.

.

Saturday, May 12, 2012

ഒരു പുഴയെ രക്ഷിക്കാന്‍ മറ്റൊരു പുഴയെ കൊല്ലുന്നു

കൊച്ചി: മരണശയ്യയിലായ ഒരുപുഴയെ സംരക്ഷിക്കാന്‍ അതില്‍ അടിഞ്ഞു കൂടിക്കിടക്കുന്ന ടണ്‍ കണക്കിന് മാലിന്യങ്ങള്‍ തള്ളുന്നത് മറ്റൊരു ജലസ്രോതസിലേയ്ക്ക്. ഫലമോ? നല്ല നീരൊഴുക്കും മത്സ്യസമ്പത്തും ഉള്ള അതും ദുര്‍ഗന്ധവാഹിനിയായിരിക്കുന്നു. ഒപ്പം അതിലെ വന്‍തോതിലുള്ള മത്സ്യസമ്പത്തും ചത്തു. ദേശീയ ജലപാതയായ ചമ്പക്കര കനാലാണ് ഇപ്പോള്‍ കറുത്തിരുണ്ട് ഒഴുക്കുന്നത്.

എരൂര്‍ വെട്ടുവേലിച്ചിറ പൊട്ടിച്ചതിനെ തുടര്‍ന്നാണിത്. ചിറയുടെ വടക്കുവശം ചമ്പക്കരകനാലും തെക്കുവശം കോണത്തുപുഴയുമാണ്.

മാലിന്യം പേറിക്കിടക്കുന്ന കോണത്തുപുഴ നവീകരണ ജോലികള്‍ തൃപ്പൂണിത്തുറ നഗരസഭ ഇവിടെ നടത്തിവരുന്നുണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് വെട്ടുവേലിച്ചിറ പൊട്ടിച്ചത്. അതോടെ കോണത്തുപുഴയില്‍ വര്‍ഷങ്ങളായി കെട്ടിക്കിടക്കുന്ന മാലിന്യങ്ങള്‍ കറുത്തിരുണ്ട് ദുര്‍ഗന്ധവുമായി ചമ്പക്കര കനാലിലേയ്ക്ക് കുത്തിയൊലിച്ചു കൊണ്ടിരിക്കുകയാണ്.

ചമ്പക്കര കനാലിലെ വെള്ളം കറുത്തനിറത്തിലാണ് ഇപ്പോള്‍ ഒഴുകുന്നത്. ചമ്പക്കര കനാലിലെ മത്സ്യ സമ്പത്ത് ഒന്നാകെ മാലിന്യത്തെ തുടര്‍ന്ന് ചത്ത് അടിയിലായതായി മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. നിത്യവും നൂറുകണക്കിന് മത്സ്യത്തൊഴിലാളികള്‍ ആശ്രയിക്കുന്ന കനാലിലെ മത്സ്യ സമ്പത്താണ് ഇല്ലാതായിരിക്കുന്നത്.

കനാലിന്റെ തീരങ്ങളിലാകട്ടെ രൂക്ഷദുര്‍ഗന്ധവും ഉണ്ട്. ആളുകള്‍ കുളിക്കുകയും തുണി നനയ്ക്കുകയുമൊക്കെ ചെയ്തിരുന്ന കനാലില്‍ ഇപ്പോള്‍ അതിനൊന്നും പറ്റാത്ത സ്ഥിതിയാണെന്ന് തീരവാസികള്‍ പറയുന്നു.

ചമ്പക്കര കനാലില്‍ നിന്ന് ചരുങ്ങിയത് മൂന്നു മാസത്തേയ്‌ക്കെങ്കിലും മത്സ്യം ഒന്നും കിട്ടാത്ത സ്ഥിതിയാണെന്നും തങ്ങളുടെ കുടുംബം പട്ടിണിയിലാകുമെന്നും മത്സ്യത്തൊഴിലാളികള്‍ പരിതപിക്കുന്നു. മഴ പെയ്യുന്നതോടെ കോണത്തുപുഴയിലെ മാലിന്യം ചമ്പക്കര കനാലിലേയ്ക്ക് ഇപ്പോള്‍ വരുന്നതിനേക്കാള്‍ വലിയ തോതിലായിരിക്കും വരികയെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. ഒരു പുഴയെ സംരക്ഷിക്കാന്‍ മറ്റൊരു പുഴയെ കൊല്ലുകയാണോ വേണ്ടത്? ജീവിതമാര്‍ഗത്തിന് തങ്ങള്‍ ഇനി എന്തു ചെയ്യും? അവര്‍ ചോദിക്കുന്നു.

12 May 2012 Mathrubhumi ernamkulam news

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക