.

.

Friday, April 13, 2012

കാഴ്ച വിരുന്നൊരുക്കി രാജമല

വരയാടുകളുടെ പ്രജനനകാലം കണക്കിലെടുത്ത് അടച്ചിട്ട ഇരവികുളം ദേശീയ ഉദ്യാനത്തിലെ രാജമല, സന്ദര്‍ശകര്‍ക്കായി തുറന്നപ്പോള്‍ സഞ്ചാരികളെ വരവേറ്റത് പാറക്കെട്ടുകളിലും പുല്‍മേടുകളിലും തുള്ളിച്ചാടി നടക്കുന്ന വരയാടിന്‍ കുട്ടികള്‍. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളാണ് വരയാടുകളുടെ പ്രജനനകാലം. കാട്ടുമൃഗങ്ങളുടെ ആക്രമണത്തില്‍നിന്നും രക്ഷനേടാന്‍ കിഴ്ക്കാന്തൂക്കായ പാറക്കെട്ടുകള്‍ക്കിടയിലും പുല്‍മേടുകളിലുമാണ് ഇവ പ്രസവിക്കുന്നത്.

70 കുട്ടികള്‍ ഈ സീസണില്‍ രാജമലയില്‍ പിറന്നതായാണ് ഏകദേശ കണക്ക്. ഒരു സീസണില്‍ ആകെയുണ്ടാകുന്ന കുഞ്ഞുങ്ങളില്‍ 40 ശതമാനം മാത്രമേ വളര്‍ന്നുവലുതാവുന്നുള്ളു. ശേഷിക്കുന്നവ പ്രതികൂല കാലാവസ്ഥയും വന്യമൃഗങ്ങളുടെ ആക്രമണവുംമൂലം ചത്തൊടുങ്ങും. 15 മുതല്‍ 20 വര്‍ഷം വരെയാണ് വരയാടുകളുടെ ആയുര്‍ദൈര്‍ഘ്യം. പ്രായപൂര്‍ത്തിയായ ആരോഗ്യമുള്ള ആടിന് 150 കിലോ തൂക്കം വരും. ലോകത്ത് ആകെയുള്ള വരയാടുകളില്‍ പകുതിയും ഇരവികുളം ദേശീയ ഉദ്യാനത്തിലാണെന്നാണു കണക്ക്.

ന്യൂയോര്‍ക്ക് സുവോളജിക്കല്‍ സൊസൈറ്റി ഡയറക്ടര്‍ ജോര്‍ജ് വി. ഷാലറാണ് ഇരവികുളത്ത്് വരയാടുകളെക്കുറിച്ച് ആദ്യമായി പഠനംനടത്തി എണ്ണം തിട്ടപ്പെടുത്തിയത്. 1969 ല്‍ നടത്തിയ ഈ സര്‍വേയില്‍ 500 ആടുകളെയാണ് കണ്ടെത്തിയത്. 1978 ല്‍ പരിസ്ഥിതി പ്രവര്‍ത്തകനായ ഇ.ആര്‍.സി. ദേവ്ദര്‍ നടത്തിയ കണക്കെടുപ്പില്‍ 550 ഉം, 1980 ല്‍ യുഎസ് പരിസ്ഥിതി പ്രവര്‍ത്തകന്‍ ക്ളിഫോര്‍ഡൈസിന്റെ നിരീക്ഷണത്തില്‍ 580 ഉം 1981ല്‍ അദ്ദേഹത്തിന്റെ തന്നെ കണക്കെടുപ്പില്‍ 614 ആടുകളെയുമാണു കണ്ടെത്തിയത്.

1996 മുതലാണു വനംവകുപ്പ് വരയാടുകളുടെ കണക്കെടുപ്പ് ആരംഭിച്ചത്. ഓരോവര്‍ഷത്തെയും കണക്കെടുപ്പില്‍ എണ്ണത്തില്‍ നേരിയ ഏറ്റക്കുറച്ചിലുകള്‍ മാത്രമാണു കാണപ്പെടുന്നത് എന്നത് വംശനാശഭീഷണി നേരിടുന്നില്ലെന്നതിനു തെളിവാണ്. ഇവയുടെ സംരക്ഷണം ലക്ഷ്യമിട്ട് 1975 ല്‍ സ്ഥാപിച്ച 90 സ്ക്വയര്‍ കിലോമീറ്റര്‍ വിസ്തൃതിയുള്ള ഇരവികുളം ദേശീയ ഉദ്യാനത്തില്‍ വരയാടുകള്‍ക്ക് കര്‍ശന സംരക്ഷണമാണ് വനം വകുപ്പ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ManoramaOnline >> Environment >> News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക