.

.

Tuesday, May 8, 2012

ജലദൗര്‍ലഭ്യം മൂലം ജില്ലയിലെ സ്വാഭാവിക തോടുകള്‍ ഇല്ലാതാവുന്നു

തലപ്പുഴ: ജില്ലയിലെ വയലേലകളിലുള്ള സ്വാഭാവിക തോടുകള്‍ ഇല്ലാതാവുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പുവരെ വെള്ളം നിറഞ്ഞ് ഒഴുകിയ തോടുകള്‍ പലതും ഇന്ന് ഇല്ലാതായി. നിലവിലുള്ള തോടുകളാവട്ടെ നീരൊഴുക്ക് കുറഞ്ഞതിനാല്‍ ചെറിയ ചാലുകളായി മാറി. നീര്‍ത്തടങ്ങളായി വര്‍ത്തിച്ചിരുന്ന വയലുകള്‍ അപ്രത്യക്ഷമായതുമൂലം വേനല്‍ക്കാലങ്ങളില്‍ ജലദൗര്‍ലഭ്യത്തിനിടയായി. നെല്‍കൃഷിക്ക് പകരം വന്ന വാഴ, കമുക് തുടങ്ങിയ കൃഷികള്‍ ആവാസ വ്യവസ്ഥയെ തന്നെ തകിടംമറിച്ചു. ഇതോടെ സ്വാഭാവിക നീരുറവകള്‍ ഭൂരിഭാഗവും അപ്രത്യക്ഷമായി.
നീരൊഴുക്ക് കുറഞ്ഞതോടെ തോടുകളും അരുവികളും ഇല്ലാതാകാന്‍ കാരണമായി. ഒരുകാലത്ത് നിറഞ്ഞൊഴുകിയ പുഴകളും തോടുകളും ഇന്ന് കാണാനില്ല. വയലുകളില്‍ കൃഷിയിറക്കിയിരുന്ന കര്‍ഷകര്‍ക്ക് മുമ്പ് വിളകള്‍ നനയ്ക്കാന്‍ വെള്ളമില്ലാതെ ഒരിക്കലും കഷ്ടപ്പെടേണ്ടിവന്നിട്ടില്ല. വേനല്‍ക്കാലത്തും മഴക്കാലത്തും വെള്ളം സുലഭമായി തോടുകളിലും പുഴകളിലും ലഭ്യമായിരുന്നു. ഇന്ന് ഈ സ്ഥിതിയാകെ മാറി. ഇന്ന് കൃഷിയിറക്കിയവര്‍ മഴയെ പ്രതീക്ഷിച്ചിരിക്കേണ്ട സ്ഥിതിയിലാണ്. തടയണകള്‍ കെട്ടി വയലുകളില്‍ വെള്ളമെത്തിച്ച് കൃഷിചെയ്തിരുന്ന കര്‍ഷകര്‍ ഭൂരിഭാഗവും ജലദൗര്‍ലഭ്യത്തെത്തുടര്‍ന്ന് കൃഷിയോട് വിടപറഞ്ഞ് മറ്റ് മേഖലകളിലേക്ക് ചേക്കേറി. ജില്ലയിലെ കൃഷിനിലങ്ങളില്‍ വെള്ളമെത്തിക്കുന്നതിന് വേണ്ടി വിവിധ വകുപ്പുകള്‍ ലക്ഷങ്ങള്‍ ചെലവുചെയ്ത് നിര്‍മിച്ച തടയണകളും ജലസംരക്ഷണ പ്രവര്‍ത്തനങ്ങളും പലതും നോക്കുകുത്തിയായി നില്‍ക്കുകയാണ്. വനാതിര്‍ത്തികളിലും വയലിനും അടുത്തുള്ള ചെറുതുരുത്തുകളും കുറ്റിക്കാടുകളും നശിച്ചതിനെ തുടര്‍ന്ന് സ്വാഭാവിക നീരുറവകള്‍ പൂര്‍ണമായും ഇല്ലാതാവുന്ന സ്ഥിതി സംജാതമായി. ഇതോടെ കുടിവെള്ളം പോലും കിട്ടാക്കനിയായി മാറി. ജില്ലയിലെ കര്‍ഷകരെ സാമ്പത്തികമായി കരകയറാന്‍ സഹായിച്ചത് വാഴകൃഷിയാണെങ്കിലും ഇതിന്റെ വരവോടെയാണ് വയലുകളിലുണ്ടായിരുന്ന അവസാനത്തെ നീരുറവപോലും ഇല്ലാതായതെന്ന് കര്‍ഷകര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. അര മീറ്ററിനുമേല്‍ താഴ്ചയില്‍ ചാലുകള്‍ വാഴകൃഷിക്ക് വേണ്ടി വയലുകളില്‍ തീര്‍ക്കുന്നതിനാല്‍ ഭൂഗര്‍ഭ ജലം വന്‍തോതില്‍ ഒഴുകിപ്പോകുന്ന സാഹചര്യമുണ്ടായി. നഞ്ച, പുഞ്ച എന്നീ രണ്ട് കൃഷികള്‍ ചെയ്തിരുന്ന നെല്‍കര്‍ഷകര്‍ ജലദൗര്‍ലഭ്യത്തെ തുടര്‍ന്ന് ഒന്നില്‍ ഒതുക്കേണ്ടിവന്നു. നിലവിലുള്ള തോടുകള്‍ ചാലുകളായി മാറിയതോടെ വര്‍ഷകാലം ശക്തമായാല്‍ വെള്ളം ഒഴുകുന്നത് വയലിലൂടെയാവും.

08 May 2012 Wayanad News 

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക