.

.

Monday, April 30, 2012

സോളാര്‍ സിറ്റിയാവാന്‍ കൊച്ചി

കൊച്ചി: കൊച്ചി നഗരത്തെ 'സോളാര്‍സിറ്റി'യാക്കുന്ന പദ്ധതിയുടെ പ്രാരംഭ ജോലികള്‍ തുടങ്ങി. ഊര്‍ജ്ജ ആവശ്യങ്ങള്‍ക്ക് സൂര്യപ്രകാശം ഉപയോഗിക്കുകയും, ചെലവ് ഗണ്യമായി കുറയ്ക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.

കൊച്ചി, കോഴിക്കോട് നഗരങ്ങളെയാണ് പരീക്ഷണാര്‍ത്ഥം സോളാര്‍ സിറ്റി പദ്ധതിക്കായി കേന്ദ്ര സര്‍ക്കാര്‍ തിരഞ്ഞെടുത്തിട്ടുള്ളത്.

കൊച്ചിയില്‍ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും നഗരസഭാ ഓഫീസുകളിലും സൗരോര്‍ജ്ജം ഉപയോഗിച്ച് വിളക്കുകള്‍ തെളിക്കുവാനാണ് ആദ്യഘട്ടത്തില്‍ പദ്ധതി ഇടുന്നത്.

തെരുവുവിളക്കുകള്‍ തെളിക്കുന്നതിന് പൂര്‍ണമായും സൗരോര്‍ജ്ജം ഉപയോഗപ്പെടുത്തും.

പ്രതിവര്‍ഷം മൂന്നുകോടി രൂപയാണ് തെരുവു വിളക്കുകള്‍ കത്തിക്കുന്നതിന് മാത്രം നഗരസഭ ചെലവഴിക്കുന്നത്. തെരുവു വിളക്കുകള്‍ തെളിക്കുന്നതിനായി കുറഞ്ഞ നിരക്കിലാണ് വൈദ്യുതിബോര്‍ഡ് വൈദ്യുതി നല്‍കുന്നത്. ഇതുവഴി വന്‍ നഷ്ടം വൈദ്യുതി ബോര്‍ഡിന് ഉണ്ടാകുന്നുമുണ്ട്.

നഗരത്തില്‍ സൗരോര്‍ജ്ജവിളക്കുകള്‍ സ്ഥാപിച്ചാല്‍ ലക്ഷക്കണക്കിനു രൂപ വൈദ്യുതി ബോര്‍ഡിനും ലാഭിക്കാം. മാത്രമല്ല, വൈദ്യുതി ഉപഭോഗം വന്‍തോതില്‍ കുറയുന്നത് സംസ്ഥാനത്തിനു മൊത്തത്തില്‍ നേട്ടവുമാകും.

ഏറ്റവും അധുനികമായ സൗരോര്‍ജ്ജ സ്വീകരണ സംവിധാനം കൊച്ചിയില്‍ ഒരുക്കാനാണ് നഗരസഭാധികൃതര്‍ ആലോചിക്കുന്നത്. കുറഞ്ഞ ചെലവില്‍, കൂടുതല്‍ മികച്ച സംവിധാനം ഒരുക്കുന്നതിനുള്ള വിശദമായ പ്രോജക്ട് തയ്യാറാക്കുവാന്‍ 'അനര്‍ട്ടി'നെ ചുമതലപ്പെടുത്തി.

തെരുവുകളില്‍ സൗരവിളക്കുകള്‍ സ്ഥാപിക്കുമ്പോള്‍ തന്നെ സാമ്പത്തികമായി നേട്ടമുണ്ടാകും. അതോടൊപ്പം ആദ്യഘട്ടത്തില്‍ നഗരസഭയുടെ ഓഫീസുകളിലും സൗരോര്‍ജ്ജ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും.നഗരവാസികള്‍ക്കെല്ലാം കേന്ദ്ര പദ്ധതിയുടെ പ്രയോജനം ലഭ്യമാക്കുന്ന വിധത്തിലാണ് രണ്ടാംഘട്ടം നടപ്പിലാക്കുക. എല്ലാ വീടുകളിലും സൗരോര്‍ജ്ജ സംവിധാനം ഏര്‍പ്പെടുത്തുകയാണ് രണ്ടാം ഘട്ടത്തില്‍ ലക്ഷ്യമിടുന്നത്.

വീടുകളില്‍ വിളക്കുകള്‍ തെളിക്കുക മാത്രമല്ല, പാചകവും സൗരോര്‍ജ്ജ സഹായത്തോടെ നടത്താം. സബ്‌സിഡി നല്‍കി ഈ പദ്ധതിയുടെ പ്രയോജനം എല്ലാ കുടുംബങ്ങള്‍ക്കും ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് മേയര്‍ ടോണി ചമ്മണി പറഞ്ഞു.

നഗരത്തിലെ വന്‍കിട ഹോട്ടലുകള്‍ ഇപ്പോള്‍ തന്നെ സൗരോര്‍ജ്ജം വേണ്ടവിധത്തില്‍ പ്രയോജനപ്പെടുത്തുന്നുണ്ട്. ചെറുകിട ഹോട്ടലുകളേയും മറ്റു സ്വകാര്യ സ്ഥാപനങ്ങളെയും ആസ്​പത്രികളെയും പുതിയ പദ്ധതിയിലേക്ക് ആകര്‍ഷിക്കുന്ന വിധത്തില്‍ പ്രോജക്ട് തയ്യാറാക്കുമെന്ന് നഗരാസൂത്രണ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. ജെ. സോഹന്‍ പറഞ്ഞു. 

അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ഒന്നാം ഘട്ടം പദ്ധതി പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഊര്‍ജ്ജസംരക്ഷണത്തിനായി പുതിയൊരു രീതിയിലേക്ക് ജനങ്ങളെ കൈപിടിച്ചുകൊണ്ടു പോകാനും ഊര്‍ജ്ജചെലവുകള്‍ വന്‍തോതില്‍ കുറയ്ക്കാനുമാണ് നഗരസഭ ലക്ഷ്യമിടുന്നത്.സമൃദ്ധമായി ലഭിക്കുന്ന സൂര്യപ്രകാശം ഫലപ്രദമായി ഉപയോഗിക്കുക വഴി വൈദ്യുതി ഉപഭോഗം വന്‍തോതില്‍ വെട്ടിക്കുറയ്ക്കാം.

ഇത്തരത്തിലൊരു മാതൃകാനഗരമായി കൊച്ചിയെ മാറ്റാനാണ് ശ്രമിക്കുന്നതെന്നും കെ.ജെ.സോഹന്‍ പറഞ്ഞു.



30 Apr 2012 Mathrubhumi Eranamkulam News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക