.

.

Sunday, April 29, 2012

പ്രകൃതിദത്ത മാര്‍ഗങ്ങളില്‍ ജലസംരക്ഷണം


പൊതുകിണറുകളും കുളങ്ങളും ശുചിയാക്കാത്ത തദ്ദേശ സ്ഥാപനങ്ങളുടെ കുടിവെള്ളം മുട്ടും. കുടിവെള്ള വിതരണത്തിന് ഫണ്ട് അനുവദിക്കുന്നതിന് മുന്നോടിയായി കിണറുകളും കുളങ്ങളും ശുചിയാക്കുന്നതിനുള്ള പദ്ധതി കൂടി നിര്‍ബന്ധമാക്കാനാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം. പ്രകൃതിദത്ത മാര്‍ഗങ്ങളില്‍ ജലസംരക്ഷണം നടത്തുന്നതിന് തദ്ദേശ സ്ഥാപനങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നതിനു വേണ്ടിയാണ് സര്‍ക്കാര്‍ സമ്മര്‍ദതന്ത്രവുമായി രംഗത്ത് വരുന്നത്. കുളങ്ങളും കിണറുകളും ശുചിയാക്കുന്നതിന് പലവട്ടം ശ്രമിച്ചെങ്കിലും ഒന്നും വിജയിച്ചില്ല.

പ്രകൃതിദത്തമായ പാത്രങ്ങളില്‍ വെള്ളം സംഭരിച്ച് വേനല്‍ക്കാലത്ത് ഉപയോഗിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് താല്‍പര്യം എടുക്കുന്നില്ലെന്ന് സര്‍ക്കാരിന് പരാതിയുണ്ട്. മാത്രമല്ല, ടാങ്കര്‍ലോറികളില്‍ 'ഇഷ്ടംപോലെ വെള്ളം വിതരണം ചെയ്യാനാണ് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് താല്‍പര്യമെന്ന് സര്‍ക്കാരിന് തോന്നിത്തുടങ്ങിയിട്ട് കുറച്ചു നാളുകളായി. ടാങ്കര്‍ലോറി വെള്ളം വിതരണത്തില്‍ ക്രമക്കേടും വെട്ടിപ്പും അടുത്ത കാലത്ത് കണ്ടെത്തുകയും ചെയ്തു.

ടാങ്കര്‍ലോറി ജലവിതരണവും ജല അതോറിറ്റിയുടെ പൈപ്പ് നീട്ടല്‍ പദ്ധതിയും പരമാവധി നിരുത്സാഹപ്പെടുത്തണമെന്ന് വരള്‍ച്ചയുടെ ഫണ്ട് കൈകാര്യം ചെയ്യുന്ന റവന്യു ദുരന്ത നിവാരണ വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ നയത്തിന്റെ ചുവട് പിടിച്ചാണ് ജലവിതരണത്തിനൊപ്പം ജലസംരക്ഷണവും നടത്തുന്നതിനുള്ള പദ്ധതി തൃശൂരില്‍ നടപ്പാക്കുന്നത്. കുടിവെള്ള വിതരണ ഫണ്ടിനുള്ള അപേക്ഷയ്ക്കൊപ്പം പഞ്ചായത്തിലെ കിണറുകളും കുളങ്ങളും ശുചിയാക്കുന്നതിനുള്ള പദ്ധതിയും സമര്‍പ്പിക്കണമെന്ന് പഞ്ചായത്തുകള്‍ക്ക് ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കിക്കഴിഞ്ഞു.

തീര്‍ന്നില്ല, കുടിവെള്ള വിതരണത്തിന് തുടക്കത്തില്‍ അരലക്ഷം രൂപ മാത്രമെ നല്‍കുകയുള്ളൂ. ബാക്കിയുള്ള പണം കിണറുകളും കുളങ്ങളും ശുചിയാക്കിയെന്ന് ഉറപ്പാക്കിയ ശേഷമെ നല്‍കുകയുള്ളൂ. ജലസംഭരണികള്‍ ശുചിയാക്കിയെന്ന് ഉറപ്പാക്കുന്നതിന് ഉദ്യോഗസ്ഥര്‍ സ്ഥലപരിശോധന നടത്തുകയും ചെയ്യും. തൃശൂര്‍ ജില്ലയില്‍ 4000ല്‍ ഏറെ പൊതുകിണറുകളും ആയിരത്തോളം കിണറുകളുമുണ്ട്. അടുത്ത വര്‍ഷത്തെ ജലക്ഷാമം പരിഹരിക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് ഈ വര്‍ഷംതന്നെ ജലസംഭരണികള്‍ ശുചിയാക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിക്കുന്നത്.

മനോരമ ഓണ്‍ലൈന്‍ പരിസ്ഥിതി ന്യൂസ്‌ 

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക