.

.

Thursday, May 10, 2012

എമുവിന്റെ കാല്‍ കീറുന്നു

തിരുവനന്തപുരം: ഈ കൂട്ടിലിത്തിരി പഞ്ചാരമണല്‍ വിരിച്ചുതരുമോ? കൊത്തിത്തിന്നാനല്ല; ഒന്ന് സ്വസ്ഥമായി നടന്നിട്ട് വര്‍ഷം ആറായി. ഇരുകാലുകളും വിണ്ടുകീറി, അവിടവിടെ വീക്കവുമുണ്ട്. മൃഗശാലയിലെ ആകെയുള്ള രണ്ട് എമുപക്ഷികളുടെ ദയനീയാവസ്ഥയാണിത്. മഴ പെയ്താല്‍ വെള്ളം കൂട്ടില്‍ തന്നെ. കുത്തിയൊഴുകുന്ന വെള്ളത്തില്‍ കൂട്ടിനുള്ളിലെ ചെളിമണ്ണ് ഒലിച്ചുപോയി. ഇതേത്തുടര്‍ന്ന് സൂചി പോലുള്ള കല്ലുകള്‍ പൊന്തിനില്‍പ്പുണ്ട്. അതിനാല്‍ ഓടാന്‍ കഴിയുന്ന എമുപ്പക്ഷികള്‍ ഇവിടെ പതുങ്ങിയേ നടക്കാറുള്ളൂ. രണ്ട് പെണ്‍ എമുപക്ഷികളാണുള്ളത്. ഇണയില്ല. പുതുതായി ഒരാണിനെ കൊണ്ടുവരണമെങ്കില്‍ കൂട് ശരിയാക്കണം.
ഇടയ്ക്കിടയ്ക്ക് കാലിന് പൊട്ടലും വീങ്ങലുംമൂലം ബബിള്‍ഫൂട്ട് എന്ന രോഗവും ഇവയ്ക്ക് വരാറുണ്ട്. ജീവനക്കാര്‍ കൂട്ടിനുള്ളില്‍ കരിയിലകള്‍ കൊണ്ടുള്ള കിടക്ക ഉണ്ടാക്കി നല്‍കും. ഇതാണ് ഇവയ്ക്ക് ഏക ആശ്വാസം. എമു പക്ഷികളുടെ ദുരവസ്ഥ മനസ്സിലാക്കിയ മൃഗശാല ഡോക്ടറും ഡയറക്ടറും പഞ്ചാരമണലിനുവേണ്ടി റവന്യൂ വകുപ്പിനെ സമീപിച്ചിരിക്കുകയാണ്. ഇവിടത്തെ പക്ഷികളുടെ കൂടുകള്‍ക്കും എമുവിന്റെ കൂട്ടിലും മണല്‍ വിരിച്ചില്ലെങ്കില്‍ കാലുകളില്‍ വ്രണം ബാധിച്ച് ഇവയ്ക്ക് ഒതുങ്ങികൂടേണ്ടിവരും. ഇപ്പോള്‍ സന്ദര്‍ശകര്‍ക്ക് ഓടിക്കളിക്കുന്ന പക്ഷികളെ കാണാന്‍ കഴിയില്ല. മുട്ടത്തറയില്‍ ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെ നിര്‍മാണം നടക്കുന്നിടത്ത് മലപോലെ മണല്‍ വാരിക്കൂട്ടിയിട്ടുണ്ട്. ഇതില്‍ നിന്ന് ആവശ്യത്തിന് മണല്‍ നല്‍കാന്‍ റവന്യൂ അധികൃതര്‍ തയാറായാല്‍ മിണ്ടാപ്രാണികള്‍ക്ക് ആശ്വാസമാകും.

10 May 2012 Mathrubhumi Thiruvananthapuram News  

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക