.

.

Saturday, October 8, 2011

വാളയാറില്‍ 'ഇത്തിള്‍പന്നി' യെകണ്ടെത്തി

വാളയാര്‍: വനാതിര്‍ത്തിയോടു ചേര്‍ന്നുള്ള കൃഷിയിടത്തില്‍ കണ്ടെത്തിയ അപൂര്‍വ ജീവി ഇത്തിള്‍പന്നി (Hedgehog) ആണെന്ന് വിദഗ്ധര്‍. വടക്കുപടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലാണ് ഇവയെ സാധാരണ കണ്ടുവരാറുള്ളതെന്ന് തൃശൂര്‍ വെള്ളാനിക്കര കാര്‍ഷിക സര്‍വകലാശാല വന്യജീവി വിഭാഗം തലവന്‍ പി.ഒ.നമീര്‍ പറഞ്ഞു. ദേഹമാസകലം മുള്ളുകള്‍ നിറഞ്ഞ് മുള്ളന്‍ പന്നിയോട് സാമ്യം തോന്നും ഇവയെകണ്ടാല്‍. പന്ത്പോലെ ചുരുങ്ങിക്കൂടാന്‍ കഴിവുള്ള ഇവ രാത്രിയില്‍ മാത്രമേ ആഹാരം തേടി പുറത്തിറങ്ങാറുള്ളു.
വെള്ള, മഞ്ഞ, കറുപ്പ് നിറത്തില്‍ വരകളുള്ള ബലമേറിയ ഒരു സെന്റീമീറ്ററോളം നീളമുള്ള മുള്ളുകള്‍ ശരീരത്തിലുണ്ട്. മൂര്‍ച്ചയേറിയ നഖങ്ങളുള്ള നാലുകാലില്‍ സഞ്ചരിക്കുന്ന ഇത്തിള്‍പന്നിക്ക് വലിയ ചെവിയും ഏതാണ്ട് പന്നിയുടെ മുഖസാദൃശ്യമുണ്ട്. പ്രതികൂല സാഹചര്യങ്ങളില്‍ കാലുകളും തലയും പൂര്‍ണമായി ഉള്‍വലിഞ്ഞ് മുള്‍ക്കെട്ടോടുകൂടിയ പന്തായി ചുരുങ്ങും.'ഇത്തിള്‍ പന്നികള്‍ ആക്രമണകാരിയല്ല. അനക്കങ്ങളില്ലാത്ത സമയങ്ങളില്‍ പന്ത് രൂപത്തില്‍ വിശ്രമിക്കുന്ന ജീവി അര അടിയോളം നീളം വച്ച് കാലുകളും തലയും പുറത്തിട്ട് നീളമേറിയ ചുണ്ടുകള്‍ നീട്ടിപ്പിടിച്ച് ഇരതേടിയിറങ്ങുന്നതാണ് രീതി. മണ്ണിരയും ഷഡ്പദങ്ങളുമാണ് ഇൌ വാലില്ലാ സസ്തനിയുടെ പ്രധാന ഭക്ഷണം.

വാളയാറില്‍ ലഭിച്ച ഇത്തിള്‍ പന്നിക്ക് 250 ഗ്രാം തൂക്കമാണുള്ളത്. സംസ്ഥാനത്ത് ഇതിന്ന് മുന്‍പ് 1993 ല്‍ ഒറ്റപ്പാലത്താണ് ഇത്തിള്‍പന്നിയെ ആദ്യമായി കണ്ടെത്തിയതെന്ന് നമീര്‍ പറഞ്ഞു. തൃശൂര്‍ മൃഗശാലയില്‍ എത്തിച്ചിരുന്നെങ്കിലും

രണ്ടു ദിവസത്തിനകം ഇതു ചത്തുപോയതായും പിന്നീട് സംസ്ഥാനത്ത് കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.

ചന്ദ്രാപുരം പാലിയമ്മന്‍ തുറയിലെ കോവില്‍ മണിയന്‍ വീട്ടില്‍ പാപ്പുവിന്റെ തെങ്ങിന്‍ തോപ്പില്‍ കണ്ടെത്തിയ ജീവിയെ പിന്നീട് വനപാലകര്‍ക്ക് കൈമാറുകയായിരുന്നു. വെറ്ററിനറി സര്‍ജന്‍ സുനില്‍ദാസ് നടത്തിയ പരിശോധനയില്‍ ലഭിച്ച ഇത്തിള്‍പന്നി പൂര്‍ണ ആരോഗ്യമുള്ളതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വന്യജീവിയായ ഇത്തിള്‍പന്നിക്ക് അനുയോജ്യമായ ആഹാരരീതി ലഭ്യമാക്കി പാര്‍ക്കില്‍ സംരക്ഷിക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുള്ളതിനാല്‍ കാട്ടിലേക്ക് വിട്ടയയ്ക്കുമെന്ന് ഇൌസ്റ്റേണ്‍ സര്‍ക്കിള്‍ സിസിഎഫ് എന്‍.കെ.ശശിധരന്‍ അറിയിച്ചു.

ManoramaOnline Palakkad News.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക