കോട്ടയം : 'കോട്ടയത്തിനു സ്വന്തമായി എത്ര ചക്കയിനങ്ങളുണ്ട്?' ചോദ്യം തമാശയ്ക്കു ചോദിച്ചതാണെങ്കിലും ഉത്തരം കേട്ട കുട്ടികള്‍ വാ പൊളിച്ചിരുന്നു പോയി. മികച്ച ചക്കയിനങ്ങളുടെ ഈറ്റില്ലം തന്നെയാണ് അക്ഷര നഗരി. മുട്ടം ചക്ക, വാകത്താനം ചക്ക, കുട്ടനാടന്‍ ചക്ക, പത്താമറ്റം ചക്ക എന്നിങ്ങനെ ഒരുപിടി തേനൂറും രുചികള്‍ കുട്ടനാടിന്റെ അയല്‍വക്കമായ കോട്ടയത്തിനുണ്ട്. വരിക്കച്ചക്കയുടെ രുചിഭേദങ്ങളിലെ ഈ കഥകള്‍ കുട്ടികളുമായി പങ്കുവച്ചത് സാക്ഷാല്‍ പ്ലാവ് ജയന്‍ തന്നെ . കോട്ടയം പബ്‌ളിക് ലൈബ്രറിയില്‍ കണ്ടല്‍ ദിനസംരക്ഷണ ദിനാചരണം ഉദ്ഘാടനം ചെയ്യാനെത്തിയതാണ് പ്ലാവ് ജയന്‍. പ്ലാവു നടുകയെന്ന ഒറ്റയാള്‍ പോരാട്ടത്തില്‍ ആരും കൂട്ടിനില്ലാത്ത തൃശ്ശൂര്‍ സ്വദേശി ജയന്‍ പരിസ്ഥിതി സംരക്ഷണത്തിന്റെ ലാഭേച്ഛയില്ലാത്ത കഥകള്‍ കുട്ടികളുമായി പങ്കുവച്ചു.
തേങ്ങച്ചക്ക, പഴച്ചക്ക മുതല്‍ ചക്കവൈവിധ്യത്തിന്റെ പേരുകള്‍ ഈണത്തില്‍ ചൊല്ലിയും ഔഷധ ഗുണങ്ങള്‍ വിവരിച്ചും പ്ലാവ് ജയന്‍ കുട്ടികള്‍ക്ക് പ്ലാവിനെക്കുറിച്ചറിയേണ്ടതെല്ലാം പറഞ്ഞു കൊടുത്തു.
പ്ലാവിലേക്ക് ആകര്‍ഷിക്കപ്പെട്ടതെങ്ങനെയെന്ന ചോദ്യത്തിനു മറുപടിയായി കഷ്ടപ്പാടിന്റെ കുട്ടിക്കാലം ജയന്‍ കുട്ടികളോടു വിവരിച്ചു. ചക്ക തിന്നു വിശപ്പടക്കിയും പ്ലാവിലകള്‍ പെറുക്കി നല്‍കി വീട്ടിലെ ആകെയുള്ള വരുമാനമാര്‍ഗമായ ആടുകളെപ്പോറ്റിയും കഴിഞ്ഞിരുന്ന ജയന് ഏഴാം ക്ലാസ്സില്‍ വച്ച് കുട്ടികള്‍ നല്കിയ വിളിപ്പേരാണ് പ്ലാവ് ജയന്‍. സ്‌കൂളില്‍ പഠിക്കുന്ന കാലത്തു തന്നെ തൊടിയില്‍ നിറയെ പ്ലാവുകള്‍ വച്ചു പിടിപ്പിക്കുന്ന ശീലമുണ്ടായിരുന്നു ജയന്. അന്ന് ചക്കപ്പഴം അക്ഷരാര്‍ത്ഥത്തില്‍ അമൃത് തന്നെയായിരുന്നു . വളരുന്തോറും ചക്കപ്രേമവും പ്ലാവുപോലെ പടര്‍ന്നു പന്തലിച്ചു.
തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ 500 പ്ലാവുകള്‍ ഉള്‍പ്പെടെ മുപ്പതിനായിരത്തിലധികം പ്ലാവുകള്‍ പരിസ്ഥിതിക്ക് ജയന്റെ സമ്മാനമാണ്. ' ഒരു വൃക്ഷം വേണം , ഒരു തണലും ' എന്നു തോന്നുന്നിടത്തെല്ലാം പ്ലാവുകള്‍ നട്ടു ജയന്‍. ആരാണ് ജയന്റെ ഈ യജ്ഞത്തില്‍ സഹായിക്കുന്നത്?. കുട്ടികളുടെ ചോദ്യത്തിനുത്തരം ജയന്റെ മറുചോദ്യം ' ചക്കക്കുരു കുഴിച്ചിടാന്‍ എന്തിനാ ഫണ്ട്?
പബ്‌ളിക് ലൈബ്രറിയും ഫ്രണ്ട്‌സ് ഓഫ് ട്രീസും ഗിഫ്റ്റഡ് ചില്‍ഡ്രനും ചേര്‍ന്ന് സംഘടിപ്പിച്ച കണ്ടല്‍ സംരക്ഷണ ദിനാചരണത്തില്‍ പബ്‌ളിക് ലൈബ്രറി പ്രസിഡന്റ് എബ്രഹാം ഇട്ടിച്ചെറിയ അധ്യക്ഷനായി. സംഘാടക സമിതി അംഗം കെ. ബിനു കണ്ടല്‍ ദിന സന്ദേശം നല്കി. കണ്ടല്‍ ഫോട്ടോപ്രദര്‍ശന ഉദ്ഘാടനം ടി.ശശികുമാര്‍ നിര്‍വഹിച്ചു. സി.ജി.വാസുദേവന്‍ നായര്‍ , ഡോ. കെ. വിജയകുമാര്‍ , ഡോ.പ്രവീണ്‍ ജോര്‍ജ് ഇട്ടിച്ചെറിയ , സുനില്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിച്ചു.
Posted on: 19 Oct 2011 Mathrubhumi Kottayam News
No comments:
Post a Comment