകുംന്തോറും രണ്ടുവീതം ഇലകളും കാണുന്നു എന്നതാണ് പുതിയ ലിന്‍ഡര്‍ണിയയുടെ സവിശേഷത. ഇന്ത്യയില്‍ ഇതിനകം 22ഇനം ലിന്‍ഡര്‍ണിയ ചെടികള്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ രണ്ടുതരത്തില്‍ ഇലകളുള്ളത് ആദ്യമായാണ് കണ്ടെത്തുന്നതെന്ന് ഡോ.സി.എന്‍. സുനില്‍ പറഞ്ഞു. ലിന്‍ഡര്‍ണിയ സസ്യകുടുംബത്തെ കുറിച്ച് പഠനം നടത്തിയ വിദഗ്ധനാണിദ്ദേഹം.
ലിന്‍ഡര്‍ണിയ മാടായിപാറന്‍സിന്റെ പൂവിന് നീലനിറമാണ്. ഒരുവര്‍ഷമാണ് ചെടിയുടെ ആയുസ്സ്. ആഗസ്ത് -ഡിസംബര്‍ മാസങ്ങളിലാണ് പുഷ്പിക്കുന്നത്. ഇന്റര്‍നാഷണല്‍ ജേര്‍ണല്‍ ഓഫ് പ്ലാന്റ്‌സ് ആനിമല്‍ ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ സയന്‍സസില്‍ ഈ ചെടിയെ കുറിച്ചുള്ള പ്രബന്ധം പ്രസിദ്ധീകരണത്തിന് തിരഞ്ഞെടുത്തിട്ടുണ്ട്. മാടായിപ്പാറയില്‍ പഠന സംഘം കണ്ട സസ്യങ്ങളില്‍ എണ്‍പതിലധികം ഇന്ത്യയില്‍ മാത്രം കണ്ടുവരുന്നതും 16 എണ്ണം കേരളത്തിലെ ഇടനാടന്‍ ചെങ്കല്‍ കുന്നുകളില്‍ മാത്രം കാണുന്നതുമാണ്. ഇതില്‍ പത്തു സ്​പീഷീസുകള്‍ വംശനാശ ഭീഷണി നേരിടുന്ന സസ്യങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന റെഡ് ഡാറ്റാബുക്കില്‍ ഉള്‍പ്പെടുന്നു.
പഠനം പൂര്‍ത്തിയായാല്‍ മാടായിപ്പാറയിലെ അപൂര്‍വങ്ങളടക്കമുള്ള സസ്യജന്തുവിഭാഗങ്ങളെ സംരക്ഷിക്കാന്‍ ബൃഹത്പദ്ധതി ആവിഷ്‌കരിക്കുമെന്ന് മലബാര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. പി.ചാത്തുക്കുട്ടി പറഞ്ഞു.
എം.എസ്.സ്വാമിനാഥന്‍ ഗവേഷണ നിലയത്തിലെ സീനിയര്‍ സയന്റിസ്റ്റായിരുന്ന ഡോ.രതീഷ്‌നാരായണന്‍ ഇപ്പോള്‍ പയ്യന്നൂര്‍ കോളേജ്  ബോട്ടണിവിഭാഗം അസി.പ്രൊഫസറാണ്. 
എം.കെ.നന്ദകുമാര്‍, ജയേഷ് പി.ജോസഫ്, കെ.എ.സുജനജോസഫ് എന്നിവരും പഠന സംഘത്തിലുണ്ട്.


15 May 2012 Mthrubhumi Kannur News ടി.എം.ശ്രീജിത്ത്‌

No comments:

Post a Comment

Follow by Email

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക