.

.

Sunday, April 1, 2012

ഓണാട്ടുകരയെ പച്ചപ്പണിയിക്കാന്‍ ഹരിതസേന റെഡി

കായംകുളം: ഓണാട്ടുകരയെ ഹരിതാഭമാക്കാന്‍ ഇനി ഹരിതസേനയും. കൃഷിയിലും കാര്‍ഷിക യന്ത്രങ്ങളിലും ഇരുപതു ദിവസത്തെ പരിശീലനം പൂര്‍ത്തിയാക്കിയ 40 അംഗ ഹരിതസേന പുറത്തിറങ്ങി. 
കാര്‍ഷിക സര്‍വകലാശാലയുടെ ഓണാട്ടുകര മേഖലാ ഗവേണ കേന്ദ്രത്തിലായിരുന്നു സേനയിലേക്കു തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് പരിശീലനം. 

മുന്‍ മന്ത്രി ലാല്‍ബഹദൂര്‍ ശാസ്ത്രിയുടെ ജയ് ജവാന്‍, ജയ് കിസാന്‍ എന്ന ആശയത്തെ യാഥാര്‍ത്ഥ്യവത്കരിച്ച് മണ്ണുത്തിയില്‍ ഡോ. യു. ജയകുമാരന്‍ രൂപകല്‍പ്പന ചെയ്തതാണ് ഹരിതസേന.
കാര്‍ഷികവൃത്തി അഭിമാനമാണെന്ന ഭാവനയെ ഉണര്‍ത്തി രാജ്യരക്ഷയും ഭക്ഷ്യസുരക്ഷയും പുതിയൊരു കാര്‍ഷിക സംസ്‌ക്കാരവും രൂപപ്പെടുത്തുകയാണ് ഹരിതസേനയുടെ ലക്ഷ്യം.

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട 25 യുവതികളും 15 യുവാക്കളുമാണ് ഓണാട്ടുകര കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ പരിശീലനം പൂര്‍ത്തിയാക്കിയത്. തൃശ്ശൂരില്‍ നിന്നെത്തിയ 10 വിദഗ്ദ്ധരാണ് കാര്‍ഷിക യന്ത്രങ്ങളുടേയും അനുബന്ധ ഉപകരണങ്ങളുടേയും പ്രവര്‍ത്തനവും പ്രയോഗവും പരിശീലിപ്പിച്ചത്. 

ട്രാക്ടര്‍, ടില്ലര്‍, മിനിടില്ലര്‍, നടീല്‍ യന്ത്രം, കൊയ്ത്തു യന്ത്രം, കൊയ്ത്തുമെതി യന്ത്രം, ബ്രഷ് കട്ടര്‍, മരുന്നു തളിക്കുന്ന ഉപകരണങ്ങള്‍, തെങ്ങുകയറാനുള്ള യന്ത്രം എന്നിവയിലാണ് വിദഗ്ദ്ധ പരിശീലനം നല്‍കിയത്. 
പട്ടാളച്ചിട്ടയില്‍ പച്ചനിറമുള്ള പാന്റും ഷര്‍ട്ടും ധരിച്ച് രാവിലെ പരേഡോടു കൂടി പരിശീലനം തുടങ്ങി വൈകിട്ട് പരേഡോടെ അവസാനിപ്പിക്കുന്നതായിരുന്നു രീതി. 

ശനിയാഴ്ച രാവിലെ നടന്ന പാസിങ് ഔട്ട് പരേഡില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഗായത്രിതമ്പാന്‍ സല്യൂട്ട് സ്വീകരിച്ചു. ഓണാട്ടുകര മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രം മേധാവി ഡോ. സുഷമാകുമാരി അധ്യക്ഷത വഹിച്ചു. 
കോഴ്‌സ് കോ-ഓര്‍ഡിനേറ്റര്‍ രഞ്ജു പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. ഡോ. ഷൈല ജോസഫ് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. ഫാം സുപ്രണ്ടുമാരായ ആര്‍. സതീശന്‍, വി.ജെ. രാജ്‌മോഹന്‍ എന്നിവര്‍ പ്രസംഗിച്ചു.

പരിശീലനം പൂര്‍ത്തിയാക്കിയ 40 അംഗ ഹരിതസേന യൂണിറ്റ് രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കും. ഹരിതസേനയുടെ അംഗബലം വര്‍ദ്ധിക്കുന്നതനുസരിച്ച് ഓരോ പഞ്ചായത്തിലും യൂണിറ്റ് രൂപവത്ക്കരിക്കാനാണ് ലക്ഷ്യമിടുന്നത്.
01 Apr 2012 Mathrubhumi Alappuzha News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക