.

.

Thursday, May 10, 2012

ജൈവവൈവിധ്യങ്ങളുമായി കുറുവദ്വീപ് അപൂര്‍വമായവയടക്കം 388 സസ്യവര്‍ഗങ്ങള്‍

കല്പറ്റ: വയനാട്ടിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ കുറുവ ദ്വീപില്‍ അത്യപൂര്‍വമായ സസ്യവര്‍ഗങ്ങളുള്‍പ്പെടെയുള്ള ജൈവ വൈവിധ്യസമ്പത്ത്. എം.എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയത്തിലെ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തില്‍ ഇവിടെ 388 ഇനം സസ്യജാലങ്ങളുണ്ടെന്ന് കണ്ടെത്തി. ഇവയില്‍ പലതും വംശനാശ ഭീഷണി നേരിടുന്നവയാണ്. കബനീ നദിയോടു ചേര്‍ന്നുള്ള കുറുവയില്‍ 57 ഓര്‍ക്കിഡ് ഇനങ്ങളുണ്ട്. സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷന് കീഴിലുള്ള സംരക്ഷിത വനത്തിന്റെ ഭാഗമാണ് കുറുവദ്വീപ്.
950 ഏക്കറില്‍ പരന്നുകിടക്കുന്ന ദ്വീപിന്റെ 65 ഏക്കറില്‍ മാത്രമേ സന്ദര്‍ശകര്‍ക്ക് പ്രവേശനമുള്ളൂ. വനംവകുപ്പും ഡി.ടി.പി.സി.യും ചേര്‍ന്നാണ് ഈ വിനോദസഞ്ചാര കേന്ദ്രം നടത്തുന്നത്. ദ്വീപിലുള്ള 92 സ്​പീഷീസുകള്‍ വന്‍മരങ്ങളാണ്. വംശനാശഭീഷണി നേരിടുന്ന സസ്യവര്‍ഗങ്ങളെക്കുറിച്ചുള്ള റെഡ് ഡാറ്റാ ബുക്കില്‍ ഇടം നേടിയ ഒക്രിന്യൂക്ലിയ മിഷനിസ്, ഹോപ്പിയപൊങ്ക തുടങ്ങിയവ ഇതില്‍പ്പെടും. സിന്നമം മലബാത്രം, ഹോപ്പിയ പാര്‍വിഫ്‌ളോറ, വെപ്രിസ് ബൈലോക്കുലാരിസ്, ലോഫോ പെറ്റാലം വൈറ്റി, ഡയോ സ്‌പൈറോസ് പെരിഗ്രേയ്‌ന, മിമിസൈലോണ്‍റോയില്‍, സാലിസ് സെട്രോ സ്വേം തുടങ്ങിയവ അപൂര്‍വ മരങ്ങളാണ്. വാന്‍ഡ ട്വീറ്റസി, റീഷ്യനാന്തസ് റീഡി തുടങ്ങിയ ഓര്‍ക്കിഡുകള്‍ വയനാട്ടില്‍ മാത്രം കാണുന്നവയാണ്. അത്യപൂര്‍വമായ സലേഷ്യബഡോമി, പ്രവ്‌നവില്ലോസ തുടങ്ങിയ ഔഷധഗുണമുള്ള വള്ളിച്ചെടികളും കുറുവയിലുണ്ട്. നിലത്ത് പറ്റിച്ചേര്‍ന്ന് വളരുന്ന ഓര്‍ക്കറിഡായ ഓരിലത്താമര കുറുവയില്‍ സമൃദ്ധമായുണ്ട്. നനവാര്‍ന്ന ഇലപൊഴിയും കാടുകള്‍ കുറുവയിലെ മറ്റൊരു സവിശേഷതയാണ്. 30-35 മീറ്റര്‍ ഉയരത്തില്‍ വളരുന്ന സസ്യങ്ങളാണിത്. കബനീ നദിയോടു ചേര്‍ന്നുള്ള കുറുവ പ്രദേശങ്ങള്‍ നിത്യഹരിതവനങ്ങളാല്‍ സമ്പന്നമാണ്.കുറുവയിലെ സസ്യസമ്പത്തിനെക്കുറിച്ച് 200 പേജിലേറെയുള്ള റിപ്പോര്‍ട്ടും ഫോട്ടോകളും വനംവകുപ്പിന് കൈമാറുമെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഡോ. എം.കെ.രതീഷ് നാരായണന്‍ പറഞ്ഞു. ജയേഷ് പി.ജോസഫ്, വി.മിനി, കെ.എ.സുജന എന്നിവരും പഠനസംഘത്തിലുണ്ടായിരുന്നു. അതിപ്രാധാന്യത്തോടെ സംരക്ഷിക്കേണ്ട ജൈവവൈവിധ്യ മേഖലയാണ് കുറുവയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.


ടി.കെ.ശ്രീജിത്ത്‌   10 May 2012 Mathrubhumi News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക