.

.

Monday, May 14, 2012

കടലുണ്ടിപ്പുഴയില്‍ മത്സ്യസമ്പത്ത് കുറയുന്നു


മലിനീകരണവും കാലാവസ്ഥാ വ്യതിയാനവും മൂലം കടലുണ്ടിപ്പുഴയില്‍ മത്സ്യസമ്പത്ത് കുറയുന്നു. യഥേഷ്ടം മത്സ്യങ്ങള്‍ കിട്ടേണ്ട ഈ സമയത്ത് ചെറുമീനുകള്‍ പോലും കിട്ടുന്നില്ല. നല്ല മീനുകള്‍ ചൂണ്ടയില്‍ കൊത്തിയിട്ട് കാലമേറെയായെന്ന് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍. തടയിട്ടും ചൂണ്ടയിട്ടും ചെറുതോണികളില്‍ വലയെറിഞ്ഞും പുഴമത്സ്യം പിടിക്കുന്നവര്‍ കടലുണ്ടിപ്പുഴയില്‍ പതിവു കാഴ്ചയായിരുന്നു. ഇപ്പോള്‍ മീന്‍പിടിത്തക്കാരുടെ എണ്ണം വളരെ കുറഞ്ഞു.

മത്സ്യലഭ്യത കുറഞ്ഞതോടെ പുഴയെ ആശ്രയിച്ചു കഴിയുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്കിതു ദുരിതത്തിന്റെ കാലമാണ്. രാപകല്‍ മുഴുവന്‍ പുഴയില്‍ തങ്ങിയിട്ടും കാര്യമായൊന്നും കിട്ടുന്നില്ല. മണിക്കൂറുകളോളം ചൂണ്ടയിട്ടാല്‍ ചെറുമീന്‍ പോലും കൊത്താത്ത സ്ഥിതിയാണ്.  കരിമീന്‍, മാലാന്‍, മുരിമീന്‍, നരിമീന്‍, ചെമ്മീന്‍, പൂയ്യാന്‍, പ്രാച്ചി, ഏട്ട, ചെമ്പല്ലി, കടുവപ്പാര, തിരുത, ഏരി, കോര എന്നീ മത്സ്യങ്ങള്‍ കടലുണ്ടിപ്പുഴയില്‍ നിന്നു ധാരാളമായി ലഭിച്ചിരുന്നു. ഇവയില്‍ പല മത്സ്യങ്ങള്‍ക്കും വംശ നാശം നേരിട്ടതായി കടലുണ്ടി ചെറിയതിരുത്തിയിലെ പരമ്പരാഗത മത്സ്യത്തൊഴിലാളി അമ്പാളി ബാബുരാജ് പറഞ്ഞു.  15 കിലോയിലേറെ തൂക്ക മുള്ള നരിമീന്‍  വരെ കടലുണ്ടിയിലെ തോണിക്കാര്‍ക്ക് ലഭിച്ചിട്ടുണ്ട്. കോട്ടക്കടവു മുതല്‍ കടലുണ്ടിക്കടവ് അഴിമുഖം വരെയുള്ള ഭാഗങ്ങളില്‍ നിന്നാണ് പ്രധാനമായും മീനുകള്‍ ലഭിച്ചിരുന്നത്. മലവെള്ളപ്പാച്ചിലില്‍ ഒഴുകിയെത്തിയിരുന്ന ചെമ്മീനുകള്‍(കൊഞ്ച്)അപ്രത്യക്ഷമായിട്ടു കാലമേറെയായി.
   
പുഴമത്സ്യ വില്‍പനയ്ക്ക് പേരുകേട്ട കടലുണ്ടി മാര്‍ക്കറ്റില്‍ വിരലിലെണ്ണാവുന്ന വില്‍പനക്കാരാണുള്ളത്. മലപ്പുറം ജില്ലയിലെ ദൂരദിക്കുകളില്‍ നിന്നുള്ളവര്‍പോലും ഇവിടെ മീന്‍ വാങ്ങാനെത്തിയ കാലമുണ്ടായിരുന്നു. പുഴയില്‍ മാലിന്യം തള്ളല്‍ വ്യാപിച്ചതോടെയാണ് മീനുകള്‍ അപ്രത്യക്ഷമായതെന്നാണ് മത്സ്യത്തൊഴിലാളികളുടെ വിലയിരുത്തല്‍.
 
മുപ്പതോളം തോണിക്കാര്‍ ഈ മേഖലയില്‍ മീന്‍പിടിത്തത്തിലേര്‍പ്പെടുന്നുണ്ട്.
ഇവരില്‍ പലര്‍ക്കും അധ്വാന കൂലിയ്ക്കു പോലും വകയൊക്കുന്നില്ല. പുഴയില്‍ വ്യാപിച്ച മണലൂറ്റും മലിനീകരണവും മത്സ്യങ്ങളുടെ പ്രജനനത്തെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നാണ് മത്സ്യത്തൊഴിലാളികളുടെ പക്ഷം. ഇതിനു നടപടിയുണ്ടായില്ലെങ്കില്‍ വരും കാലങ്ങളില്‍ പുഴയില്‍ മത്സ്യങ്ങള്‍ കണികാണാന്‍ പോലും ഉണ്ടാകില്ലെന്നാണ് ഇവരുടെ ആശങ്ക.

Manorama Online >> Environment >> News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക