.

.

Sunday, May 13, 2012

വയനാട് കടുവസങ്കേതത്തിനുള്ള നടപടികള്‍ പുരോഗമിക്കുന്നു

തിരുനെല്ലി: വയനാട് വന്യജീവി സങ്കേതം കടുവ സംരക്ഷണ കേന്ദ്രമായി മാറ്റാനുള്ള നീക്കം പുരോഗമിക്കുന്നു. രാജ്യത്തെ മറ്റു വന്യജീവി ആവാസ കേന്ദ്രങ്ങളില്‍നിന്നും വിഭിന്നമായി കടുവകളുടെ വംശവര്‍ധനയില്‍ മുന്നില്‍ നില്‍ക്കുന്നുവെന്നതാണ് ടൈഗര്‍ റിസര്‍വിന് അനുകൂലമാവുന്നത്. കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയം ഇതിനുള്ള നടപടികള്‍ തുടങ്ങി. സംസ്ഥാന സര്‍ക്കാറിന്റെ പരിശ്രമംകൂടി വേഗത്തിലാവുന്നതോടെ കേരളത്തിലെ മൂന്നാമത്തെ കടുവസംരക്ഷണ കേന്ദ്രമായി വയനാടന്‍ കാടുകള്‍ മാറും.

വയനാട് ടൈഗര്‍ പാര്‍ക്കായി മാറ്റാനുള്ള നിര്‍ദേശങ്ങള്‍ വനം വകുപ്പ് ഇതിനകംതന്നെ പലതവണ മുന്നോട്ടുവെച്ചിട്ടുണ്ട്. നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റി ഇതിന് അനുമതി ലഭിക്കാന്‍ പരിസ്ഥിതി മന്ത്രാലയത്തിന് അപേക്ഷയും നല്കിയിട്ടുണ്ട്.

 നാഗര്‍ഹോള, ബന്ദിപ്പുര്‍, മുതുമല തുടങ്ങിയ ദേശീയ വന്യജീവി സങ്കേതങ്ങളുടെ തുടര്‍ച്ചയാണ് വയനാട് സാങ്ച്വറി. ഏഷ്യന്‍ ആനകളുടെ ഇന്ത്യയിലെ ഏറ്റവും വലിയ താവളം കൂടിയാണിത്. നിത്യഹരിത വനമേഖലയും ഇലപൊഴിക്കും കാടുകളുടെയും സമ്മിശ്രതയില്‍ വന്യജീവികള്‍ക്ക് അനുകൂലമായ ആവാസവ്യവസ്ഥ ഇവിടെയുണ്ട്. കര്‍ണാടകയുടെയും തമിഴ്‌നാടിന്റെയും ഉഷ്ണക്കാറ്റുകള്‍ സഹിക്കവയ്യാതെ വയനാട് മേഖലയാണ് കടുവകളുടെയും ആനകളുടെയും സ്ഥിര താവളമായി മാറുന്നത്.

വര്‍ഷംതോറും നടക്കുന്ന വന്യജീവി കണക്കെടുപ്പില്‍ കടുവകളുടെയും ആനകളുടെും എണ്ണത്തിലാണ് അഭൂതപൂര്‍വമായ വംശപെരുപ്പം ശ്രദ്ധയില്‍പ്പെടുന്നത്. ദക്ഷിണേന്ത്യയിലെ തന്നെ മനുഷ്യനും വന്യജീവികളും തമ്മില്‍ ഏറ്റുമുട്ടുന്ന ഏറ്റവും വലിയ വനമേഖലയാണിത്. മൂന്ന് സംസ്ഥാനങ്ങളിലേക്ക് കൈകള്‍ നീട്ടുന്ന കാട്ടിനുള്ളില്‍നിന്നും വന്യമൃഗങ്ങള്‍ കൃഷിയിടത്തിലേക്ക് ഇറങ്ങുന്നതും പതിവാണ്. ആനശല്യത്തില്‍ പൊറുതിമുട്ടിയ ഗ്രാമീണര്‍ നിരവധി പ്രക്ഷോഭങ്ങള്‍ വര്‍ഷങ്ങളായി തുടരുന്നു. ഈ വനമേഖലയില്‍ മാത്രം മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നായി വര്‍ഷത്തില്‍ അറുപതോളം പേര്‍ വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെടുന്നുണ്ട്.

ആനക്കിടങ്ങുകളും വൈദ്യുത കമ്പിവേലിയും സ്ഥാപിച്ച് വന്യജീവിശല്യം നേരിടാനുള്ള സംവിധാനവും ശാശ്വത പരിഹാരമല്ലെന്ന് വനഗ്രാമങ്ങളിലെ കര്‍ഷകര്‍ പറയുന്നു. വര്‍ധിച്ചുവരുന്ന വന്യജീവി ആക്രമണങ്ങള്‍ തടയാനുള്ള നടപടികള്‍ കാര്യക്ഷമമാക്കാതെ കടുവാ സങ്കേതമാക്കാനുള്ള തീരുമാനങ്ങള്‍ ഗ്രാമീണര്‍ക്ക് വെല്ലുവിളിയാവും.

വന്യജീവി സങ്കേതങ്ങളില്‍നിന്നും വനവാസികളെ ഒഴിപ്പിക്കുന്ന നടപടിയും പുരോഗമിക്കുകയാണ്.മുത്തങ്ങ വനത്തിനുള്ളിലെ ഗോളൂരില്‍നിന്നും കഴിഞ്ഞ ദിവസം 49 കുടുംബങ്ങളെയാണ് കേന്ദ്ര പദ്ധതിയില്‍ കാടിന് പുറത്തേക്ക് ഒഴിപ്പിച്ചത്. ആനത്താര പദ്ധതിയിലും വയനാട് വന്യജീവി സങ്കേതത്തിനായി ഭൂമി ഏറ്റെടുത്തിരുന്നു. അധികം വൈകാതെ ഈ മേഖലയൊന്നാകെ കടുവസംരക്ഷണ കേന്ദ്രമാക്കുന്നതിനുള്ള മുന്നോടിയാണ് ഈ നടപടികള്‍.

13 May 2012 Mathrubhumi Wayanad News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക